2014, ഡിസംബർ 31, ബുധനാഴ്‌ച



കളങ്ങളിൽ കാലത്തിന്റെ കരുനീക്കം.....
അക്കങ്ങൾ കറുപ്പും ചുവപ്പും
കരുക്കളായ് മുന്നിൽ.....
ഇതാ, ഒരു പുതുവർഷം കൂടി....
ചരിത്രത്തിന്റെ ബാക്കി പത്രമായ്
കുറേ ചുവന്ന പൊട്ടുകൾ....
മഹദ് വ്യെക്തികളുടെ ജനനവും, മരണവും,
ഉത്സവങ്ങൾ, ആഘോഷങ്ങൾ...
ജാതി, മതങ്ങൾക്കു വീതം വെച്ച്!
നാളെ, ചരിത്രത്തിലേക്കു
വലിച്ചെറിയപ്പെടാൻ വിധിക്കപ്പെട്ട
കുറെ കറുത്ത സ്വപ്നങ്ങൾ.....
ഹർത്താലുകൾ, ബന്ദുകൾ,
51 വെട്ടുകൾ, കൊലവിളികൾ,
പോർവിളികൾ, തെരുവുകളിൽ
പിച്ചിയെറിയുന്ന സ്ത്രീത്വം,
നിന്നും ഇരുന്നും കുടിൽ കെട്ടിയും തീരുന്ന
കറുത്ത കുറേ ജന്മങ്ങൾ.....
പ്രതീക്ഷകൾ വിഫലമെന്നാകിലും
വെറുതെ, ഭംഗി വാക്കായ്
ഈയുള്ളവനും ചൊരിയുന്നു,
പുതുവർഷാശംസകളിതേവർക്കും.....
                               -സ്മൃതിപഥം
                              https://www.smruthipatham.blogspot.com

2014, ജൂൺ 24, ചൊവ്വാഴ്ച

ഇനി രണ്ടു വിഭാഗം മാത്രമെ ഉണ്ടാവൂ.....വേട്ടക്കാരും ഇരകളും....... കൊള്ളക്കാരും ഇരകളും....ഇതിൽ നിങ്ങൾ ആരുടെ കൂടെയാണു എന്നതാണു ചോദ്യം.......
കൊള്ളക്കാരുടെ/വേട്ടക്കാരുടെ കൂടെയൊ ഇരകളുടെ ഒപ്പമൊ? സിവിൾ സർവ്വീസിലെ ഇപ്പൊഴത്തെ ചോദ്യവും അതു തന്നെ....
കൊള്ളക്കാരുടെ/വേട്ടക്കാരുടെ കൂടെ നില്ക്കണോ അതോ സാധാരണക്കാരായ പാവം ജനത്തിന്റെ ഒപ്പം നില്ക്കണോ?
കൊള്ളക്കാരുടെ/വേട്ടക്കാരുടെ കൂടെ കൂടിയാൽ കൊള്ളമുതലിന്റെ വിഹിതം പറ്റാം......സാധാരണക്കാരന്റെ/ഇരയുടെ ഒപ്പം ചേർന്നാൽ ഒരു ഗുഡ് സർവീസ് എൻ ട്രി പോലും കിട്ടില്ല......

