2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ജീവിതം ആഘോഷിച്ചു തീർക്കുന്നതു പോലെ സ്വന്തം മരണവും ആഘോഷിക്കാൻ കഴിയുക....അതു വളരെ ചുരുക്കം പേർക്കേ കഴിയു......
ഒരാൾക്കു സ്വയം മരിക്കാൻ നിയമം അനുവദിക്കുന്നില്ല....എങ്കിലും ഏതൊരാൾക്കു സ്വയം നശിക്കാം....പുകവലിച്ച്, ലഹരിയുപയോഗിച്ചു, മദ്യപിച്ചു എങ്ങിനെ വേണമെങ്കിലും നിങ്ങൾക്കു നശിക്കാം.....പക്ഷേ, മരണം.......അതു നിങ്ങൾക്കു സ്വയം സ്വീകരിക്കാൻ...കഴിയില്ലത്രേ....
ഏമിലി ഡിക്കിൻസൺ എഴുതിയതെത്ര ശരിയാണു.....
THE RIGHT to perish might be thought
An undisputed right,
Attempt it, ...........—
You cannot even die,

ഓരോ ദിവസവും കടന്നു പോവുന്നു...പതിവു പോലെതന്നെ, നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ ക്രഡിറ്റായി ചേർക്കപ്പെടാൻ!
മറക്കാൻ ശ്രമിക്കുന്ന ശ്രമിച്ചു കൊണ്ടിരിക്കുന്ന ഓരോ കാര്യവും വീണ്ടും വീണ്ടും മനസ്സിനെ നോവിച്ചു കൊണ്ടിരിക്കുന്നു....
നീ അറിയുന്ന... അറിഞ്ഞിരുന്ന ഈ മനുഷ്യന്റെ സിവിൾ ഡത്ത്‌ എന്നേ കഴിഞ്ഞിരിക്കുന്നു...,ഇനി മരണമെന്ന സ്വാഭാവികമായ ആ ചടങ്ങുമാത്രം...
താമസിയാതെ അതുണ്ടാവും...തൂക്കാൻ വിധിക്കപ്പെട്ട കുറ്റവാളിയെപോലെ ഞാൻ കാത്തിരിക്കുന്നു, ശിക്ഷ നടപ്പാക്കാൻ കാത്തിരിക്കുന്ന ആ ദിവസത്തിനു വേണ്ടി....
മറ്റുള്ളവരുടെ ശകാരം, പരിഹാസം, കുറ്റപെടുത്തൽ കേൾക്കാനും വേണം ഒരു യോഗം....ഞാൻ സമ്മതിക്കുന്നു, എനിക്കു തെറ്റുപറ്റി....ഒരു നല്ല മകനാവാൻ, ഒരു നല്ല ഭർത്താവാകാൻ, സഹോദരനാവാൻ, നിങ്ങളുടെയൊക്കെ ഒരു നല്ല സുഹ്രുത്താവാൻ....ഒരു നല്ല ഉദ്യോഗസ്ഥനാവാൻ...നിങ്ങളുടെയൊക്കെ ഒരു നല്ല സഹ പ്രവർത്തകനാവാൻ...പഠിക്കുന്ന കാലത്ത്‌ ഒരു നല്ല വിദ്യാർത്ഥിയാവാൻ , നല്ല സഹപാഠിയാവാൻ.... അതേ , ഇതൊന്നുമാവാൻ എനിക്കു കഴിഞ്ഞില്ല..,എങ്കിലും ഒരു കാര്യത്തിൽ എനിക്കു സന്തോഷമുണ്ട്‌.....
ആചാരാനുഷ്ഠാനങ്ങളെ അനുസരിക്കാതെ, ജാതിമതവർഗ്ഗചിന്തകളില്ലാതെ രാഷ്ട്രീയക്കാരെ വിലകൽപിക്കാതെ വോട്ടവകാശം പോലും വിനിയോഗിക്കാതെ ട്രഡ്‌ യുണിയനുകളെ അനുസരിക്കാതെ സമൂഹത്തിന്റെ അലിഖിത നിയമങ്ങൾക്കു പുല്ലു വില കൽപ്പിച്ച് ബന്ധുക്കളുടെ നാട്ടുകാരുടെ സഹായമില്ലാതെ സ്നേഹിച്ചവരാൽ ഒറ്റപെടുത്തപെട്ട്‌ വിശ്വസിച്ചവരാൽ ചതിക്കപെട്ട്‌ ഇത്രയും കാലമെങ്കിലും ജീവിച്ചല്ലോ....
