2008, ജനുവരി 30, ബുധനാഴ്‌ച

മാധ്യമ സംസ്കാരം


മാധ്യമ സംസ്കാരം

കഴിഞ്ഞ കുറേ ദിവസങ്ങളായി എന്തെങ്കിലുമൊക്കെ ഗൌരവമായി ത്തന്നെ എഴുതാന്‍ ശ്രമിക്കുന്നു……..പക്ഷേ എന്തോ ഒരു നിസംഗത എന്‍റ്റെ മനസ്സിനെ പിടികൂടിയിരിക്കുന്നു. എന്തിനെഴുതണം? ആര്‍ക്കുവേണ്ടി എഴുതുന്നു.?നാം എഴുതുന്നതു പ്രസിദ്ധീകരിക്കാന്‍ തയ്യാറുള്ള മാധ്യമങ്ങള്‍ ഇന്നില്ലല്ലോ… നോക്കൂ ഇന്ന് നമ്മു
ടെ നാട്ടിലെ പത്ര മാധ്യമങ്ങളുടെയൊക്കെ ചുക്കാന്‍ പിടിക്കുന്നത് ഒന്നുകില്‍ രാഷ്ട്രീയ കോമരങ്ങള്‍….അതുമല്ലെങ്കില്‍ വ്യവസായ ഭീമന്‍മാര്‍……( ക്ഷമിക്കണം ,”വ്യവസായ കീചകന്‍മാര്‍” എന്നതാണു ശരി…….കാരണം, ഭീമന്‍ ഒരു നല്ല കഥാപാത്രമാണെന്നാണല്ലൊ നമ്മുടെ എം. ടി തന്‍റ്റെ “രണ്ടാമൂഴ” ത്തില്‍ പറഞ്ഞു വെച്ചിരിക്കുന്നത്)ചില പത്രമുടമകളായ രാഷ്ട്രിയക്കാര്‍ തങ്ങളുടെ പടങ്ങള്‍,കൂലിക്കാളെ വെച്ചു എഴുതിക്കുന്ന തങ്ങളുടെ ലേഖനങ്ങള്‍, തങ്ങള്‍ക്കു ലഭിക്കുന്ന അവാര്‍ഡുദാനങ്ങളുടെ പടങ്ങള്‍ എന്നിവ കുത്തി നിറക്കാന്‍ വേണ്ടി പത്രം നടത്തുന്നു………അവയില്‍ ഒന്നാം പേജില്‍ അടിച്ചു വരുന്നതോ “തുലാഭാര” കഥകളും!മറ്റുചിലരുണ്ട്, അവര്‍ തങ്ങളുടെ മക്കളെയാണു പത്രങ്ങളിലും ചാനലുകളിലും തിരുകിക്കയറ്റുന്നത്….അതില്‍ രാഷ്ട്രിയക്കാരും ചില പ്രമുഖരായ സാംസ്കാരിക നായകന്‍മാരും കാണും……( അതോ സാംസ്കാരിക വില്ലന്മാരോ എന്നു വായനക്കാര്‍ തീരുമാനിക്കുക) കൂട്ടത്തില്‍ സാഹിത്യകാരന്മാരും പുറകിലല്ല. വ്യവസായികള്‍,അവരുടെ ബന്ധുക്കള്‍,മന്ത്രിമക്കള്‍,സാംസ്കാരിക വില്ലന്മാര്‍…..അവരുടെ ചര്‍ച്ച,സംവാദങ്ങള്‍,……..അന്യോന്യമുള്ള വാക്പയറ്റുകള്‍….ഹോ! നമ്മുടെ ഒരു മാധ്യമ സംസ്കാരം……. ഇവിടെ , അരപട്ടിണിക്കാരന്‍റ്റെ വിലാപങ്ങളൂം , തല ചായ്ക്കാനിടമില്ലാത്തവന്റ്റെ രോഷ പ്രകടനങ്ങളും പ്രതിഷേധങ്ങളും അവര്‍ തങ്ങളുടെ ചാനലുകളുടേയും പത്രങ്ങളൂടേയും വിപണനത്തിനു വേണ്ടി പരസ്യങ്ങളുടെ ഭാഗമാക്കിതീര്‍ക്കുന്നു……കാരണം ആ വാര്‍ത്തകള്‍ക്കുമുണ്ട് ഏതെങ്കിലും ബഹുരാഷ്ട്ര കുത്തകള്‍ പ്രയോക്താക്കളായി……. ഇവിടെ , സാധാരണക്കാരന്റ്റെ പ്രശ്നങ്ങളും, അവന്‍ അനുഭവിക്കുന്ന പ്രതിസന്ധികളും തുറന്നു കാണിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ പരാജയപ്പെടുന്നു. തംബോലകളോ, സമ്മാന മഴയോ, ഇന്‍ഷുറന്‍സോ ബിസിനസ്സോ ഒന്നുമല്ല അവനു വേണ്ടത്…….അടുത്ത വീട്ടിലെ അര്‍ദ്ധപട്ടിണിക്കാരന്റ്റെ ദു:ഖവും, തൊഴിലില്ലാതെ അലയുന്ന അഭ്യസ്ത വിദ്യന്റ്റെ പ്രയാസവും തിരിച്ചറിയാന്‍ കഴിയാത്ത മലയാളിയിന്ന് സീരിയലുകളിലെ നായകന്റ്റേയും നായികയുടേയും അന്ത്:സംഘര്‍ഷങ്ങളില്‍ വീര്‍പ്പുമുട്ടുന്നു……… പത്രം വാങ്ങുന്നത് സമ്മാനമോ മറ്റെന്തെങ്കിലും ആനുകൂല്യമോ ലഭിക്കാന് ‍വേണ്ടി മാത്രമാകുന്നു…..