രോഗം

പണ്ട് റസ്സൽ പറഞ്ഞു,
മതം ഒരു രോഗമാണെന്ന്.
ഇന്നു എന്നിലെ സഹൃദയൻ തിരിച്ചറിയുന്നു...
കവിതയും ഒരു രോഗമാണെന്ന്.
തലമുറകളിൽ നിന്നും തലമുറകളിലേക്കു
പകരുന്ന ഒരു ജനിതക ജന്യ രോഗം!
തുഞ്ചനിൽ നിന്ന് കുഞ്ചനിലേക്ക്,
‘ജി’യിൽ നിന്ന് ‘പി’യിലേക്ക്,
വയലാറിൽ നിന്നു കടമ്മനിട്ടയിലേക്ക്,
ഉള്ളൂരിൽ നിന്നു മൂലൂരിലേക്ക്
രോഗം പടർന്നു കൊണ്ടേയിരുന്നു...
ഈ രോഗത്തിനു
പ്രത്യക്ഷത്തിൽ പ്രകടമായ ലക്ഷണമേയില്ല..
സച്ചിദാനന്ദനു ‘പനി’യിലായിരുന്നു തുടക്കം,
കെ.ജി.എസ്സിനു ‘കഷണ്ടി’യിലും,
ഒ.എൻ.വി. യെ
ഉജ്ജയിനിയിലേക്കു നടത്തിയതും,
ചുള്ളിക്കാടിനെ
മാനസാന്തരപെടുത്തിയതും
ഇതേ രോഗം തന്നെ.
ഒരു പക്ഷേ,
അവരിൽ നിന്നാവാം ഞെങ്ങളിലേക്ക്,
പുതു തലമുറയിലേക്കുള്ള
ഈ രോഗത്തിന്റെ പകർച്ച.
********
പണം
മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാണു പണം....അണുബോംബ് കണ്ടുപിടുത്തം പൊലെ തന്നെ മനുഷ്യന്റെ സർവ്വ നാശത്തിനു കാരണമാകുന്ന ഒന്നാണു പണം. അണുശക്തി ഉപയോഗിച്ച് വൈദ്യുതിയുണ്ടാക്കാം, അതു വഴി വികസനം നേടാം..അതേപോലെ തന്നെ അപകടകാരിയുമാണു അണുശക്തി പരീക്ഷണങ്ങളും...
പണവും അതു പോലെതന്നെയാണു. വളരെ പ്രയോജനമുണ്ടാവുമെന്നു കരുതി മനുഷ്യൻ കറൻസി കണ്ടു പിടിച്ചു...എന്നാൽ ഇപ്പോൾ യദാർത്ഥ നോട്ടുകളും
കള്ളനോട്ടുകളും ഒരു പോലെ വിപണനം ചെയ്യപെടുന്നു...കറൻസിക്കും വിലയില്ലാതാവുന്ന അവസ്ത്ഥയും വിദൂരമല്ല...
പണത്തിന്റെ കുറവു പോലെ തന്നെ ചിലപ്പോൾ പണം കൂടുന്നതുമ്മനുഷ്യനു ദോഷം വരുത്താറുണ്ട്.
ചില പാവങ്ങൾ വിചാരിക്കും കാശുണ്ടെങ്കിൽ എല്ലാമായെന്നു...പിന്നെ അന്നു മുതൽ അവന്റെ പരിശ്രമം മുഴുവൻ പണമുണ്ടാനായിരിക്കും...പണമുണ്ടാക്കാനുള്ള തത്രപ്പാടിൽ അയാൾ എല്ലാം മറക്കും...പഴയ സൗഹൃദങ്ങൾ, ബന്ധങ്ങൾ, കടപ്പാടുകൾ....എല്ലാം...പണം വാരിക്കൂട്ടാനുള്ള തിരക്കിനിടയിൽ അവൻ തന്റെ ആദർശങ്ങൾ, തത്വസംഹിതകൾ എല്ലാം ബലികഴിക്കും....ചിലപ്പോൾ മുതിർന്നവരെ അവരുടെ വാക്കുകൾ എല്ലാം മറക്കും...