ജീവിതം അർത്ഥശൂന്യമായ പദം....ഒരു മനുഷ്യനെ ജീവിക്കാനും മരിക്കാനും സമ്മതിക്കാത്തോരു ലോകമാണിതു....
ഈ ലോകത്തിനു ഭ്രാന്താണു അതിനെ ചങ്ങലയ്ക്കിടു എന്നു കവി പറഞ്ഞതെത്ര ശരിയാണു.....
ആൽബർട്‌ കമ്യുവിന്റെ "നോട്ട്‌ ബുക്സ്‌" പേജ്‌ 65....
ഒരു സംവാദം:
അതിരിക്കട്ടെ, താങ്കൾ ജീവിതത്തിൽ എന്തു ചെയ്യും?
ഞാൻ എണ്ണും...
എന്ത്‌?
ഞാൻ എണ്ണും, ഞാൻ പറയാം, ഒന്ന്, സൂര്യൻ..,.,,,
രണ്ട്‌, ഈ ആകാശം ( ആ എത്ര സുന്ദരം....!)
മൂന്ന്, സ്ത്രീ.....
നാലു, പൂക്കൾ (ഓ, ഞാൻ എത്ര ഭാഗ്യവാൻ......!)
ഇനി ഒരിക്കലും നാം തമ്മിൽ കാണാതിരിക്കട്ടെ....നഗരത്തിന്റെ ആൾക്കൂട്ടങ്ങൾക്കിടയിൽ തനിച്ചു നടക്കുമ്പോൾ എതിരേ നടന്നുവരുന്നതു നീ ആവരുതേ എന്നാണു ഇപ്പോൾ എന്റെ പ്രാർത്ഥന...അത്രയ്ക്കും നിന്നെ ഞാൻ വെറുത്തു തുടങ്ങിയിരിക്കുന്നു....നീ സ്വാർത്ഥയാണു...നേട്ടങ്ങളെ കുറിച്ചു മാത്രമെ നീ ചിന്തിച്ചിരുന്നുള്ളൂ....
ഏഴു വർഷങ്ങൾക്കപ്പുറത്ത്‌ ഒരു നവംബറിന്റെ പുലരിയിൽ എനിക്ക്‌ എന്റെ ജീവിതം നഷ്ടപെടുകയായിരുന്നു....
അച്ഛന്റെ ആകസ്മികമായ മരണം...ആകസ്മികം എന്നു പറയുന്നതിൽ അർത്ഥമില്ല...പാവം അച്ഛൻ...എന്നേ മരണത്തെ കുറിച്ചു ചിന്തിച്ചിരിക്കുന്നു...അച്ഛന്റെ ജീവിതവും നഷ്ടങ്ങളുടേതായിരുന്നു...സ്വന്തം സഹപ്രവർത്തകരിൽ നിന്നുള്ള അവഗണന....ബന്ധുക്കളിൽ നിന്നുള്ള അവഗണന...സ്വസ്ഥതയില്ലാത്ത കുടുംബ ജീവിതം...രോഗങ്ങളോട്‌ ചെറുത്തു നിൽക്കാൻ കെൽപില്ലാതെ തകർന്നുപോയ ആരോഗ്യസ്ഥിതി...മരണത്തെ സ്വയം വരിക്കുകയല്ലാതെ വേറെന്തു മാർഗ്ഗമാണു മുന്നിലുള്ളതു...?
ഭയമെന്ന അവസ്ഥ നാശമാണെങ്കിൽ നിരാശ നാശത്തിന്റെ തുടക്കമാണു......
ഞാൻ ഈ ലോകത്ത്‌ ഏറ്റവുമധികം സ്നേഹിക്കുന്നത്‌ എന്റെ ശത്രുക്കളെയാണു......
നമ്മോട്‌ ഇത്രയധികം കരുതലും ശ്രദ്ധാലുക്കളുമായ അവരോട്‌ ഞാൻ അത്രയധികം കടപ്പെട്ടിരിക്കുന്നു.....