ഇവിടെ എഴുത്തുകാരന്‍ എന്തിനേ കുറിച്ചെഴുതേണ്ടിയിരിക്കുന്നു…അധികാര വര്‍ഗ്ഗത്തിനോ അവരെ താങ്ങി നിര്‍ത്തുന്ന ബഹുജനങ്ങള്‍ക്കോ വേദനിക്കുന്നവരുടേയും ദുരിതബാധിതരുടേയും പ്രശ്നങ്ങള്‍ കേള്‍ക്കാനോ അവയെ കുറിച്ച് വായിച്ചറിയാനോ നേരമില്ല.മാധ്യമങ്ങള്‍ ഇന്നു നിലനില്ക്കുന്നതു പരസ്യങ്ങലിലൂടെ മാത്രമാണ്……ബഹുരാഷ്ട്ര കുത്തകളുടെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനമാണ് അവരുടെ നിലനില്പ്…… അവരുടെ പരസ്യങ്ങള്‍ക്കു പ്രയോജനപ്പെടാന്‍ വേണ്ടി മാത്രമാണ് ഇന്നു ചാനലുകളില്‍ പരിപാടികള്‍ നിര്‍മ്മിക്കപെടുന്നത്… കിടപ്പാടത്തിനു വേണ്ടി കുടി വെള്ളത്തിനു വേണ്ടീ ഒരു നേരത്തെ ആഹാരത്തിനു വേണ്ടീ സമരം ചെയ്യുമ്പോള്‍ അവ “ലൈവായി” സം‌പ്രേക്ഷണം ചെയ്യുമ്പോള്‍ അവയ്ക്കിടയില്‍ അവരുടേ കിടപ്പാടം നഷ്ടപ്പെടുതിയ കൈയ്യേറ്റക്കാരുടേയും, കുടിവെള്ളം വറ്റിച്ച ബഹുരാഷ്ട്ര ഭീമന്മാരുടെയും അത്യാകര്‍ഷകങ്ങളായ പരസ്യങ്ങള്‍ തിരുകി ചേര്‍ക്കുന്ന മാധ്യമ സമ്സ്കാരം പ്രകീര്‍ത്തിക്കപ്പെടേണ്ടതു തന്നെയാണ്……… ഞാന്‍ ഈ എഴുതുന്നതൊന്നും നമ്മുടെ മാധ്യമങ്ങള്‍ പ്രസിദ്ധികരിക്കില്ലെന്നറിയാം……..എങ്കിലും എഴുതാതിരിക്കാന്‍ ആവുന്നില്ല…….കാരണമുണ്ട്….എന്റ്റെ മനസ്സില്‍ ഇന്നും മായാത്ത ഒരു മുഖമുണ്ട്..തന്റ്റെ മകനെ രാഷ്ട്രിയ കോമരങ്ങളുടെ ഒത്താശയോടെ കാക്കിയുടുപ്പണീഞ്ഞ ചില കിരാതന്മാര്‍ ഉരുട്ടിയും ചവുട്ടിയും കൊന്ന് ഒടുവില്‍ മൃതദേഹം പോലും അവശേഷിപ്പിക്കാതെ എവിടെയോ വലിച്ചെറിഞ്ഞപ്പോഴും ദു:ഖം മുഴുവനും കടിച്ചമര്‍ത്തി വളരെ നിസംഗമമായ മുഖഭാവത്തോടെ നില്ക്കുന്ന ഒരു പിതാവിന്റ്റെ ദയനീയ ചിത്രം കണ്ടിരുന്നു പത്രത്താളുകളില്‍… മറക്കാനാവില്ല ആ മുഖം.....ഒരിക്കലും……… ആ പിതാവിനു‍ തനിക്കു നഷ്ടപ്പെട്ട മകനെ തിരിച്ചു നല്കാന്‍ ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങള്‍ക്കോ , നിയമ വ്യവസ്ഥയ്ക്കോ അവരുടെയൊക്കെ കോപ്രായങ്ങള്‍ എഴുതി നിറയ്ക്കുന്ന പത്ര മാധ്യമങ്ങള്‍ക്കോ കഴിയില്ല………….പക്ഷേ , ഇവിടെ ഇന്ന് അവശേഷിക്കുന്ന സ്വതന്ത്രമായും നേര്‍വഴിക്കും ചിന്തിക്കുന്ന യുവജനങ്ങള്‍ക്ക് കഴിയും ആ പിതാവിനെ സാന്ത്വനപെടുത്തുവാന്‍………പിതാവേ, അങ്ങയുടെ മകന്‍ ഇതാ ഞങ്ങളിലൂടെ പുനര്‍ജ്ജനിക്കുന്നു…….. “ അധികാര കേന്ദ്രങ്ങളുടെയും തുരുമ്പെടുത്തു നശിച്ച നീതിനിറ്വ്വഹണത്തിന്റ്റെ ഉരുക്കുചട്ടകളുടേയും ചിതളെടുത്ത നിയമ സംഹിതകളുടേയും അനീതികള്ക്കെതിരെ ശബ്ദിക്കുന്ന ഈ യുവതലമുറയിലൂടെ ഇതാ അങ്ങയുടെ മകന്‍ ജീവിക്കുന്നു………“

