2015, ജൂൺ 14, ഞായറാഴ്‌ച

അശ്വതിക്ക്,
ഞാൻ നിന്നെ കുറിച്ച് ഓർക്കുന്നതു പോലെ ഒരു പക്ഷേ, നീയും എന്നെ കുറിച്ച് ഓർക്കാറുണ്ടായിരിക്കണം....എപ്പോഴുമില്ലെങ്കിലും, വല്ലപ്പോഴും...വല്ല ആനുകാലികങ്ങളും മറിച്ചിടുമ്പോൾ, അതിൽ എന്റെ വല്ല കവിതയോ, കഥയോ ഉണ്ടോ എന്ന് നീ ധൃതിയിൽ മറിച്ചിട്ടു നോക്കാറുണ്ടോ? ഞാൻ നോക്കാറുണ്ട്, അവയിൽ നിന്റെ വല്ല കവിതയോ കഥയോ ഉണ്ടോ എന്ന്... അതു കൊണ്ട് ചോദിച്ചതാണു....
അഥവാ, അങ്ങനെ നോക്കുമ്പോൾ അവയിൽ എന്റെ പേരു കാണാതെ വരുമ്പോൾ, ഒരു പക്ഷേ, നീ നിന്നോട് തന്നെ ചോദിച്ചു കാണും?
ഈ മനുഷ്യനു എന്തു പറ്റി? ഇപ്പോൾ ഒന്നും എഴുതാറില്ലേ?
സത്യമാണു, എന്നെ അറിയുന്ന ചിലരെങ്കിലും ആ ചോദ്യം ചോദിക്കാറുണ്ട്....ഇതാ, ഇപ്പോൾ ഈയടുത്ത കാലത്തായി ഞാൻ തന്നെ എന്നോട് ചോദിച്ചു തുടങ്ങിയിരിക്കുന്നു....എനിക്കെന്താണു പറ്റിയതു? എന്തു കൊണ്ടാണു ഞാൻ ഗൌരവമായി ഒന്നും ചെയ്യാത്തതു?
കാരണമുണ്ട്, ഇന്ന് എന്റെ മനസ്സ് ഒരു ചില്ലു പാത്രം പോലെയാണു..ഉള്ളിലുള്ളത് മുഴുവൻ പുറത്ത് കാണാം..ആ ചില്ലു പാത്രം നിറയെ വൈവിധ്യമാർന്ന പലതും കാണാം..അതിൽ കവിതകളുണ്ട്, കഥകളുണ്ട്, മുത്തുകൾ പോലെ ചിതറിക്കിടക്കുന്ന ഓർമ്മകളുണ്ട്, ദു:ഖങ്ങളുണ്ട്, സ്വകാര്യമായ ചില നൊമ്പരങ്ങളുണ്ട്....കുറേ നഷ്ട സ്വപ്നങ്ങളും വിഫലമായ മോഹങ്ങളും...പിന്നേയും പലതുമുണ്ട്....
ആ ചില്ലു പാത്രം വളരെ മുമ്പു ഞാൻ തന്നെ ഭദ്രമായി അടച്ചു വെച്ചതാണു....അതു കൊണ്ടു തന്നെ, ഒന്നും പുറത്തെടുക്കാൻ പറ്റില്ല......
ആ ചില്ലു പാത്രത്തിന്റെ അടപ്പു തുറക്കാൻ ആരെങ്കിലും വരുമെന്ന നേരിയൊരു പ്രതീക്ഷ മാത്രം....കാത്തിരിക്കുന്നു...
ഒരു പക്ഷേ, ആരും വന്നില്ലെന്നും വരാം...കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ചിലപ്പോൾ ആ ചില്ലു പാത്രംതകർന്നു പോയെന്നും വരാം...അങ്ങനെയാവുമ്പോൾ അതിലെ കഥകളും കവിതകളും നിലത്തു വീണു പിടഞ്ഞു ചാവും..ശേഷിക്കുന്നത്, നിർജ്ജീവങ്ങളായ കുറേ ഓർമ്മകളൂം മൌന നൊമ്പരങ്ങളും മാത്രം.......
"If thou speakest not, I will fill my heart with thy silence and endure it. I will keep still and wait like the night with starry vigil and its head bent low with patience.