നമ്മുടെ ഓരോ നീക്കങ്ങൾ, പ്രവ്രർത്തികൾ, ചുവടു വെയ്പ്പുകൾ കുറ്റമറ്റരീതിയിൽമുന്നോട്ടു കൊണ്ടുപോവാൻ സഹായകമാവുന്നതു അവരുടെ ആ കരുതലാണു....
ഹോ ഈ ശത്രുക്കളില്ലായിരുന്നെങ്കിൽ ഞാൻ എത്ര ഉഴപ്പനും, അലസനുമായേനെ....
എന്റെ, പ്രിയ ശത്രുക്കളേ, നിങ്ങൾ വിജയിച്ചു കാണാൻ എനിക്കു ഒത്തിരി ആഗ്രഹമുണ്ട്‌....
പക്ഷേ, എന്തു ചെയ്യാം....എനിക്കു തോൽക്കാൻ മനസ്സില്ല....വിജയം അതെത്ര തന്നെ അകലെയായാലും അതു നേടുന്നത്‌ വരെ വിശ്രമമില്ലാതെ ഞാൻ പോരാടും...
Success is counted sweetest those who never succeed....
Now, I remember those words by Late. Premachandran a young poet of Tellicherry.....
"I have born to fight....
to fight for existence....."

ഞാൻ എല്ലായ്പ്പോഴും നിന്നെ സ്നേഹിച്ചിരുന്നു....
എന്തെന്നാൽ, എന്നു മുതൽക്കാണോ നിന്നെ ഞാൻ സ്നേഹിച്ചു തുടങ്ങിയത്‌ അതു വരേയും വേണ്ടത്ര നിന്നെ ഞാൻ സ്നേഹിച്ചിരുന്നില്ല....
ഇനിയും എല്ലായ്പ്പോഴും നിന്നെ ഞാൻ സ്നേഹിക്കും,
എന്തെന്നാൽ, ആ സ്നേഹമാണെന്റെ ജീവിതം....,
സ്നേഹമനശ്വരമെങ്കിൽ മമ ജീവിതവും അതു തന്നെ.
(കടപ്പാട്‌: എമിലി ഡിക്കിൻസൺ)
.,.........,,
എങ്ങനെ ഒരു മികച്ച അദ്ധ്യാപകനാവാം - ചില എളുപ്പ വഴികൾ
1. ആദ്യം തന്നെ സ്കൂളിലെ സകല കാര്യങ്ങളിലും ആരെങ്കിലും ആവശ്യപ്പെടുന്നതിനു മുമ്പേ ചാടികയറി ഇടപെടുക. ലാബ്‌, ലൈബ്രറി, ഐ. ടി ചുമതലകൾ ഏൽക്കുക. അല്ലെങ്കിൽ കോപ്പറേറ്റിവ്‌ സൊസൈറ്റി....അതാവുമ്പോൾ കുറച്ചധികം ചിക്കിലി തടയും...ഇപ്പോൾ പുതിയൊരെണ്ണം ഉണ്ട്‌....ഉച്ചകഞ്ഞി....എന്നിട്ട്‌ അതിൽ നിന്നും തടയുന്ന ചില്ലറകൊണ്ട്‌ ഇടയ്ക്കിടയ്ക്ക്‌ മദ്യം, മദ്യേതരം എന്നിങ്ങനെ സൽക്കാരങ്ങൾ നടത്തുക തന്റെ എതിരാളികളെ പ്രത്യേകം ക്ഷണിക്കുക. അപ്പോഴേക്കും തനിക്കു ചുറ്റും ഒരു അനുചര വൃന്ദം രൂപപ്പെട്ടു കഴിഞ്ഞിരിക്കും...
2. എന്നിട്ടും മെരുങ്ങാത്ത കുറെയെണ്ണം കാണും. അവരെ ഒന്നുകിൽ തന്റെ സംഘടന സ്വാധീനം ഉപയോഗിച്ച്‌ സ്ഥലം മാറ്റുക...പകരം കഴിവൊന്നുമില്ലെങ്കിലും തന്റെ സ്തുതിപാടകരായ ചിലരെ അവിടേക്കു പ്രതിഷ്ഠിക്കുക...