2008, ജനുവരി 29, ചൊവ്വാഴ്ച

ഗീതാഞ്ജലി


ശ്ലോകം 64 (സ്വതന്ത്ര പരിഭാഷ)
പുല്‍മേടുകള്‍ക്കിടയിലൂടെ ഒഴുകി വരുന്ന വിജനമായ നദിയുടെ തീരത്തിരുന്നു ഞാന്‍ അവളോടു ചോദിച്ചു: “ കുട്ടീ, കൈയ്യില്‍ മറച്ചു പിടിച്ച ദീപനാളവുമായി നീ എങ്ങോട്ടു പോവുന്നു?....... ഏകാകിയായ ഈയുള്ളവന്‍റ്റെ ഗൃഹം ഇരുളില്‍ മൂടിയിരിക്കുന്നു…നിന്‍റ്റെ കൈയ്യിലുള്ള ദീപം എനിക്കു തരൂ……..”
ഒരുനിമിഷം തന്‍റ്റെ കരിമിഴികള്‍ എനിക്കു നേരെ ഉയര്‍ത്തി അവള്‍ മൊഴിഞ്ഞു: “ ദൂരെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ കത്തിയമരുകയാണ്….ഞാന്‍ എന്‍റ്റെ കൈയ്യിലെ ഈ മണ്‍ചെരാത് നദിയിലേക്കൊഴുക്കുവാനാണ് ഇവിടെ വന്നിരിക്കുന്നതു.”
പുല്‍ മേടുകള്‍ക്കിടയില്‍ നിന്നും ഞന്‍ ദര്‍ശിച്ചു……നദിയിലെ ഓളങ്ങള്‍ക്കിടയില്‍ പെട്ടു ആ ദിപനാളം അകന്നകന്നു പോവുന്നത്……..
രജനിയുടെ നിശ്ശബ്ദതയില്‍ ഞാന്‍ അവളൊടു ചോദിച്ചു: കുട്ടീ, നിന്‍റ്റെ ഗൃഹം പ്രകാശപൂരിതമായിരിക്കുന്നു………എന്നിട്ടും , കൈയ്യില്‍ മണ്‍ ചെരാതുമായി നീ എങ്ങോട്ടു പോവുന്നു….നോക്കൂ.. ഈ ഏകാകിയുടെ ഗൃഹം ഇരുളില്‍ മൂടിയിരിക്കുന്നു……ആ ദീപം എനിക്കു തരൂ..”
ഒരുനിമിഷം തന്‍റ്റെ കരിമിഴികള്‍ സംശയത്തോടെ എനിക്കു നേരെ ഉയര്‍ത്തി അവള്‍ മൊഴിഞ്ഞു: “ ഈ ദീപം ഞാന്‍ വിശാലമായ ഗഗനത്തിനു സമര്‍പ്പിക്കുന്നു…..”
അവളുടെ ആ കൊച്ചു മണ്‍ചെരാത് ശൂന്യതയില്‍ വിലയം പ്രാപിക്കുന്നതും നോക്കി ഞന്‍ അവിടെ ത്തന്നെ നിന്നു.
നിലാവസ്തമിച്ച ആ ഇരുണ്ട പാതിരാത്രിയില്‍ ഞാന്‍ അവളോടു ചോദിച്ചു:- “ കുട്ടീ , ജ്വലിക്കുന്ന ദീപം സ്വന്തം ഹൃദയത്തോടു ചേര്‍ത്തു വച്ച നിന്‍റ്റെ ചേതോവികാരമെന്ത്?...നോക്കൂ എന്‍റ്റെ ഭവനം ഇപ്പോഴും ഇരുട്ടിലാണ്, ആ ദീപം എനിക്കു തരൂ…”
ഒരു നിമിഷം ആലോചിച്ച് അവള്‍ എന്റ്റെ നേര്‍ക്കു നോക്കി കൊണ്ടു ഇങ്ങനെ മൊഴിഞ്ഞു..:-“ഞാന്‍ ഈ ദീപം കൊണ്ടുപോവുന്നത് ദീപങ്ങളുടെ ഉത്സവത്തില്‍ കൂട്ടു ചേരാനാണ്……” മറ്റനേകം ദീപങ്ങളുടെ ഇടയില്‍ അവളുടെ ആ കൊച്ചു മണ്‍ ചെരാത് പ്രഭയറ്റു പോവുന്നതും നോക്കി ഞാന്‍ അവിടെ തന്നെ നിന്നു……….