ഒടുവിൽ, ഒരുപാട് പണമൊക്കെ സമ്പാദിച്ചു കഴിയുമ്പോഴേക്കും അവൻ സമൂഹത്തിൽ ഒറ്റപ്പെട്ടുകാണും, കാരണം, അവൻ എല്ലാവരേക്കാളും മുകളിലായിരിക്കും...
പിന്നീട്, അന്നു മുതൽ അവനു മനസ്സമാധാനം എന്നൊന്നു കണി കണാനും കൂടി പറ്റില്ല...ഈ കാശ് മുഴുവൻ ആരെങ്കിലും തട്ടിപ്പറിക്കുമോ എന്നുള്ള വേവലാതി കൊണ്ട് ഉറക്കവും നഷ്ടപ്പെടും...
അവസാനം അവൻ തിരിച്ചറിയും, പണം ഒന്നിനുമൊരു പരിഹാരമല്ലെന്നു....പണമുണ്ടായിട്ടും ഒന്നും നേടാനാവാതെ, ഒന്നുമാവാതെ അവൻ അലയും... ഒടുക്കം, ആരെങ്കിലും അവനെ പറ്റിച്ച് ആ പണവുമായി കടന്നു കളയും...അവൻ പഴയതു പോലെ വീണ്ടും ഒരു പാവം മനുഷ്യൻ!
അവന്റെ കണ്ടുപിടുത്തം അവന്റെ തന്നെ ഉറക്കം നഷ്ടപെടുത്തുന്നു.......
പ്രിയപ്പെട്ട അശ്വതിക്ക്,
നീയിപ്പോൾ ഒന്നും എഴുതാറില്ലേ ? വായനയും എഴുത്തുമൊക്കെ നിർത്തിയോ ...അതോ, മറ്റുള്ളവരെ പോലെ നീയും ഓടുകയാണോ ജീവിതത്തിനു പുറകെ....
എല്ലാവരും ധൃതിയിൽ ഓടുകയാണ് ജീവിതത്തിനു പിന്നാലേ ...ജീവിതത്തിനു വേഗത കൂടുമ്പോൾ അവർ തങ്ങളുടെ ഓട്ടത്തിനും വേഗത കൂട്ടുന്നു...ലിമിറ്റഡ് സ്റ്റോപ്പുകളിൽ ഫാസ്റ്റ് പാസ്സഞ്ചർ ബസ്സിനു പുറകെ ഓടുന്ന യാത്രക്കാരെ പോലെയാണ് ഇവിടുത്തെ മദ്ധ്യ വർഗ സമൂഹം ...എത്ര വേഗത്തിലോടിയിട്ടും ഫിനിഷിംഗ് പോയന്റിൽ എത്താനാവാതെ വേവലാതി കൊള്ളുകയാണ് എല്ലാവരും...
ട്രാക്കിൽ വീണു പോയ സഹയാത്രികരെ ശ്രദ്ധിക്കാനോ അവരോടു അനുതാപം പ്രകടിപ്പിക്കാനോ ആര്ക്കും നേരമില്ല ...
ഓരോരുത്തരും പരസ്പരം മത്സരിക്കുന്നു ...വിജയം മാത്രമാണ് അവരുടെ ലക്‌ഷ്യം...
ഈ ബഹളങ്ങളിലോ മത്സരങ്ങളിലോ ഒന്നും പങ്കാളിയാവാതെ ട്രാക്കിന് പുറത്തു കൂടെ സാവധാനം നടന്നു നീങ്ങുന്നവരെ കാണുമ്പൊൾ അവർക്ക് പുച്ഛമാണ് ....ഛെ! ജീവിക്കാനറിയാത്തവൻ .....
ജീവിതത്തിന്റെ അർത്ഥവും വ്യാപ്തിയും അത്രയ്ക്കും വ്യെത്യസപ്പെട്ടുപോയിരിക്കുന്നു.....!