3. സ്റ്റാഫ്‌ സിക്രട്ടറിയായി ഒന്നുകിൽ ഒരു മണകൊണാപ്പനെ നിർദ്ദേശിക്കുക..അതാവുമ്പോൾ ആ വർഷം വല്യകുഴപ്പമില്ലാതെ നീങ്ങികിട്ടും. അടുത്ത വർഷം ആ മണകൊണാപന്റെ കഴിവില്ലായ്മ ചൂണ്ടികാണിച്ച്‌ ഒരു പെട്ടിപ്രസഗം കാച്ചുക...അതോടെ സ്ത്രീപ്രജകളടക്കം മുഴുവൻ പേരും തന്റെ ആരാധകരായി കഴിഞ്ഞിരിക്കും...അപ്പോൾ, നമ്മുടെ എച്ച്‌. എം. മുഖ്യൻ പറയും "എന്നാൽ മാഷ്‌ ഒരാളെ നിർദ്ദേശിക്കൂ"
അപ്പോൾ വീണ്ടും ഒരു ഡയലോഗ്‌...
യുവാക്കൾ കടന്നു വരട്ടെ ...തന്റെ ആരാധകനും വിശ്വസ്തനുമായ ഒരു തുടക്കകാരന്റെ പേരങ്ങട്‌ കാച്ചുക...ഫിക്സ്ഡ്‌...
4. പരസ്യമായ മദ്യപാനം, പുകവലി, മുറുക്കൽ പാടില്ല....തന്റെ വിശ്വസ്തരായ അനുചര വൃന്ദത്തിനൊപ്പം രഹസ്യമായി കാന്റീനിലോ ലാബിലോ ഇരുന്നു വലിക്കുകയോ കുടിക്കുകയോ ആവാം...
5. ഇടത്‌ വലത്‌ അധ്യാ-പക ( അധയനതോട്‌ പകയും ചിക്കിലി തടയുന്ന കലോൽസവം, മേളകൾ എന്നിവയോടെ സ്നേഹവുമുള്ളവർ, അതു പോലെ ട്രാൻസ്ഫർ -സ്വന്തം മെമ്പറിൽ നിന്നും വകുപ്പിലെ ജീീവനക്കാര്ക്ക് ഒപ്പം സ്വന്തം പോക്കറ്റും നിറക്കല്.......അധ്യാ-പക സംഘടനാ നേതാക്കളെ പരമാവധി കുപ്പിയിലാക്കുക
6. എന്നാലും ഇതൊക്കെ മനസ്സിലാക്കുകയും തനിക്കു പിടി തരാതിരിക്കുകയും ചെയ്യുന്ന ചിലരുണ്ടാവും..സീനിയറുമാണെങ്കിൽ എന്തു ചെയ്യും? ക്ലാസ്‌ മോശമാണെന്നു തന്റെ ശിങ്കിടിയായി താൻ തന്നെ പി.ടി.എ യിൽ തിരുകി കയറ്റിയ ഈർക്കിൽ പാർട്ടിക്കാരനെ കൊണ്ട്‌ പറയിക്കുക...എന്നിട്ടും ഏശുന്നില്ലെങ്കിൽ സീനിയർ അധ്യാപകന്റെ തനിക്കു പരിചയമുള്ളതും എന്നാൽ ആ അധ്യാപകനോട്‌ അകൽച്ചയുള്ളതുമായ ബന്ധുക്കളോടും നാട്ടുകാരോടും അയാളെ പറ്റി സ്കൂളിൽ ഏതാണ്ടൊക്കെ പറയുന്നതു കേട്ടല്ലോ എന്നങ്ങ്‌ തട്ടിവിടുക.. ബാക്കി അവരായിക്കോളും....
7. എന്നിട്ടും ഏശുന്നില്ലെങ്കിൽ (അറ്റകൈക്കുമാത്രം) നമ്മുടെ മറ്റേ... ഏത്‌ പീഡനം അതങ്ങ്‌ തട്ടികൂട്ടുക..അല്ല പിന്നെ...
8. ഇപ്പോൾ സ്കൂൾ ഏതാണ്ട്‌ നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങി കഴിഞ്ഞു.....