2008, ജനുവരി 27, ഞായറാഴ്‌ച

കവികളുടെ ജീവിതം

നമ്മുടെ കവികളെല്ലാം ഭീരുക്കളാണ്,
ആമയെപ്പോലെ!
സമൂഹത്തിലെ അനീതികള്‍ക്കെതിരെ
പോരാടുവാനുള്ള ചങ്കൂറ്റമില്ല;
സ്വകാര്യതകളുടെ പുറം തോടിനകത്തേക്ക്
അവര്‍ തങ്ങളുടെ തലകള്‍ പിന്‍‌വലിക്കുന്നു....
ഇടയ്ക്കു,തന്‍‌റ്റെ ശത്രുക്കള്‍
പിന്തിരിഞ്ഞെന്നുറപ്പുവരുത്തിയതിനു-
ശേഷം മാത്രം......
മെല്ലെ തല പുറത്തേക്കു നീട്ടുന്നു.
തന്‍‌റ്റെ പ്രതിഷേധങ്ങള്‍ മുഴുവന്‍
കവിതയില്‍ നിറയ്ക്കുന്നു.
എന്നിട്ട്, കവിയരങ്ങുകളിലേക്ക് ഇഴഞ്ഞു-
ചെന്ന് തന്‍‌റ്റെ കവിത
തൊണ്ട പൊട്ടുമാറ് വിളിച്ചു കൂവുന്നു.......
അതു കേട്ട് , കൈയ്യടിക്കുന്ന
വിഡ്ഡിയായ സഹൃദയന്‍!

