2008, ജൂൺ 18, ബുധനാഴ്‌ച

പ്രിയപ്പെട്ട സന്തോഷ്,


പ്രിയപ്പെട്ട സന്തോഷ്,
ഇന്നു വീണ്ടും ഞാൻ നിന്നെ കുറിച്ചു ഓർത്തുപോയി…………കാരണമുണ്ടു.ആനുകാലികങ്ങളിൽ ഈയടുത്തകാലത്തായി കാമ്പസ് രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ച കണ്ടു. കോടതി ഇടപെട്ടു കാമ്പസ്സിൽ രാഷ്ട്രീയം നിരോധിച്ചിരിക്കുകയാണല്ലോ..
പ്രിയ സ്‌നേഹിതാ, എവിടെയാണു നീ…….”സന്തോഷ് വെള്ളിയോട് ” എന്ന പേരിൽ നിന്റെ കവിതകൾ പ്രസിദ്ധീകരിക്കാൻ ‘സംവാദം’ എഡിറ്റർ എന്ന നിലയിൽ എനിക്കു ഭാഗ്യമുണ്ടായി….അന്നേ നിന്നിൽ ഞാനൊരു പ്രതിഭയെ കണ്ടിരുന്നു…..വളർന്നുവരുന്ന ഒരു കവി…
ഇന്നു ആനുകാലികങ്ങൾ മറിച്ചിടുമ്പോൾ അതിൽ ഞാൻ നിന്റെ പേരു, നിന്റെ കവിതകൾ, സൃഷ്ടികൾ എന്തെങ്കിലുമുണ്ടോയെന്നു തിരയാറുണ്ട്… എവിടെയാണു സ്‌നേഹിതാ…….ഏതു മൌനത്തിന്റെ പുറംതോടിനകത്താണു നീ മറഞ്ഞിരിക്കുന്നതു….ഇന്നും ഞാൻ കാത്തിരിക്കുന്നു…….ഒരുപക്ഷേ , നീണ്ട ഇടവേളകൾക്കു ശേഷം നീ വീണ്ടും എഴുതി തുടങ്ങുമെന്നു…..നിനക്കെന്താണു പറ്റിയതു….?
നീയോർക്കുന്നുവോ അന്നത്തെ ആ ദിവസങ്ങൾ…..വളരെ കുറച്ചെ നാം തമ്മിൽ സംസാരിച്ചുള്ളൂ…എങ്കിലും…!
ഡിഗ്രി പഠനത്തിന്റെ അവസാന നാളുകൾ പഠനത്തിന്റെയും മറ്റെന്ത്ല്ലാമോ ചിന്തകൾ അലട്ടിയിരുന്നത്കൊണ്ടോ എന്തോ സുഹൃത്തേ നിന്നെ കുറിച്ചു അന്വേഷിക്കാൻ കഴിഞ്ഞിരുന്നില്ല…
ഇന്നിപ്പോൾ എന്തൊ വല്ലാത്ത വിഷമം പോലെ ……ഞാൻ മുമ്പൊരെഴുത്തയച്ചതിനു നീ മറുപടിയും അയച്ചില്ല….
സന്ദീപിനെ കാണുമ്പോൾ ഞാൻ നിന്നെ കുറിച്ച് ചോദിക്കാറുണ്ടു…പക്ഷേ , അവനും കൂടുതലൊന്നും അറിയില്ലെന്നാണു പറയാറ്…
ഒത്തിരി പ്രതീക്ഷകളോടെയാണു നാം കാമ്പസ്സിലേക്കു കടന്നു വരുന്നത്…..കാമ്പസ്സ് വിട്ട് ജീവിതത്തിലേക്കു വരുമ്പോൾ ഒരു കുറെ സ്വകാര്യ ദു:ഖങ്ങൾ മാത്രമേ അതു നൽകുന്നുള്ളൂ….പ്രിയംകരങ്ങളായ ഒരു കുറെ ദു:ഖസ്മരണകളാണു കാമ്പസ്സ് അവശേഷിപ്പിക്കുന്നതു…
പ്രിയപ്പെട്ട സന്തോഷ്, നിന്നിലെ പ്രതിഭയെ തിരിച്ചറിയ്യൻ നമ്മുടെ കാമ്പസ്സിനു കഴിയാതെപോയി…എനിക്കു ദു:ഖമുണ്ടു…വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ സ്വാർത്ഥ മോഹങ്ങൾക്കു നിന്നെ ഉൽക്കൊള്ളാൻ കഴിഞ്ഞില്ലല്ലോ….
നിന്നെ ചവുട്ടിതാഴ്ത്തിയ ആ രാഷ്ട്രീയ പ്രതിയോഗികൾ ….അവസരവാദ ഗുണ്ടാരാഷ്ട്രിയത്തിൽ ശോഭിച്ചുനിൽക്കാനിടയുള്ള അവരിന്നു നമുക്കു എത്തിപിടിക്കാവുന്നതിലുമപ്പുറമാണു…..അവർ ചിലപ്പോൾ നാളെ മന്ത്രിമാരാവും…….സാംസ്കാരികമന്ത്രിയുമാവാം…എന്നിട്ടു നാളെ നമ്മെ നോക്കി സ്‌റ്റേജുകളിൽ കയറിനിന്നു വിപ്ലവം ചർദ്ദിക്കും…..
ചിലർ ചാനലുകളിൽ കുടിയേറിയിട്ടുണ്ടു…..പഴയ “സ്റ്റുഡന്റ് എഡിറ്റർ“ കുപ്പായവുമിട്ടു…അവരായിരിക്കും നാളത്തേ മുതിർന്ന പത്രാധിപർ…..
പക്ഷേ, അവരെ അനുസരിക്കാൻ …..അവരെ ബഹുമാനിക്കാൻ , അവർക്കുവേണ്ടി പേനയുന്താൻ എനിക്കു കഴിയില്ല…..
കാരണം……..പ്രതിഭകളെ ചവുട്ടിതാഴ്തിയും…മാഗസിനുകൾ വലിച്ചു കിറിയും രാഷ്ട്രിയ പ്രതിയോഗികളെ പട്ടിക ഉപയോഗിച്ചു അടിച്ചൊതുക്കിയും….വളർന്നുവന്ന ഇവരെങ്ങനെ സംസ്കാരവും സാഹിത്യവും കൈയ്യാളും………
അതുകൊണ്ടു…….പ്രിയ സ്‌നേഹിത, നിന്നിലെ പ്രതിഭയെ ഒട്ടേറെ ബഹുമാനിച്ച ,ആദരവോടെ തിരിച്ചറിഞ്ഞ ഒരു സുഹൃതെന്ന നിലയിൽ എനിക്കു ദു:ഖമുണ്ടു…ഉള്ളിൽ ഒടുങ്ങാത്ത വിദ്വേഷവും….
മൌനത്തിന്റെ പുറം തോടിനകത്തു നിന്നും ഇനിയും നിന്റെ കവിതകൾ പുറത്തു വരുന്നതും കാത്ത് നിന്റെ ഈ സുഹ്രുത്ത് ഇന്നും കാത്തിരിക്കുന്നു……….