9. ഇനിയാണു ശ്രദ്ധിക്കേണ്ടതു....ചില, വിരുതന്മാരായ എച്ച്‌. എം മാർ നമ്മെ അംഗീകരിക്കണമെന്നില്ല...അപ്പോൾ എന്തു ചെയ്യും...അവിടെയുമുണ്ട്‌ ചില ഒറ്റമൂലികൾ...സ്കൂൾ ഓഫീസിലെ ഏതെങ്കിലും പ്യൂൺ, എഫ്‌. ടി. എം നേരത്തെ നമ്മുടെ വെള്ളമടി കമ്പനിയിൽ ഉൾപ്പെടുത്തിയ അവരെ ഉപയോഗപെടുത്തുക...(വൗച്ചർ ഫയലോ, സ്റ്റോക്ക്‌ രജിസ്റ്ററോ, അറ്റന്റൻസ്‌ രജിസ്റ്റർ വരെ മാറ്റിവെച്ച്‌ അവരെ പൂട്ടാം...അവർ താനെ നമ്മുടെ വശത്തായിക്കോളും....ഇല്ലാച്ചാൽ ഒന്നുകിൽ ലോങ്ങ്‌ ലീവ്‌ എടുത്തു പോയ്ക്കോളും, ട്രാൻസ്ഫർ വാങ്ങും അതുമല്ലാച്ചാൽ തൂങ്ങിചത്തോളും (മെരുങ്ങാത്ത ക്ലർക്കുമാരെ വരെ നമുക്കു ഇങ്ങനെ മെരുക്കാം... )
10. ഇനി നാട്ടിലെ പുതുപ്പണക്കാരനേയും കുഴൽ, കള്ളപ്പണക്കാരെയും, വട്ടിപലിശക്കാരേയും കണ്ടെത്തി സ്കൂളിലേക്കു പരമാവധി ഫണ്ട്‌ സമാഹരിക്കുക...കണക്കിൽ പെടാത്തതിനാൽ കണക്കധ്യാപകനായാൽ കൂടി ആരും കണക്കു പോലും ചോദിക്കില്ല..അത്തരം ആളുകളുടെ തല ഗെയിറ്റിൽ കാണുമ്പോൾ തന്നെ...എന്തെല്ലാ ബാബ്വേട്ടാ, മമ്മാലിക്കാ, അച്ചായാ എന്നൊക്കെ വിളിച്ച്‌ ഓടിചെന്നു കൈകുലുക്കി സ്കൂളിലേക്കു ആനയിക്കുക....പഠിക്കുന്ന കാലത്തു അധ്യാപകനെ തെറിവിളിക്കുകയും പുസ്തകം കത്തിക്കുകയും ചെയ്ത അവറ്റകൾ ആനന്ദപുളകിത രോമാഞ്ച കഞ്ചുകമണിഞ്ഞ്‌ താങ്കളിൽ കൃതജ്ഞനായി നന്ദിപ്രസംഗത്തിൽ താങ്കളെ പൊക്കിയടിച്ചോളും...എന്നിട്ട് ആ ചടങ്ങുകളുടെ വാര്ത്തയും ഫോട്ടോയും നാട്ടിലെ റിട്ടയേര്ഡ് അധ്യാപകരായ സ്വ. ലേ ക്കാരെ ചട്ടം കെട്ടി പത്രത്തിലും ഇടുക....തീര്ന്നു....
11. ഇനി താങ്കൾ ഒന്നും ചെയ്യേണ്ടതില്ല. ചെയ്യേണ്ടതൊക്കെ ഇനി അവരു ചെയ്തോളും.....ഇടതനേയും വലതനേയും താങ്ങി നിർത്തുന്ന വട്ടിപലിശക്കാരനും കുഴൽ, കള്ളപ്പണക്കാരനും പണം കൊടുത്തായാൽ കൂടി ഒരു അവാർഡ്‌ താങ്കൾക്കു സംഘടിപ്പിച്ചേ പിന്മാറൂ....
കാരണം, പണ്ടെങ്ങോ പേരുവെട്ടി സ്കൂളിൽ നിന്നും പുറത്തായ അവരെ വീണ്ടും ആ പടി കയറ്റാനും പേരും പ്രശസ്തിയുമുണ്ടാക്കാൻ താങ്കൾ വഹിച്ച പങ്ക്‌ ചെറുതായി കാണാൻ മാത്രം അൽപരല്ലല്ലോ അവർ താങ്കളെ പോലെ!

2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

11 സെപ്തംബർ 2003
പ്രിയപ്പെട്ട അശ്വതിക്ക്,
കഴിഞ്ഞ ദിവസം യാദൃശ്ചികമായി ഞാൻ ശ്രീ ഓഷോ രജനീഷിന്റെ ഒന്നു രണ്ടു പുസ്തകങ്ങൾ കാണുകയുണ്ടായി....ഒരു പുസ്തക ചന്തയിൽ വെചു...
