2010, ജൂൺ 13, ഞായറാഴ്‌ച

വീണ്ടും ഓർമ്മകളുടെ നടപ്പാതകളിലൂടെ അലക്ഷ്യമായ നടത്തം...അവിടെ ആ പഴയ ഓടിട്ട വീടില്ല...പകരം മറ്റൊരു വലിയ മണിമാളിക ഉയർന്നിരിക്കുന്നു..മറ്റുള്ളവരുടെ തകർന്നടിഞ്ഞ സ്വപനങ്ങൾക്കു മീതെ പണത്തിന്റേയും കയ്യൂക്കിന്റേയും പിൻബലത്തിൽ ഹുങ്കിന്റെ മണിമാളികൾ പടുത്തുയർത്തുന്ന പുതിയ സമൂഹം...ആ മണിമാളികൾ തച്ചുടക്കുന്ന പുതിയ തലമുറ ഉയർന്നു വരേണ്ടിയിരിക്കുന്നു..ആ ഒരു തലമുറയുടെ ഉയിർത്തെഴുന്നേൽപ്പിനു വേണ്ടിയാണു ഞാൻ കാത്തിരിക്കുന്നതു....
അതേ, എന്റെ തകർന്നടിഞ്ഞ സ്വപ്നങ്ങളുടെ മുകളിലാണു നീയിന്നു പടുത്തുയർത്ത മണിമാളിക നിൽക്കുന്നതു.....അതു തകർന്നു വീഴാൻ അധിക സമയം വേണ്ടാ...എന്റെ ജീവിതം വെട്ടിമുറിച്ചാണു നീ ആ മണിമാളികയ്ക്കു അസ്ഥിവാരം തീർത്തിരിക്കുന്നതു...

2010 മെയ്‌ 31

സ്മൃതികളുടെ ഇടനാഴികളിലൂടെ വീണ്ടുമൊരു യാത്ര....ഓർമ്മകൾ 10 വർഷങ്ങൾക്കുമപ്പുറം കൃത്യമായിപറയുകയാണെങ്കിൽ 15 വർഷങ്ങൾക്കു മുമ്പു ഇതെ ദിവസം 1995 മെയ്‌ 31............നാളെ ജൂൺ 1 വീണ്ടുമൊരു അദ്ധ്യയന വർഷാരംഭം ഒരുപാടു പ്രതീക്ഷകളുടെ തുടക്കം......പുതുമകളൂടെ തുടക്കം...തോൽ വികളുടെ അഥവാ പരാജയങ്ങളുടെ, വിജയത്തിന്റെ പടികൾ കടന്നു വീണ്ടുമൊരു പുതുവർഷാരംഭം..
ഞാനിപ്പോഴും അദ്ഭുതപ്പെടുകയാണു...ഒരു കവിക്കു തന്നിലെ കവിത്വം ഉപേക്ഷിക്കാനാവുമോ? ഒരു കാഥികന്റെ മനസ്സിൽ കഥ മരിക്കുമൊ? എങ്ങിനെയാണു, അശ്വതി നിനക്കിങ്ങനെ മൗനത്തിന്റെ പുറം തോടിനുള്ളിലേക്കു ഉൾവലിയാൻ കഴിയുന്നതു...അന്നു കമ്പസ്സിൽ ഞാൻ പരിചയപ്പെട്ട കവികളാരും തന്നെ ഇന്നു എഴുതുന്നവരായിട്ടില്ല........ഇവർക്കൊക്കെ എന്താണു പറ്റിയതു..എന്തുകൊണ്ടാണു ഇവരൊക്കെ എഴുത്തു നിർത്തിയതു..?
എന്നെ എഴുത്തിലേക്കു നയിച്ച എഴുതാൻ പ്രോത്സാഹിപ്പിച്ച അഥവാ ഞാൻ ഏറെ ആരാധിച്ചിരുന്ന എന്റെ പ്രിയപ്പെട്ട എഴുത്തുകാരി, നീയിന്നു എവിടെയാണു ?
ഏതെങ്കിലും അടുക്കളയിൽ പാത്രം കഴുകി വീടും മുറ്റവും തൂത്തുവാരി..നീ നിന്റെ ജീവിതം തള്ളി നീക്കുന്നുവോ...അതോ എതെങ്കിലും ട്രാവൽ ഏജൻസിയിൽ ജോലി നോക്കി തിരക്കു പിടിച്ച ഒരു നാഗരിക ജീവിതം സ്വന്തമാക്കിയൊ?
നിനക്കു പ്രിയപ്പെട്ട ടാഗോറിന്റെ "ഗീതാഞ്ജലി" യിലെ ചില ശ്ലോകങ്ങൾ ഞാൻ എന്റേതായ ഭാഷയിൽ വിവർത്തനം ചെയ്തതു നീ വായിച്ചിരുന്നുവൊ? എന്താണു നിന്റെ അഭിപ്രായം? "ചവറു" എന്നായിരിക്കും നിനക്കു പറയാനുണ്ടാവുക..എനിക്കറിയാം സ്‌ നേഹം കൂടുമ്പോഴൊക്കെ നീയങ്ങിനെയാണു എന്നെ കുറ്റപ്പെടുത്തികൊണ്ടേയിരിക്കും..അല്ലെങ്കിൽ പരിഹസിക്കും..അല്ലെങ്കിൽ സുകുമാർ അഴിക്കോടിനെപ്പോലെ ചില മണ്ഡന വിമർശ്ശനം.......