The morning will sure come, the darkness will vanish, and, thy voice pour down in golden streams breaking through the sky"
- Gitanjali

2015, ജൂൺ 13, ശനിയാഴ്‌ച

മൌനത്തെ കുറിച്ചു പണ്ടു ഞാൻ നിനക്കെഴുതിയിരുന്നു..
നീ, ഓർക്കുന്നുവോ?
മൌനം സവിഷാദ മധുരസ്മൃതികളുടെ അയവിറക്കലാണെന്നും സ്നേഹത്തിന്റെ ഏറ്റവും ശക്തമായ സംവേദനമാർഗ്ഗമാണെന്നൊക്കെ.....
മനുഷ്യൻ സംവേദനമാർഗ്ഗമായി ഭാഷ കണ്ടുപിടിച്ചു...വിവിധ ഭാഷകളിലൂടെ, സംജ്ഞകളിലൂടെ അവൻ തമ്മിൽ സംവദിക്കുന്നു. എന്നാൽ, ഭാഷകളുടെ പരാജയത്തിന്റെ പ്രതീകമാണു മൌനം...അതുകൊണ്ടു കൂടിയാണു “അർത്ഥഗർഭമായ മൌനം” എന്നൊക്കെ എഴുത്തുകാർ എഴുതിവിടുന്നതു...
മൌനം എന്നാൽ നാം ഒന്നും മിണ്ടാതിരിക്കുന്ന അവസ്ഥയെയാണല്ലൊ വിവക്ഷിക്കുന്നതു. ‘ശൂന്യം’ അഥവാ ഒന്നുമില്ല എന്നതിനെ സൂചിപ്പിക്കാൻ ഗണിത ശാസ്ത്രത്തിൽ പൂജ്യം(0) എന്ന ചിഹ്നം ഉപയോഗിക്കുന്നതു പോലെയാണു, ഭാഷയിൽ, ഒന്നും ശബ്ദിക്കാത്ത അവസ്ഥയെ മൌനം എന്ന പദം കൊണ്ടു സൂചിപ്പിക്കുന്നതു.
ഗണിത ശാസ്ത്രത്തിൽ ഒന്നുമില്ല എന്നതിനെ സൂചിപ്പിക്കാൻ പൂജ്യം(0) എന്നെഴുതുമ്പോൾ അവിടെ ഒരു വട്ടം അടയാളം ഇടേണ്ടിവരുന്നു...അതായതു, ഒന്നുമില്ല എന്നു കാണിക്കാനും എന്തെങ്കിലും ചിഹ്നം ഉണ്ട്..എന്നുള്ള ആ അവസ്ഥ: എന്തു വിരോധാഭാസം ഇല്ലേ? അതു പോലെയാണു, ഭാഷകളിൽ മൌനം എന്ന വാക്കും!
ചില എഴുത്തുകാർ തങ്ങളുടെ രചനകളിൽ, നായിക: മൌനം...എന്നെഴുതുന്നതായി കാണാം..മൌനജാഥ സിന്ദാബാദ് എന്നു വിളിക്കുന്നതു പോലെ അരോചകമാണിതു.
ഒരാൾ നിശ്ശബ്ദനായിരിക്കുകയാണെങ്കിൽ, ഒന്നും മിണ്ടാതിരിക്കുകയേ നിവൃത്തിയുള്ളൂ...അല്ലാതെ ഞാൻ മൌനത്തിലാണെന്നു പറയാൻ കഴിയുകയില്ലല്ലോ!
അതു കൊണ്ട്, ഭാഷകളുടെ പരാജയമായി മൌനത്തെ കരുതാം...മൌനം എന്ന വാക്ക് കേൾക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന അർത്ഥബോധത്തേക്കാൾ എത്രയോ വലുതാണു, സംവദിച്ചു കൊണ്ടിരിക്കേ നമ്മുടെ സുഹൃത്തോ മറ്റോ പെട്ടെന്നു മൌനം പാലിക്കുമ്പോൾ നമുക്കനുഭവപ്പെടുന്നതു.