2008, ജനുവരി 26, ശനിയാഴ്‌ച

പ്രിയപ്പെട്ട അശ്വതിക്ക്

പ്രിയപ്പെട്ട അശ്വതിക്ക്,
ഇന്നലെ ഞാന്‍ ചാലിയാര്‍ പുഴ കടന്നു നിന്‍‌റ്റെ നാട്ടില്‍ വന്നിരുന്നു.......ഒലിപ്രം കടവില്‍ നിന്നു തോണിയില്‍ കയറിപുഴയിലൂടെ യാത്ര ചെയ്ത് ഞാന്‍ നിന്‍‌റ്റെ ജന്മനാട്ടിലെത്തി.വാഴകള്‍ വളര്‍ന്നു കാടായി മാറിയ നാട് ........നിന്‍‌റ്റെ വാഴക്കാട്........പണ്ടു നീ വര്‍ണിച്ച ആ വയലേലകള്‍ക്കു നടുവിലൂടെ ഞന്‍ ഏറെ ദൂരം നടന്നു.....വെറുതെ....
ദൂരെയെങ്ങോനിന്നും അലയടിച്ചെത്തിയ
ആ ഇളം കാറ്റില്‍ ഞന്‍ നിന്‍‌റ്റെ സ്‌നേഹമറിയുന്നു......ഉവ്വ് ഞാന്‍ പെട്ടെന്നു തനിച്ചായതു പോലെ.........നീയില്ലല്ലോ ഇപ്പൊള്‍ അവിടെ....നിന്‍‌റ്റെ ഓ‌ര്‍മ്മകള്‍ പോലും മരിച്ചു തുടങ്ങിയിരിക്കുന്നു........
നീ പറഞ്ഞ കുന്നും പുഴയും മലകളും നിറഞ്ഞ നിന്‍‌റ്റെ നാട്......പുന്നെല്ല് വിളഞ്ഞു നില്‍ക്കുന്ന പാടത്തിനരികിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ആ പഴയ ചെമ്മണ്‍ പാത ഇന്നു താര്‍ ചെയ്തിട്ടുണ്ട്.....നീയറിയുമോ?
ആ റോഡരികിലെ ഏതോ ഒരു വീട്ടില്‍ നീ ഉണ്ടായിരുന്നു.....ഇന്നലെ വെറുതെ നടന്നു നീങ്ങുമ്പോഴും ഞാന്‍ ഓരോ വീടിനുനേരെയും മുഖമുയര്‍ത്തിയിരുന്നു.........പാതിതുറന്നിട്ട ജനല്‍‌പാളികള്‍ക്കിടയില്‍ നിന്‍‌റ്റെ മുഖം തെളിയുമെന്ന പ്രതീക്ഷയിലാവാം........എല്ലം വെറുതെയാണല്ലൊ.....!
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം
എങ്കിലും-
നനുത്ത വിരലുകള്‍ കൊണ്ടു
നി എന്‍‌റ്റെ ഉള്ളു തൊട്ടുണര്‍ത്തുമ്പോള്‍
നിന്‍‌റ്റെ അദൃശ്യമായ സാമീപ്യം ഞാനറിയുന്നു......
ഡയറികളില്‍ നീ കുറിച്ച ഏതാനും കവിതകളിലൂടെ ലോകം നിന്നെയറിയുന്നു.......പക്ഷേ,സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത് പൂപ്പാത്രമൊരുക്കി , മഴ തോര്‍ന്ന ആകാശത്ത് വെറുതെ മഴവില്ലും സ്വപ്നം കണ്ടുറങ്ങിയ വിളര്‍ത്ത പൌറ്‌ണ്ണമിയുടെ കണ്ണുകളുള്ള പെണ്‍കുട്ടി........നിന്‍‌റ്റെ ആത്മാവിന്‍‌റ്റെ മുറിവുകള്‍ അവരറിയുന്നില്ലല്ലോ.........നിന്‍‌റ്റെ നെടുവീര്‍പ്പുകള്‍, അന്ത:സംഘര്‍ഷങ്ങള്‍ , നിശ്ശബ്ദമായ കരച്ചില്‍ , ഏകാന്തതയുടെ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആ മനസ്സ്....ഇവയൊന്നും അവരറിയുന്നില്ലല്ലൊ......
എന്നിട്ടും നിന്നെ അറിഞ്ഞ , നിന്നെ ഒത്തിരി മനസ്സിലാക്കിയ നിന്‍‌റ്റെയീ പ്രിയപ്പെട്ട ചിത്രകാരനില്‍ അവര്‍ കാണുന്നത്......ഒട്ടും സ്‌നേഹമില്ലാതെ നിന്നെ ഉപേക്ഷിച്ചു പോയ ഒരു ക്രൂരനായാണ്.......എവിടെയാണ് നമുക്ക് തെറ്റു പറ്റിയത്.....പറയൂ പ്രിയേ....ഇന്നു നം തമ്മില്‍ ഇത്രയും അകന്നു പോവാന്‍ മാത്രം എന്‍‌റ്റെ ഭാഗത്തുനിന്നുണ്ടായ പിഴവെന്തായിരുന്നു........നീ ആലോചിച്ചിരുന്നുവോ എന്നെങ്കിലും..........