പ്രിയപ്പെട്ട അശ്വതിക്ക്,
നീ മരണത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?.....ഉണ്ടാവും, ജീവിതത്തിൽ മരണത്തെ കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലാത്തവരായി ആരുണ്ട്?
എനിക്കിപ്പോൾ മരണത്തെ കുറിച്ച് ചിന്തിക്കാൻ അതിനെ പറ്റി എഴുതാൻ യാതൊരു പേടിയും ഇല്ല....കാരണമെന്തെന്നോ...
മരണം എന്നു പറഞ്ഞാൽ എങ്ങനെയായിരിക്കുമെന്നു എനിക്കിപ്പോൾ നല്ല നിശ്ചയമുണ്ട്..ഒരിക്കലും ഉണരാത്ത ഉറക്കം..
ഇന്നിപ്പോൾ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ചിന്തിക്കും...നാളെ രാവിലെ 6 മണിക്കു ഉണരണം, നാളെ ഫോൺ ബില്ല് അടക്കണം, ബാങ്കിൽ പോവണം...ഒരു നൂറു കൂട്ടം പ്രതീക്ഷകളോടേ നം ഉറങ്ങുന്നു. രാവിലെ ഉണരുകയും ചെയ്യുന്നു....
എന്നാൽ, മരണം എന്നു പറഞ്ഞാൽ നാളെയെകുറിച്ചുള്ള പ്രതീക്ഷകളോ കണക്കു കൂട്ടലുകളോ ഒന്നുമില്ലാതെയുള്ള ഉറങ്ങാൻ കിടക്കലാണു...ഒരിക്കലും ഉണരാൻ വേണ്ടിയല്ലാതെയുള്ള ആ കിടത്തത്തിൽ നാളെയേകുറിച്ചുള്ള പ്രതീക്ഷകൾക്ക് സ്ഥാനമില്ല..
എന്നാൽ, ചിലർ പുനർ ജന്മം എന്ന ചില സങ്കല്പങ്ങളൊക്കെ വെച്ചു പുലർത്തുന്നുണ്ട്...അടുത്ത ജന്മത്തിലെങ്കിലും എനിക്കു അങ്ങനെയാവണം ഇങ്ങനെയാവണം എന്നൊക്കെയുള്ള പ്രത്യാശകൾ..
അശ്വതിക്ക് അങ്ങനെ വല്ല ആഗ്രഹങ്ങളുമുണ്ടോ?
ഉണ്ടെങ്കിൽ, അടുത്ത ജന്മത്തിൽ ആരാവണമെന്നാണാഗ്രഹം?
ഇപ്പോൾ എന്റെ പ്രധാന വിനോദം ഉറക്കമാണു, പകൽ സമയങ്ങളിൽ മണിക്കൂറുകളോളം ഉറങ്ങും...ഇടയ്ക്കു, അപ്രതീക്ഷിതമായി ഫോൺ ബെല്ല് മുഴങ്ങുമ്പോൾ ഞെട്ടിയുണരും..
ഏകാന്തതയെ വിട്ട് ഞാനിപ്പോൾ ഉറക്കവുമായി പ്രണയത്തിലായിരിക്കുന്നു....
രാത്രികളിൽ ഉറങ്ങാതെയിരിക്കാനാണു എനിക്കിഷ്ടം...എന്നിട്ട് പകൽ സമയങ്ങളിൽ ഉറങ്ങുക..പണ്ടുള്ളവർ പരയും, പകൽ സമയങ്ങളിലാണു ഉറങ്ങുമ്പോൾ വേണ്ടാത്ത സ്വപ്നങ്ങൾ കാണുകയെന്നു..എന്നാൽ എനിക്കു നേരെ തിരിച്ചാണു, പകൽ സമയങ്ങളിൽ യാതൊരു പേടിയുമില്ലാതെ മനോഹരമായ സ്വപ്നങ്ങൾ കണ്ട് എത്ര വേണമെങ്കിലും ഉറങ്ങാൻ കഴിയും.