എന്തിനിപ്പോൾ വീണ്ടും ഞാൻ മൌനത്തെ കുറിച്ചെഴുതിയെന്നാവും നീ ചിന്തിക്കുന്നത്...കാരണമുണ്ട്.....
പണ്ടൊരിക്കൽ ഞാൻ ഇതുപോലെ മൌനത്തെ കുറിച്ച് ഉപന്യസിച്ചതു, എന്റെ തുടർച്ചയായ എഴുത്തുകൾക്ക് നീ മറുപടി അയക്കാതിരുന്നപ്പോഴായിരുന്നു..
“എന്റെ നീണ്ട മൌനങ്ങൾക്കും നിങ്ങളുടെ ക്ഷമയെ തോല്പിക്കാൻ കഴിയാത്തതിൽ ദു:ഖിക്കുന്നു” എന്നെഴുതിക്കൊണ്ടായിരുന്നു അന്നു നീ നിന്റെ മൌനം ഭഞ്ജിച്ചതു...
ഇപ്പോൾ, നീ വീണ്ടും പഴയതു പോലെ മൌനവ്രതത്തിലാണെന്നു തോന്നുന്നു..
അർത്ഥപൂർണമായ നിന്റെ മൌനത്തിന്റെ നാനാർത്ഥങ്ങൾ തിരിച്ചറിയാൻ എനിക്കു കഴിയും...നീ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങൾ, വീർപ്പുമുട്ടലുകൾ, നിസ്സഹായത...എല്ലാം ഞാൻ മനസ്സിലാക്കുന്നു...
“ കാറ്റ് പൂക്കളോട് പറഞ്ഞു:
വെറുതേ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാർവട്ടങ്ങളും
സ്നേഹം ചിരിയിലൊതുക്കുന്നു....
ആ പുഞ്ചിരിയിൽ വേദനയാണെന്നോ
................................................
കണ്ണുകൾ കൊണ്ടെന്നെ മുറിപ്പെടുത്താതെ
നിഷേധത്തിനിനി അർത്ഥമില്ല: ഞാൻ
സമ്മതിക്കുന്നു
എനിക്കു തെറ്റു പറ്റി“

2015, ജൂൺ 10, ബുധനാഴ്‌ച

സ്ത്രീ വിമോചനം എന്ന വാക്കു തന്നെ തെറ്റാണു..സ്ത്രീ മുന്നേറ്റം, സ്ത്രീ സമത്വ വാദം എന്നൊക്കെ പറയുന്നതിൽ പിന്നെയും അർത്ഥമുണ്ട്. എന്നാൽ, ഇത്തരം വിഷയങ്ങളെപറ്റി ചർച്ച ചെയ്യാൻ, അതിനു മുന്നിട്ടിറങ്ങാൻ എന്തു കൊണ്ടും അർഹതയുള്ളത്, അവകാശമുള്ളതു പുരുഷന്മാർക്കാണു.
സ്ത്രീ മുന്നേറ്റത്തെ കുറിച്ചും സ്ത്രീ സമത്വമെന്ന സങ്കല്പത്തെ കുറിച്ചും ചർച്ചകൾ തുടങ്ങിവെക്കേണ്ടതു, സംവാദങ്ങൾ നടത്തേണ്ടതു, ബോധവല്കരണം നടത്തേണ്ടതു പുരുഷന്മാരുടെ ഇടയിലാണു. സ്ത്രീ മുന്നേറ്റത്തിനു വേണ്ടി പ്രവർത്തിക്കുന്നതിനുള്ള ധാർമ്മികമായ അവകാശം പുരുഷനമാർക്കുള്ളതാണു.
സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെകുറിച്ചു പുരുഷനമാർ ചിന്തിക്കാറില്ല...വെറും ആയിരം രൂപക്കു, (ചിലപ്പോൾ അതിലും താഴെ) മാസ ശംബളത്തിനു ജോലി ചെയ്യുന്ന അഭ്യസ്ഥവിദ്യരായ പെൺകുട്ടികൾ കേരളത്തിലുണ്ട്...എസ്.ടി.ഡി. ബൂത്തിൽ(ഇപ്പോൾ അതില്ലല്ലോ), ഫോട്ടോസ്റ്റാറ്റ് മറ്റു ഓഫീസുകൾ എന്നിവിടങ്ങളിൽ, ഈയടുത്ത കാലങ്ങളിലായി കൂണു പോലെ മുളച്ചു പൊന്തിയ അൺ എയ്ഡഡ് സ്കൂളുകൾ.