2008, ജനുവരി 25, വെള്ളിയാഴ്‌ച

കത്ത്

പ്രിയപ്പെട്ട സഖാവേ.................
ഓര്‍മ്മയുണ്ടോ മാച്ചിനാരിയിലെ ആ പഴയ സായാഹ്നങ്ങള്‍....................ബ്രദേര്‍സ് ഹോട്ടലില്‍ നിന്നും പരിപ്പുവടയും കട്ടന്‍ കാപ്പിയും കുടിച്ചിറങ്ങി........ബസ്സ് കാത്തെന്ന വ്യാജേന റോഡരികില്‍ നിന്നു....ആഗോള വത്കരണ നയങ്ങളെകുറിച്ചും ഗാട്ടുകരാറിനെ കുറിചും ചര്‍ച്ച ചെയ്ത ആ സായാഹ്നങ്ങള്‍..........നമ്മുടെ ആ പരിപ്പു വടയേയും........കട്ടന്‍ കാപ്പിയെയും..........നമുക്കു അത്ര പെട്ടെന്നു മറക്കാനാവുമോ..........സഖാവേ...........
ഇന്നലെ ട്രെയിനില്‍ വെച്ചു യാദൃശ്ചികമായി നിന്നെ കണ്ടുമുട്ടുമ്പോള്‍ ..........നീ അണിഞ്ഞതു...നമ്മുടെ ഫിനാന്‍സ് മിനിസ്റ്റര്‍ ധരിച്ച മാതിരിയുള്ള വില കൂടിയ ഖദര്‍ ജുബ്ബയായിരുന്നു..........പുറവങ്കര ബില്‍ഡേര്‍സിന്‍‌റ്റെ സ്പോണ്‍സര്‍ഷിപ്പോടെ “ശബരിമല മകര സംക്രാന്തി” ലൈവായി കാണിച്ച “വിപ്ലവ ചാനലി“ ല്‍ ജോലി ചെയ്യുന്ന നിന്നില്‍ പ്രസ്തുത ചാനലിന്‍‌റ്റെ ദുര്‍‍മേദസ്സുകൂടിയുണ്ടായിരുന്നോ?..............
പ്രത്യയശാസ്ത്രത്തെ പറ്റി പറയാന്‍ നീ കാണിച്ച മടിയില്‍ നിന്നും എനിക്കു മനസ്സിലായി...........നിന്‍‌റ്റെ നാവും അവര്‍ വിലക്കെടുതു കഴിഞ്ഞു..............
നിനക്കെന്‍‌റ്റെ വിപ്ലവാശംസകള്‍..........
മൌനം സവിഷാദ മധുര സ്മൃതികളുടെ അയവിറക്കലാണ്. ഏകാന്തത ജീവിതതിന്‍‌റ്റെ അനന്യദമെന്നപോലെ, മൌനം നിശ്ശബ്ദതയുടെ പ്രതിരൂപമാവുന്നു............സ് നേഹത്തിന്‍‌റ്റെ ഏറ്റവും ശക്തമായ സംവേദനമാര്‍ഗമായ മൌനം, വിജയത്തിന്‍‌റ്റെ പ്രതീകം കൂടിയാണ്......അതുകൊണ്ടുതന്നെ നിശ്ശബ്ദത, അനേകം സംഗീതധാരകളുടെ അനുയോജ്യമായ സമന്വയമാണെങ്കില്‍.........മൌനം ആ സംഗീതധാരകളില്‍ ഒന്നു മാത്രമായ സവിഷാദ മധുര സ്മൃതികളിലൂടെയുള്ള അവാച്യമായ, ശ്രവ്യമല്ലാത്ത ഒരു തരം ശ്രുതിമീട്ടലാകുന്നു.

2008, ജനുവരി 23, ബുധനാഴ്‌ച

വികിരണം

വികിരണം

റേഡിയോ ആക്ടീവായ - മൂലകം കണക്കെയാണ് ഞാനിന്ന്!
എന്‍‌റ്റെ അ
ര്‍ദ്ധായുസ്സ് അടുത്തു കഴിഞ്ഞു……………
പകയുടേയും വിദ്വേഷത്തിന്റേയും

വികിരണ രശ്മികള്‍‌
എന്നില്‍ നിന്നും
പുറത്തേക്കു വമിക്കുന്നു………
ക്രമേണ അത് കുറഞ്ഞു കുറഞ്ഞ് ……….
തീരെയില്ലാതാവുന്നു……

അപ്പോള്‍ എന്നില്‍ ശേഷിക്കുന്നത്
സ് നേഹമതൊന്നുമാത്രം.

ഇന്നു ഞാന്‍ തിരിച്ചറിയുന്നു .........നിന്നെ കണ്ടുമുട്ടാനിടയായ ആ ധന്യ നിമിഷം എന്‍‌റ്റെ ജീവിതത്തിലെ ഏതോ പൂര്‍വ്വജന്‍മ സുകൃതമാണെന്ന്...................പറയാതെ തന്നെ ഞാനറിയുന്നു.....നിന്‍‌റ്റെ സ്നേഹം....ഏകാന്ത സുന്ദരമായ സായാഹ്നങ്ങളില്‍ കടലോരത്തെ സിമന്‍‌റ്റു ബഞ്ചില്‍ ഇരിക്കുമ്പോള്‍........അറിയാതെയെന്നെ തഴുകിയകലുന്ന ഇളം തെന്നലില്‍ ഞാന്‍ നിന്‍‌റ്റെ സ്നേഹമറിയുന്നു.......വിജനമായ നാട്ടുവഴികളിലൂടെ ഒറ്റയ്ക്കു നടക്കുമ്പോള്‍ ദൂരെ എവിടെ നിന്നോ എന്‍‌റ്റെ ചെവിയിലലച്ചെത്തുന്ന സംഗീതത്തിന്‍‌റ്റെ അലകളില്‍ ഞാന്‍ നിന്‍‌റ്റെ സ്നേഹം കേള്‍ക്കുന്നു..........