അതിൽ ഒരു പുസ്തകം ഞാൻ വായിച്ചു നോക്കി...വെറുതേ ഓടിച്ചു നോക്കിയതാണു...മിസ്റ്ററീസ് ഓഫ് ലവ്.
ഓഷോയുടെ ലേഖനങ്ങൾ, തത്വ ചിന്തകൾ എന്നെ വല്ലാതെ ആകർഷിച്ചിരിക്കുന്നു.സൌഹൃദത്തെകുറിച്ചു അതിന്റെ ആവശ്യകതയെ കുറിച്ച് പ്രണയത്തെകുറിച്ച് അങ്ങിനെയെന്തെല്ലാംവിഷയങ്ങളെ കുറിച്ചാണു അദ്ദേഹം എഴുതിയിരിക്കുന്നത്..ലവ് എന്ന പദം ലോഭ് എന്ന സംസ്കൃത പദത്തിൽ നിന്നാണു ഉരുത്തിരിഞ്ഞതു പോലും....
 ലോഭ് എന്നാൽ അത്യാഗ്രഹം....
സ്നേഹം തിരിച്ചു കിട്ടുമെന്ന അത്യാഗ്രഹതോടെയാണു നമ്മിൽ പലരും മറ്റുള്ളവരെ സ്നേഹിക്കുന്നതു....ഇവിടെ പണവും സ്നേഹവും തമ്മിൽ എന്തു അന്തരമാണുള്ളതു? തിരിച്ചു തരുമെന്ന പ്രതീക്ഷയിൽ നാം പണം കടം കൊടുക്കുന്നു..അവസാനം സുഹൃത്തുമില്ല, പണവുമില്ലാ...സ്നേഹവും നാം അങ്ങിനെയാണു കൈമാറുന്നതു തിരിച്ചു ലഭിക്കുമെന്ന പ്രത്യാശയോടെ...അതു യഥാർത്ഥ സ്നേഹമല്ല...സൌഹൃദത്തിന്റെ അർത്ഥവ്യാപ്തിയെകുറിച്ചും ഓഷോ എത്ര മനോഹരമായാണു എഴുതിയിരിക്കുന്നത്.....
പ്രണയത്തിനു വിവിധ തലങ്ങളുണ്ട്, ആദ്യം നാം നമ്മെ തന്നെ സ്നേഹിക്കുക....പിന്നെ നാം മറ്റൊരാളെ സ്നേഹിക്കുക... നാം ഒരാളെ സ്നേഹിക്കുമ്പോൾ ആ പ്രണയാത്മാവിലൂടെ നാം നമ്മെ അറിയുന്നു...നമ്മെ തന്നെ തിരിച്ചറിയുന്നു...നമ്മുടെ കഴിവുകൾ, പോരായ്മകൾ...ഒരു കണ്ണാടിയിലെന്ന പോലെ നാം പ്രണയിക്കുന്നവരിൽ നാം നമ്മെ തന്നെ പ്രതിബിംബിച്ചു കാണാൻ ശ്രമിക്കുക...അതാണു യദാർത്ഥപ്രണയം....പ്രണയിനിയിലൂടെ നാം ഈ ലോകത്തെ സ്നേഹിക്കുന്നു...അങ്ങനെ അവളിലൂടെ നമ്മുടെ സ്നേഹം മറ്റുള്ളവരിലേക്കു പ്രവഹിക്കുന്നു...ഈ ലോകത്തെ സകല ചരാചരങ്ങളിലേക്കും നമ്മുടെ പ്രണയം വ്യാപിക്കുന്നു നാം നമ്മെ തിരിച്ചറിയുന്നതു പ്രണയത്തിലൂടെയാണു... അഥവാ തിരിച്ചറിയേണ്ടത് പ്രണയത്തിലൂടെയാണു...അതു കൊണ്ടുതന്നെ പ്രണയം ജീവിതത്തിന്റെ അനിവാര്യതയാണു...പ്രണയമില്ലെങ്കിൽ ജീവിതമില്ല..തന്നോടു തന്നെ പ്രണയമില്ലാത്തവനു ജീവിതത്തോടുതന്നെ  താല്പര്യമുണ്ടാവില്ല...അവൻ ജീവിതത്തിൽ നിന്നു തന്നെ പാലായനം ചെയ്യാൻ ശ്രമിക്കും.. അതു കൊണ്ടു പ്രണയം മനുഷ്യരെ ജീവിതത്തോറ്റു അടുപ്പിക്കുന്നു...