എന്നാൽ രാത്രിയാണെങ്കിൽ ഉറങ്ങുമ്പോൾ പേടിയാണു..കള്ളൻ കയറൂമോ, ഭൂകമ്പമുണ്ടാകുമോ....എല്ലാം രാത്രിയാണല്ലൊ അധികവും സംഭവിക്കുന്നതു..മാത്രവുമല്ല, രാത്രി ഉറങ്ങുമ്പോൾ ഭീകരമായ സ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുന്നു...അതുകൊണ്ടൊക്കെത്തന്നെ രാത്രികാലങ്ങളിൽ അധികസമയവും ഉറക്കമിളച്ച് കിടക്കാനാണു ഞാനിഷ്ടപെടുന്നതു..എന്നിട്ട് ആ ഉറക്കം കൂടി പകൽ സമയങ്ങളിൽ ഉറങ്ങിത്തീർക്കുക...
ഉറക്കത്തെ ഞാൻ മെല്ലെ മെല്ലെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു..ഉറക്കത്തിൽ നാം ഒന്നും ഓർക്കുന്നില്ല.. എല്ലാം മറക്കാൻ, എല്ലാ ടെൻഷനുകളീൽ നിന്നും വിടുതൽ നേടാൻ ഉറങ്ങുക.. ആ ഉറക്കത്തിൽ സുന്ദരമായ സ്വപ്നങ്ങൾ എനിക്കു കൂട്ടിനു വരുന്നു...പക്ഷേ, ഇടയ്ക്കു അപ്രതീക്ഷിതമായി കടന്നു വരുന്ന വിളികൾ, ഫോൺ ബെല്ലുകൾ, പോസ്റ്റ് മേൻ.....ഇവരൊക്കെ ആ ഉറക്കത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ സ്വപനങ്ങളെ ശിഥിലമാക്കികളയുന്നു..
ഉറക്കം ഇഷ്ടപ്പെടുന്ന എനിക്കു മരണത്തെ, ഒരിക്കലും ഉണരാത്ത ഉറക്കത്തെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല...ചിലപ്പോഴെങ്കിലും ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ ആഗ്രഹിച്ചുപോയിട്ടുണ്ട്, ഇനിയൊരിക്കലും ഉണരാതിരുന്നെങ്കിലെന്നു!
അതു കൊണ്ടുതന്നെ, മരണത്തെ എനിക്കു യാതൊരു പേടിയുമില്ല..നല്ല നല്ല സ്വപ്നങ്ങൾ....ഒരിക്കലും അവസാനിക്കാത്ത സ്വപ്നങ്ങൾ...ആ സ്വപ്നങ്ങളിൽ നീയും ഞാനും, നാം ഇഷ്ടപ്പെടുന്ന നമ്മെ ഇഷ്ടപ്പെടുന്ന നമ്മുടെ ചുരുക്കം ചില കൂട്ടുകാർ, പരിചയക്കാർ...ആ സ്വപ്ന ലോകത്ത് വിലക്കുകളില്ല, സമൂഹമില്ല...ബന്ധനങ്ങളില്ല...ഒരിക്കലും അവസാനിക്കാത്ത ഒരു സിനിമ പോലെയുള്ള ആ സ്വപ്നങ്ങളിൽ നീയെനിക്കു കൂട്ടിനുണ്ടെങ്കിൽ മരണത്തെ, ഒരിക്കലും ഉണരാത്ത ഉറക്കത്തെ ഞാനെന്തിനു ഭയക്കണം, ഇല്ലെ അശ്വതി?