വിരസമായ ചൈത്രമാസത്തിലെ മനം മടുപ്പിക്കുന്ന രാത്രികളില്‍ ജനലഴികല്‍ക്കിടയിലൂടെ അരിച്ചെത്തുന്ന നേര്‍ത്ത നിലാവിലൂടെ ഞാന്‍ നിന്‍‌റ്റെ സ്നേഹമറിയുന്നൂ..................
ഡിസംബറിലെ തണുത്ത വെളുപ്പാന്‍കാലത്തു നടപ്പാതകളിലൂടെ മെല്ലെ നടന്നു പോകുമ്പോള്‍ നെറുകയില്‍ ഇറ്റു വീണ മഞ്ഞുതുള്ളിയ്ക്കു നിന്‍‌റ്റെ സ്നേഹത്തിന്‍‌റ്റെ തണുപ്പുണ്ടായിരുന്നു.............
പാതി കത്തിതീര്‍ന്ന
ദിനേശ് ബീഡി പോലെ
എന്‍‌റ്റെ ആത്മാവ്
എരിഞ്ഞുകൊണ്ടിരിക്കുന്നു......................
എടവപ്പാതിയുടെ പകലറുതിയില്‍
പെയ്തിറങ്ങുന്ന പെരുമഴ കണക്കെ
ഹൃദയത്തില്‍ സ്മൃതികളുടെ കണ്ണീര്‍ പെയ്ത്തു...............
നിന്റ്റെ അന്തരംഗത്തിലെ
ദു:ഖ നീലിമയില്‍ എന്റ്റെ വേദനകള്‍ അലിഞ്ഞില്ലാതാവുമ്പോള്‍
ഞാനറിയുന്നു.........
“സ്‌നേഹം വ്യർത്ഥമല്ല, വ്യഥയാണെന്ന്....”
ന്ന്.......!"

കോടതി

കോടതി

ഒരു ന്യായാധിപയുടെ അധികാര ഗര്‍വ്വോടെ ,
തലയെടുപ്പോടെ നീ എന്‍‌ടെ മുന്‍പില്‍ വന്നു നിന്നു.
കുറ്റവാളിയല്ലോ,
നിന്നെ അഭിമുഖീകരിക്കാനാവാതെ
നമ്ര മുഖനായ് നിന്നു ഞാന്‍……….

വിചാരണയ്ക്കു കാത്തു നില്‍ക്കാതെ…….
എന്‍‌ടെ വാദമുഖങ്ങള്‍ക്കു ചെവി കൊടുക്കാതെ ………
നീ എന്‍‌ടെ പേരില്‍ കുറ്റപത്രം നല്‍കി.

നീതിയുടെ കരുണയ്ക്കായുള്ള
എന്‍‌ടെ നിശ്ശബ്ദമായ കരച്ചിലുകള്‍ നീ കേട്ടില്ല.
വന്യ ലോകത്തകപ്പെട്ടു പോയ
ഇ‌ ഏകാകിയുടെ
മൌന നൊമ്പരങ്ങള്‍ നീയറിഞ്ഞില്ല.

ഒടുവില്‍……….ഒന്നുമാരായാതെ ,
ഒന്നുമുരിയാടാതെ ………
എന്നെ ഒരക്ഷരം പറയാനനുവദിക്കാതെ
ഏകപക്ഷീയമായ നിന്‍‌ടെ വിധി.

ശരിയല്ലോ……….കുറ്റവാളി ശിക്ഷിക്കപ്പെടുകതന്നെ വേണം
സ്വീകരിപ്പൂ ഞാന്‍ ഒരേ മനസ്സാല്‍
നീ നല്‍കുമീ ശിക്ഷ , കഠിനമെങ്കിലും.


2008, ജനുവരി 22, ചൊവ്വാഴ്ച

ഇന്നത്തെ ചിന്താവിഷയം

മനുഷ്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു നിറം മാറുന്നു……………….ഓന്ത് പാശ്ചാത്തലത്തിനനുസരിച്ചും.

ജീവന്റ്റെ വില കുത്തനെ ഇടിയുന്നു.


കഥ കേള്‍ക്കാന്‍ ആരുമില്ലായിരുന്നു………കാഥികന്‍ കഥ നിര്‍ത്തേണ്ടി വന്നു. കവിത കേട്ടു രസിക്കാനും ആളില്ല……..കവി എഴുത്തു നിര്‍ത്തി……….. വരയ്ക്കാന്‍ സ്വപ്നങ്ങളുടെ വര്‍ണ്ണരാജികള്‍ നഷ്ടമായതിനാല്‍ ഭാവനയുടെ തിരശ്ശീലയില്‍ ചിത്രങ്ങളുമില്ല. സ്വ ജീവിതം വില്‍ക്കാന്‍ അയാള്‍ വഴിയോരത്തേക്കു ചെന്നു……………….. വളരെ വില കുറഞ്ഞ ഒരുപാടു ജീവിതങ്ങള്‍ ആ തെരുവില്‍ വിലപേശപ്പെടുന്നുണ്ടായിരുന്നു. അതു കൊണ്ടു ഭേദപ്പെട്ട വില കിട്ടാഞ്ഞതിനാല്‍ അയാള്‍ നിരാശയോടെ തിരിച്ചു പോന്നു. ഒരു ഗ്ലോബല്‍ മാര്‍ക്കറ്റില്‍ എഴുത്തുകാരന്റ്റെ ജീവന്റ്റെ വില കുറഞ്ഞോ , കൂട്യൊ ഇരിക്ക്വാ? ഒരു പക്ഷെ……………..ഒരു കഴുതയുടെ ജീവന്റ്റെ വില പോലുമുണ്ടാവില്ല അല്ലേ?