(തല്കാലം നിർത്തുന്നു...തുടരും)

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

അഞ്ചും പതിമൂന്നും മെഗാപിക്സൽ മൊബൈൽ, ഡിജിറ്റൽ ക്യാമറകൾ ഇല്ലാതിരുന്ന പഴയ കാലത്തിന്റെ സ്മരണകളായാണു ഞാൻ സാധാരണ കൊഡാക് കെ.ബി 10 ഇൽ പണ്ടെടുത്ത ആ പഴയ ഫോട്ടോകൾ ഇവിടെ വീണ്ടും ഇട്ടിരിക്കുന്നതു....120 രൂപ കൊടുത്ത് മികവുറ്റ ചിത്രങ്ങൾ പകർത്താനായി കൊഡാകിന്റെ മുന്തിയ ഫിലിം വാങ്ങി സെൻ ട്രൽ, ആർ.കെ, അജന്ത, ഗലേറിയ സ്റ്റുഡിയോകളിൽ കൊടുത്ത് ഒരു റോൾ ഡെവലപ് ചെയ്യാൻ 300 മുതൽ 400 രൂപ വരെ ചെലവുണ്ടായിരുന്ന കാലം....ഷയർ ചെയ്യാൻ ടാഗാൻ ഫെയ്സ് ബുക്ക് ഇല്ലാതിരുന്ന ആ ഗതകാലസ്മരണകൾ ഉണർത്തി കൊണ്ട്......അന്നത്തെ യാത്രകളിലെ കൂട്ടുകാരായ മത്തായിക്കും സജീഷിനും ഈ ചിത്രങ്ങൾ സമർപ്പിക്കുന്നു......





പ്രിയ സ്നേഹിതാ,
ഇന്നു ഞാൻ ഏറെ സന്തോഷവാനാണു.....
കാരണം, ഇരുപതു വർഷം കടന്നുപോയിരിക്കുന്നു.....
എന്നിട്ടും അന്നു, നാം ഒരുമിച്ചു മടപ്പള്ളി കോളേജിൽ പഠിച്ചിരുന്ന കാലത്തെന്ന പോലെ തന്നെ വടകര പുതിയ ബസ് സ്റ്റാന്റിൽ പോലീസ് എയ്ഡ്സ് പോസ്റ്റിനടുത്തു മുൻ നിശ്ചയ പ്രകാരം എന്നെ കാത്തു നില്ക്കുകയും ഏറെ നേരം പഴയ അതേ സുധീഷിനോട് അന്നത്തെ ശ്രീജിത്തിനെ പോലെ തന്നെ സംസാരിക്കാനും സ്റ്റാന്റിലും റയിൽ വെ സ്റ്റേഷനിലെ തിണ്ണയിൽ ഇരുന്നു സംവദിക്കാൻ കഴിയുക.....അതു വളരെ ചുരുക്കം ചില സൌഹൃദങ്ങൾക്കു മാത്രമെ കഴിയു......
അന്നു, പക്ഷേ ഇന്നത്തെ പോലെ വാട്സ് അപ്പിലെ മെസേജു പോലെ അല്ലായിരുന്നു, 15 പൈസയുടെ പോസ്റ്റ് കാർഡിൽ അന്നു പ്രദർശിപ്പിച്ചിരുന്ന ഏതെങ്കിലും സിനിമയുടെ പോസ്റ്റർ ഇന്ത്യൻ ഇങ്കും മാർകറുപയോഗിച്ചു വരച്ച് പുറകിൽ ഒരു സന്ദേശം അടുത്ത ഞായറാഴ്ച മുനിസിപൽ പാർകിൽ 2 മണിക്കു കാണാംഎന്നു കുറിക്കും....നാം ഒത്തു കൂടും...രാഷ്ട്രീയം മുതൽ ഫിലോസഫി, റേഡിയോ നാടകവാരത്തിലെ നാടകങ്ങളുടെ വിലയിരുത്തൽ......അങ്ങനെ പോവുന്നു.....അവധികാലങ്ങളിൽ 75 പൈസയുടെ ഇൻലൻഡ് ലെറ്റർ......അതിൽ എല്ലാമുണ്ട്, സ്വകാര്യ ദു:ഖങ്ങൾ, പ്രണയം, ഒരിക്കലും സഫലമല്ലാത്ത എന്നർത്ഥത്തിൽ താൻ പ്ലൂട്ടോണിക് എന്നും ഞാൻ പ്ലാറ്റോണിക്കെന്നും വിളിച്ച ആ അനശ്വര പ്രണയങ്ങൾ.....അയച്ചവയിലേറെയും അയക്കാതെ സൂക്ഷിച്ചവയാണെന്നും പോസ്റ്റ് കാർഡുകളും എഴുത്തുകളും  നീയും(ഞാനും) ഇപ്പോഴും സൂക്ഷിച്ചു വെക്കുന്നുവെന്നും ഇടയ്ക്കു എടുത്തു വായിക്കാറുണ്ടെന്നും.......