2008, ജൂൺ 12, വ്യാഴാഴ്‌ച

പ്രിയപ്പെട്ട അശ്വതിക്ക്,


പ്രിയപ്പെട്ട അശ്വതിക്ക്,
അസ്വസ്ഥമായ മനസ്സുമായി ഞാൻ വീണ്ടും കുറിക്കുന്നു. ഇതു മഴക്കാലമാണ്…….പുറത്ത് മഴ ചാറുന്നുണ്ടെന്നു തോന്നുന്നു……ചറപറാന്നു പറഞ്ഞു പെട്ടെന്നു പെയ്യുന്ന മഴ എന്നിൽ ഭീതി പരത്തുന്നു. പൊടുന്നനെ പെയ്യുന്ന മഴ , മെല്ലെ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണുകൊണ്ടിരിക്കെ , പുറത്തു അതിഭയങ്കരമായ ശബ്ദം കേട്ടു ഞെട്ടിയുണരുന്നതുപോലെയാണു…..അഥവാ ഗാഢമായ ഉരക്കത്തിൽ ഭീകരമായ സ്വപ്നം കണ്ട് ഞെട്ടിയുണരുന്നതുപോലെയാണ്…മഴ ഒരോർമ്മയാണ്.. മെല്ലെ മെല്ലെ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകളെ പെട്ടെന്നുണർത്തുകയാണ് , മഴ ചെയ്യുന്നതു…അതുകൊണ്ടുതന്നെ മഴയെ ഞാൻ വെറുക്കുന്നു…
പുറത്തു മാത്രമല്ല അകത്തും മഴ പെയ്യുകയാണ്….ഭീതിദമായ ഒരു കുറെ ഓർമ്മകളുടെ ചാറ്റൽ മഴ……നഷ്ട ബാല്യത്തിന്റെ സ്മരണകളുണർത്തുന്ന മഴ……..
ജനലഴികൾക്കിടയിലൂടെ മഴയുടെ സംഗീതം കേട്ടുകൊണ്ടു മണിക്കൂറുകളോളം ഞാൻ നിന്നിട്ടുണ്ട്, ചെറുപ്പത്തിൽ ! അന്ന്, മെല്ലെ മെല്ലെ അരിച്ചെത്തുന്ന ശീതക്കാറ്റിനൊപ്പം , ആ നാലു ചുവരുകൾക്കുള്ളിലെ ഏകാന്തതയേയും സ്നേഹിച്ചു തുടങ്ങി……അങ്ങനെ ബാല്യത്തിൽ എന്റെ കളിക്കൂട്ടുകാരിയായത് ഏകാന്തതയായിരുന്നു……അവൾക്കൊപ്പം ഇറയത്തിരുന്നു ഒരുപാട് പ്രതീക്ഷകളോടെ നനുത്ത സ്വപ്നങ്ങളുടെ കടലാസ്സ് തോണികൾ മഴവെള്ളത്തിൽ ഒഴുകാൻ വിടുമായിരുന്നു….ശക്തരായ മഴത്തുല്ലികൾ, അൽപസമയം കുണ്ടുതന്നെ ആ സ്വപ്ന നൌകകൾ ചളിവെള്ളത്തിൽ കുതിർത്തു കളയുമായിരുന്നു….
സത്യത്തിൽ മഴക്കാലമായിരുന്നു എന്നെ ഏകാന്തതയോട് അടുപ്പിച്ചത്…കാരണം , മഴയത്ത് പുറത്തിറങ്ങാൻ കഴിയില്ലല്ലോ…അതുകൊണ്ട് മഴക്കാലങ്ങളിൽ മുറിയിൽ അടച്ചിരുന്നു ജനൽ തുറന്നിട്ടു മഴയുടെ സംഗീതം കേട്ടുകൊണ്ടു വെറുതേയിരിക്കും…ഇടയ്ക്കു ഇടിവെട്ടുമ്പോൾ ആ ജനലും കൊട്ടിയടയ്ക്കും…….അതുപോലെ ഭീതിദമായ ഓർമ്മകളുടെ നേർക്കു കോട്ടിയടയ്ക്കുവാൻ ഒരു ജനലുണ്ടായിരുന്നെങ്കിൽ !.......