ശംബളത്തിനു വേണ്ടി മാത്രമാണൊ അവർ ജോലി ചെയ്യുന്നതു? അല്ലേ, അല്ല....അത്, അവരുടെ ജീവിത ശൈലിതന്നെയായി രൂപാന്തരപെടുന്നു...രാവിലെ അണിഞ്ഞൊരുങ്ങി ബേഗിൽ ഒരു ചോറ്റു പാത്രവുമായി വീട്ടിൽ നിന്നിറങ്ങുന്നു...ജോലി സ്ഥലത്തെത്തിയാൽ, ആ ഫോട്ടോസ്റ്റാറ്റ് മെഷീനിന്റെ ഒരു ഭാഗമെന്നോണം അവർ ആ ജോലിയിൽ വ്യാപൃതരാവുന്നു..തികച്ചും യാന്ത്രികമായി...ജോലിയുടമയുടെ ശകാരവും അവഗണനകളും എല്ലാം സഹിച്ചു....ആ ജീവിതവുമായി അവർ സമരസപ്പെടുന്നു...ആരോടൊക്കെയോ ഉള്ള പ്രതികാരം തീർക്കലാണു ആ ജീവിതം...
ആരും ആ പെൺകുട്ടികളുടെ ആഗ്രഹങ്ങളെകുറിച്ചോ വികാര വിചാരങ്ങളെ കുറിച്ചോ ചിന്തിക്കാറില്ല...ചില്ലറയ്ക്കു വേണ്ടി എസ്.ടി.ഡി. ബൂത്തിൽ ഫോട്ടോസ്റ്റാറ്റ് ക്ലിയർ അല്ലെങ്കിൽ അല്ലെങ്കിൽ അല്പം താമസിച്ചാൽ നാം അവരോട് കയർക്കുന്നു...ശകാരിക്കുന്നു...പാവം എല്ലാം സഹിച്ചു കൊണ്ടു അവർ നില്ക്കുന്നു...
പാർലമെന്റിൽ 33 ശതമാനം സീറ്റ് സംവരണം ചെയ്തു നീക്കിവെച്ചാൽ, ബസ്സിൽ 10 ശതമാനം സീറ്റു നീക്കി വെച്ചാൽ തീരുന്നതാണൊ അവരുടെ പ്രശ്നങ്ങൾ...
അല്ലേയല്ല, 33 ശതമാനമൊന്നുമില്ലെങ്കിലും ഒരു 25 ശതമാനമെങ്കിലും പുരുഷന്മാർ തങ്ങളുടെ മനസ്സിൽ സ്ത്രീകളുടെ അവകാശങ്ങളെകുറിച്ചും അവരുടെ വികാര വിചാരങ്ങളെ കുറിച്ചും ഉൾക്കൊണ്ടുകൊണ്ട് പ്രവത്തിച്ചാൽ തീരുന്നതേയുള്ളൂ ഇവിടെയുള്ള പ്രശ്നങ്ങൾ....
അഴിമതിയുടേയും കുതികാൽ വെട്ടിന്റേയും മതാന്ധത നിറഞ്ഞ അധികാരത്തിന്റെ വിഴുപ്പു ഭാണ്ഡം ചുമക്കാൻ 33 ശതമാനം സ്ത്രീകളെ കൂടി തെരഞ്ഞെടുത്തയക്കുന്നതിനു പകരം എല്ലാ പുരുഷന്മാരും തങ്ങളുടെ ഹൃദയം ഒരു പാർലമെന്റായി കരുതി 33 ശതമാനം തന്റെ സഹോദരിക്കും പുത്രിമാർക്കും അമ്മമാർക്കും ഭാര്യമാർക്കും സംവരണം നല്കിയാൽ തന്നെ സ്ത്രീ സമത്വം അതിവിദൂരമല്ലാതെ തന്നെ സ്വായത്തമാക്കാൻ നമുക്കു കഴിയും.......