2014, മേയ് 2, വെള്ളിയാഴ്‌ച

നാളെ മെയ്‌ 4 ...ഇരുട്ട് നിലാവിനെ വിഴുങ്ങിയ ആ രാത്രിയിൽ, തെരുവ് വിളക്കുകൾ ഇരുട്ട്  പ്രകാശിപ്പിച്ച ആ രാത്രിയിൽ....വിജനമായ ഒരു പാതയോരത്ത്  സത്യത്തെ വെട്ടി മുറിച്ച് നാട് കടത്തിയിട്ട് നാളേക്ക് രണ്ടു വർഷങ്ങൾ....
വഴിവക്കിൽ വെച്ച് ഗൃഹപ്രവേശം ക്ഷണിക്കുന്ന സുഹൃത്തിനെ പോലും അവിശ്വസിക്കാൻ പഠിച്ച രണ്ടു വർഷങ്ങൾ ...
മനുഷ്യത്വം, മാനവികത എന്നിവ പ്രസംഗത്തിലും എഴുത്തിലും മാത്രം മതിയെന്ന് പഠിപ്പിച്ച സാഹിത്യ, സാംസ്‌കാരിക .നായകർ....
എല്ലിൻ  കഷ്ണം വീണു കിട്ടിയ തെരുവ് പട്ടികളെപോലെ ഓരിയിട്ട ചാനൽ ജീവികൾ നമ്മുടെ സ്വീകരണ മുറിയിൽ പോലും അരക്ഷിതത്വത്തിന്റെ വെല്ലുവിളികൾ ഉയർത്തിയിട്ടു രണ്ടു വർഷം കഴിയുന്നു....
പുതിയ നമ്പർ തപ്പിപിടിച് വിളിച്ചു എൻറെ പുതിയ വാസഗൃഹം തേടിയെത്തി തന്റെ ഗൃഹപ്രവേശം ക്ഷണിക്കാൻ വന്ന പ്രിയ സ്നേഹിതൻ  ചോദിച്ചു : " എന്തെ  വടകരയിൽ നിന്നും പെട്ടെന്നു താമസം മാറി ?"
"........തുടർന്നും ഒരു മനുഷ്യനായി ജീവിക്കാൻ, ഒരു മാർക്സിസ്റ്റ്‌ ആയില്ലെങ്കിലും? " പെട്ടെന്ന് വന്ന മറുപടിയിൽ തൃപ്തനാവാത്ത സുഹൃത്തിനോട്‌  പറഞ്ഞു :
"മാനവിക മൂല്യങ്ങൾ മുറുകെ പിടിച്ച് ഇനിയും വടകരയിൽ തുടർന്നാൽ എനിക്കും ചിലപോൾ സ്വയം വെട്ടി മരിക്കണമെന്ന് തോന്നിയാലോ ?
സത്യമാണ് സ്നേഹിതാ, ജീവിതം അത്രയ്ക്കും മടുത്തു തുടങ്ങിയിരിക്കുന്നു ..
ഒരു ആത്മഹത്യയെ പറ്റി ചിന്തിക്കുമ്പോഴൊക്കെ ഒരു വ്യത്യസ്തത എന്ന നിലയിൽ സ്വയം 51 വെട്ടു വെട്ടി മരിച്ചാലോ  ആഗ്രഹികാതെയല്ല ....പണ്ട് ചെറുപ്പത്തിൽ ഓർക്കാടെരി ചന്തയിൽ ചോപ്പൻ കുത്ത് കണ്ടു പേടിച്ചു നിലവിളിച്ച ആ പഴയ കൊച്ചു കുട്ടിയല്ല....സ്വയം വെട്ടി മരിക്കാനുള്ള ധൈര്യമൊക്കെ ഇന്നു എന്റെ പ്രസ്ഥാനം എനിക്ക് നല്കിയിട്ടുണ്ട് .....!"

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

നമ്മുടെ മനസ്സ് ഒരു ബോൾടിംഗ് പേപർ പോലെയാണ് ....അഥവാ ഒരു പരുത്തി കഷണം പോലെ.....പൂർണമായും നനഞ്ഞു കഴിഞ്ഞ പരുത്തി  വളരെ കുറച്ചു മാത്രമേ ഈർപം വലിചെടുക്കൂ ....പരുത്തി എത്ര വരണ്ടിരിക്കുന്നോ അത്രയും അധികം ഈർപ്പം അത് വലിചെടുക്കുന്നു. നമ്മുടെ മനസ്സും അതുപോലെയാണ് . ജീവിതത്തിലെ ദു:ഖങ്ങളും ദുരിതങ്ങളും നമ്മുടെ മനസ്സിൽ ഒരുതരം വീർപ്പുമുട്ടൽ സൃഷ്‌ടിക്കുന്നു ....ഒരു പരുത്തി കഷണം പോലെ നമ്മുടെ മനസ്സ് വരണ്ടുണങ്ങും......നമ്മുടെ മനസ്സിലെ ആർദ്രത മുഴുവൻ കുറേശ്ശെയായി നശിച്ചു കഴിഞ്ഞിരിക്കും. ആ സമയം   കഥയോ കവിതയോ നോവലോ ഒക്കെ വായിക്കുമ്പോൾ ആ കവിതയിലെ നോവലിലെ ചില ഭാഗങ്ങൾ നമ്മുടെ മനസ്സ് വേഗം വലിചെടുക്കുന്നു ....നമ്മുടെ ചിന്തകള് കൂടി അതിലെ വരികളിലും വാക്കുകളിലേക്കും ആവേശിച്ചു കൂടുതൽ അർത്ഥ വ്യാപ്തി ഗ്രഹിചെടുക്കുന്നു....അങ്ങനെ നമ്മുടെ മനസ്സിൽ രൂപപ്പെടുന്ന സ്നേഹത്തിൻറെയും മറ്റു മൃദുല വികാരങ്ങളുടെയും ആർദ്രത നമ്മുടെ പ്രവൃത്തികളിൽ പ്രതിഫലിക്കുന്നു......