നാം രണ്ടുപേരും ബി.എസ്.സി കണക്കു പഠിക്കാനായിരുന്നു ചേർന്നിരുന്നതു, ഇടയ്ക്കു താൻ ഭൌതിക ശാസ്ത്രം തെരഞ്ഞെടുത്തു അതിലേക്കു ചേക്കേറിയെങ്കിലും നമുക്കിടയിൽ കണക്കോ വലുതു ഫിസിക്സോ വലുതു എന്ന ചോദ്യം ഇടയ്ക്കു കടന്നു വന്നിരുന്നു...
ഇന്നിപ്പോൾ കണക്കു പഠിച്ച എന്റെ, ജീവിതത്തിലെ ചില കണക്കു കൂട്ടലുകൾ പിഴച്ചെങ്കിലും.... ഭൌതിക ശാസ്ത്രം പഠിച്ച തന്റെ ഭൌതിക സാഹചര്യങ്ങൾ അത്ര കണ്ട് മെച്ചപെട്ടില്ലെങ്കിലും ഇന്നും ആ പഴയ ആദർശങ്ങളിൽ ഉറച്ചു നില്കാനും അന്നത്തെ അതേ വീറും വാശിയുമോടെ ജീവിതത്തിന്റെ ഓരോ സന്നിഗ്ദ്ധ നിമിഷങ്ങളിൽ പതറാതെ നില്കാനും അതെ സൌഹൃദം നിലനിർത്താനും വേറിട്ട വഴികളെ കുറിച്ചു......അതെ, സുഹൃത്തെ സ്റ്റേഷനിൽ നിന്നും പിരിയുമ്പോഴും നാം എത്തിച്ചേർന്ന ആ തീരുമാനം, ഒരു തിരുത്തലിനു സമയമായിരിക്കുന്നു........കേരളത്തിലെ രാഷ്ട്രീയ സ്ഥിതിവിശേഷം....അധികാരം സ്ഥാപിക്കാനോ, എം.എൽ.എ യോ മന്ത്രിയോ ആവാനല്ല, പക്ഷേ, അഴിമതികൾക്കെതിരെ, സ്വജന പക്ഷപാതത്തിനെതിരേ, അധികാരത്തിന്റെ എറ്റവും ദുഷിച്ച അവസ്ഥയിൽ നിന്നും ഒരു മോചനം......അതേ, നാം ഓരോരുത്തരും തന്നോടുതന്നെ ചോദിക്കുക....
നാം, തെരഞ്ഞെടുത്തവർ, നമ്മുടെ നികുതിപ്പണം തിന്നു കൊഴുക്കുന്നവർ കാട്ടികൂട്ടിയ വിക്രിയകൾ...ഡെൽ ഹിയിൽ ഒരു പെൺകുട്ടി മാനഭംഗത്തിനിരയായപ്പോൾ, അവിടെയുള്ള യുവാക്കൾ, സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തയ്യറായി...ഇവിടെ, ജനാധിപത്യം, സഭയ്ക്കകത്ത് ബലാൽസംഘം ചെയ്യപ്പെട്ടിട്ടും നമുക്കു തെരുവിലിറങ്ങി പ്രതിഷേധിക്കാൻ കഴിയാത്തത്രയും രാഷ്ട്രീയ അന്ധതയുള്ളവരാണോ നാം, മലയാളികൾ?