പുതു വത്സരം

എന്നെന്‍റ്റെ വിണ്ണില്‍ പുതുതാരമുണരും.
എന്നെന്‍റ്റെ ആറ്റില്‍ തെളിനീരുറയും
എന്നു ഞാനെന്‍ മണ്ണില്‍ ഞാനായുറങ്ങും
വര്‍ഷാന്ത്യമായ് , ഒരു പുതു വര്‍ഷാരംഭമി-
വിടെ പ്രതീക്ഷയിലെന്‍ മനം നിറയുന്നു.
We were neighbors for long, but I received more than I could give. Now the day has dawned and the lamp that lit my dark corner is out. A summon has come and I am ready for my journey.
Here I give back the keys of my door- and I give up all claims of my house. I only ask for last kind words from you.


My mirror has gone mad.
It throws weird images at me
In the past
It was sensible
Once an angel
Once a witch
But always
One image at a time
…………………….
…………………….
I throw my mad mirror
Out through the window
Down to the streets
I killed it

Another grim day
The morning glories
Have not opened their eyes
My mild day digs up your wrath
Not that blame you my lover
But the open doors tells me
Of something
I wish……….was left unsaid.

സ്മൃതിപഥം

അനന്തതയുടെ ആകാശനീലിമയില്‍
സ്വപ്നങ്ങള്‍ക്കു
ചിറകു നഷ്ടപ്പെടുന്നു
ഭാവനയ്ക്കു നിറങ്ങളും


ചന്ദനമുട്ടികള്‍ക്കിടയില്‍
കത്തിയെരിയുന്ന ഒരു കൂട്ടം സ്വപ്നങ്ങളുടെ ചിത
ഓര്‍മ്മകളായ്‌ ശേഷിക്കുന്ന
ബലിച്ചോറുരുളകള്‍
കൊത്തിയെടുത്തു ദൂരേയ്ക്കു
പറന്നു പോയ ഇന്നലെയുടെ ആത്മാക്കള്‍!
നാമിന്നു,
നെടുകെ കീറിയെറിഞ്ഞ -
നാക്കില പോലെ രണ്ടു ജന്മങ്ങള്‍

ഏതോ ഒരു ഇടത്താവളത്തില്‍ വെച്ചു നാം കണ്ടുമുട്ടി.പരിചയപെട്ടു.ഒരുപാടു വിശേഷങ്ങള്‍ പങ്കു വെച്ചു…….വളരെ കുറഞ്ഞ ദിവസങ്ങള്‍‍ കൊണ്ടു നാം വളരെ അടുത്തുപോയി. വീണ്ടും യാത്ര തുടരേണ്ടതാണെന്നു ഒരു നിമിഷമെങ്കിലും നാം മറന്നു പോയി…..”നാളെയവട്ടെ..നാളെയാവട്ടെ.” എന്നു പറഞ്ഞു നാം യാത്ര നീട്ടി വെച്ചു.വെറുതെ ഓരോന്നു പറഞ്ഞു നാം നമ്മുടെ യാത്രകള്‍ വെറുതെ വൈകിച്ചു………
ഒടുവില്‍ അനിവാര്യമായ യാത്ര പറച്ചിലിനു കാത്തിരിക്കാതെ ……..ഔപചാരികതകള്‍ക്കു കാത്തിരിക്കാതെ നീ നിന്റ്റെ യാത്ര തുടര്‍ന്നു………………………..എന്നെ ഈ എകാന്തതയുടെ തുരുത്തില്‍ ഒറ്റയ്ക്കാക്കി കൊണ്ടു നീ നടന്നു മറഞ്ഞു…..ദു:ഖമില്ല ഒട്ടും…….കാരണം, എന്നെങ്കിലും നം പിരിയേണ്ടതാണു……
നാം രണ്ടൂ പേരും തിരഞ്ഞെടുത്ത പാതകള്‍ വ്യത്യസ്തമാണു….ലക്‌ഷ്യം ഒന്നാണെങ്കിലും.
കുറെ ദൂരം ഒന്നിച്ചു നടന്നു ഒടുവില്‍ ഒരു തിരിവില്‍ പാതകള്‍ രണ്ടായി പിരിയുന്നിടതു അല്പനേരം നിന്നു “എനിക്കു ഇതിലേ ആണു പോവെണ്ടതു……..” എന്നു പറഞ്ഞു പിരിയുന്ന സഹ യാത്രികരെ പൊലെയാണ് നാം ….ഇല്ലേ?