2014, ഏപ്രിൽ 20, ഞായറാഴ്‌ച

ചിരഞ്ജീവി

ജനനവും മരണവും
നിനക്കുവേണ്ടിയാണ് , നിനക്കുവേണ്ടി മാത്രം.
ഞാൻ ചിരഞ്ജീവിയലോ!
ഭൂതവും ഭാവിയുമില്ല,
എനിക്കുമുന്നിൽ വർത്തമാനം മാത്രം.
തെറ്റും ശരിയുമില്ല,
എനിക്കുമുന്നിൽ സമസ്യകൾ മാത്രം.
സ്വപ്നങ്ങളും മോഹങ്ങളുമില്ല,
ശേഷിപ്പതോ പ്രതീക്ഷകൾ മാത്രം.
സ്വർഗ്ഗവും നരകവുമില്ല,
ത്രിശങ്കുവിലാണ് എന്റെ നില്പ് .
എനിക്ക് ജയവും തോൽവിയുമില്ല,
സമനിലകളിലാണ്‌ എന്റെ കളികൾ തീരുന്നത്.
സ്വർഗത്തിൽ നരകവും
നരകത്തിൽ സ്വർഗ്ഗവും തീർക്കുന്നവൻ ഞാൻ,
തുണിയുരിഞ്ഞു കാമനൃത്തം ചവിട്ടുന്നവൻ.
അധമരിൽ അധമൻ ഞാൻ,
നികൃഷ്ടരിൽ നികൃഷ്ടൻ.
ക്രൂരൻ, ധീരനും വീരനും ഞാൻ തന്നെ!
പണമെറിഞ്ഞു നിണമൊഴുക്കുമീ ഞാൻ
പകിട പന്ത്രണ്ടും പയറ്റി തെളിഞ്ഞവൻ.
ആരുണ്ടെന്നെയെതിരിടാൻ ?
ചോരതിളപ്പാൽ വരിക യോദ്ധാവേ നീ വരിക
നിനക്കായ്‌ കരുതി വെച്ചു ഞാൻ
കനകത്താൽ തീർത്തൊരാ
മുൾകിരീടവും കുരിശും.

2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

പ്രസ്ഥാനങ്ങൾ
പണ്ട് കാലങ്ങളിൽ മതങ്ങൾ  ചെയ്ത അതെ ഫലമാണ്‌ പിന്നീട് പ്രസ്ഥാനങ്ങളും ചെയ്തത്. അത് ജനങ്ങളെ പരസ്പരം അകറ്റി നിർത്തി. ജനങ്ങളെ ഒന്നിച്ചു നിർതുന്നതിനു പകരം ആശയങ്ങളുടെയും തത്വ സംഹിതകളുടെയും ബലത്തിൽ അവരില വിഭാഗീയത വളര്ത്തി...പരസ്പരം മൽസരൊൽസുകത പകരാൻ മാത്രമേ പ്രസ്ഥാനങ്ങൾക്ക്‌ കഴിഞ്ഞുള്ളു.....മനുഷ്യന്റെ വൈയക്തികങ്ങളായ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാൻ പ്രസ്ഥാനങ്ങൾക്കും കഴിഞ്ഞില്ല....പിന്നെ , പിന്നെ പ്രസ്ഥാനങ്ങളും ജനങ്ങളിൽ നിന്നും അകന്നു തുടങ്ങി....മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു പരിഹരിക്കുന്നതിൽ പ്രസ്ഥാനങ്ങളും പരാജയപെട്ടു. പ്രസ്ഥാനങ്ങൾക്ക്‌ അകത്തു വ്യെക്തികൾക്ക് തങ്ങളുടെ മുഖം നഷ്ടപെടുന്നു. അത് കൊണ്ട് തന്നെയാണ് ഇന്ന് വീണ്ടും മതങ്ങൾ കൂടുതൽ ശക്തമായി തന്നെ നിലനിന്നു വരുന്നത്...ജനങ്ങള് കൂടുതൽ കൂടുതൽ മത വിശ്വാസികളായിത്തുടങ്ങിയിരിക്കുന്നു....
അങ്ങനെ ജനങ്ങളുടെ ഇടയില വേരൂന്നാൻ കഴിയാതെ പോയ പ്രസ്ഥാനങ്ങള പിന്നീടു തങ്ങളുടെ നിലനില്പിന് വേണ്ടി ഇന്നിത മതങ്ങളുടെ കൂടു പിടിക്കാൻ തുടങ്ങിയിരിക്കുന്നു...ചില പ്രസ്ഥാനങ്ങള ജാതികളുടെയോപ്പം ചേരുന്നു.സ്വന്തമായൊരു നിലനിൽപില്ലാത്ത പ്രസ്ഥാനങ്ങൾക്ക് എങ്ങനെ ജനങ്ങൾക്ക്‌ അഭയം നല്കാൻ കഴിയും?
എന്നെപോലുള്ള ചിലരെങ്കിലും അതുകൊണ്ട് തന്നെ മതങ്ങളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നും അകന്നു തുടങ്ങുന്നതും അത് കൊണ്ട് കൂടിയാണ്‌ . മതങ്ങളും പ്രസ്ഥാനങ്ങളും അല്ലാതെ വേറെന്തെങ്കിലും അഭയ കേന്ദ്രമുണ്ടോ മനുഷ്യന് പ്രവര്തിക്കുവാൻ?
ഒരു പകരത്തെ  പറ്റി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു തുടങ്ങിയിരിക്കുന്നു....മതങ്ങള മനുഷ്യന്റെ നന്മയെ കരുതിയിരുന്നു, പ്രസ്ഥാനങ്ങളും അത് പോലെ തന്നെ....
മനുഷ്യന്റെ മൌലികമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ എല്ലാറിനുമുപരി അവന്റെ വികാര വിചാരങ്ങൾ ഉള്കൊല്ലാൻ കഴിയുന്ന മഹത്തായ ആദർശങ്ങളിലും വിമർശനങ്ങളെ കൂടി ഉള്കൊല്ലുകയും ചെയ്യുന്ന ഒരു പുതിയ സംരംഭം തന്നെ ഉയിർതെഴുനെൽക്കെന്ദിയിരിക്കുന്നു....
ആ ഒരു സംരംഭത്തിനു (പ്രസ്ഥാനം എന്നതിനെക്കാളും നല്ല പദം സംരംഭം എന്നതാകുന്നു) ആര് മുന്നിട്ടിറങ്ങും?
അത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങാൻ ഇനിയുമൊരു മഹൻ ജനിക്കുമെന്ന് ആശ്വസിക്കുന്നതിൽ അര്തമില്ല.... യേശുവും, ലിങ്കണും, ഗാന്ധിജിയും ജനിച്ചത്‌ ആരെങ്കിലും കാത്തിരുന്നത് കൊണ്ടോ ആ ഉദ്യമങ്ങൾ അവരുടെ തലയിൽ എഴുതപ്പെട്ടതോ കൊണ്ടായിരുന്നില്ല...
അത് കൊണ്ട് തന്നെ നമ്മിലോരോരുതർക്കുമുണ്ട് അത്തരമൊരു സംരംഭം തുടങ്ങുവാനുള്ള ധാർമ്മികമായ ഉത്തരവാദിത്തം....ആ ഒരു ഉത്തരവാദത്തിൽ നിന്നും ആര്ക്കും ഒഴിയാൻ പറ്റില്ല...
[ പിന്കുറിപ്പ്:- ഇത് ജൂലായ്‌ 2003 ഇൽ എഴുതിയതാണ്.....അന്ന് AAP ഇല്ലായിരുന്നു....!]