2008, ഫെബ്രുവരി 20, ബുധനാഴ്‌ച

ഇന്നത്തെ ചിന്താവിഷയം

ഹൃദയമുള്ളവനല്ലേ ഹൃദ്രോഗം ഉണ്ടാവൂ.....?അതുകൊണ്ട് ഹൃദയമില്ലാത്ത എനിക്കു ഹൃദ്രോഗം ഉണ്ടാവില്ലല്ലോ.......മനസ്സു മരവിച്ചുപോയതിനാല്‍ മനോരോഗം വരാനും സാദ്ധ്യത കാണുന്നില്ല......മസ്തിഷ്കം മരിച്ച ഞാനിന്നു comma യിലാണ്....മരണത്തിനും ജീവിതത്തിനും ഇടയിലെ അനിര്‍‌വ്വചനീയമായ ഒരു സ്ഥിതിവിശേഷത്തിലേക്ക്...ചിലര്‍ " വട്ട് " എന്നും പറയും........ശരിക്കും മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള സവിശേഷമായ ഒരു അവസ്ഥയല്ലേ ഭ്രാന്ത്...........?

2008, ഫെബ്രുവരി 19, ചൊവ്വാഴ്ച

എന്‍‌റ്റെ ജീവിതം‌


എന്‍‌റ്റെ ജീവിതം‌ ഇങ്ങനെയൊക്കെയായിത്തീര്‍ന്നു........കുറ്റബോധമില്ല....കാരണം മുന്‍‌വിധികളോടെ ഞാന്‍ ഒരിക്കലും ജീവിതത്തെ സമീപിച്ചിട്ടില്ല. എങ്ങിനെയാണൊ ഞാന്‍ ജീവിച്ചത്......അതായിരുന്നു എന്‍‌റ്റെ ജീവിതം. ഇനിയുമൊരു ജീവിതമുണ്‍ടെങ്കില്‍ ഇങ്ങനെ തന്നെ ജീവിച്ചു തീര്‍ക്കാനാണ് എനിക്കിഷ്ടം.........ഒന്നുമാവാതെ...ഒന്നും നേടാതെ...ഒരു വിഡ്ഡീയെപ്പോലെ...ജീവിതത്തിലുടനീളം തന്നെ മനസ്സിലാക്കുകയോ സ്നേഹിക്കുകയോ ചെയ്തിട്ടില്ലാത്തവരെ വെറുതേ സ്നേഹിച്ച് ജീവിതത്തിന്‍‌റ്റെ നല്ല ദിനങ്ങള്‍ തള്ളി നീക്കുന്ന ഒരു കോമാളി....വെറും വിഡ്ഡീയായ മനുഷ്യന്‍! മറ്റുള്ളവരെ ചിരിപ്പിച്ച് , ചിന്തിപ്പിച്ച്,സന്തോഷിപ്പിച്ച്....ഇങ്ങനെയങ്ങ് നടന്നുപോവുന്നതല്ലേ നല്ലത്....നമുക്കായിട്ട് നഷ്ട സ്വപ്നങ്ങമാത്രം കൂട്ടിരിക്കട്ടെ ....എപ്പോഴും ഇല്ലേ? നമ്മെ മനസ്സിലാക്കുന്നവരെ നമുക്കു സ്നേഹിക്കാനാവുന്നില്ല...നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്കു നമ്മെ സ്നേഹിക്കാനും......അതാണ് ജീവിതം! അങ്ങനെ പരസ്പരം മന‍സ്സിലാക്കപ്പെടാതെയും സ്നേഹിക്കപ്പെടാതെയും വെറുതേ കുറേ ഒന്നിച്ചു ജീവിച്ച് ഒരിക്കല്‍ തമ്മില്‍ വിട ചൊല്ലിപ്പിരിഞ്ഞകലുന്നതാണ് ജീവിതം...അല്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ദു:ഖത്തിനെവിടെയാണ് വില......? വിരഹത്തിനെവിടെയാണ് സ്ഥാനം.....?

2008, ഫെബ്രുവരി 16, ശനിയാഴ്‌ച

സ്നേഹപൂര്‍വ്വം‌

സ്‌നേഹപൂർവ്വം

പ്രിയപ്പെട്ട അശ്വതിക്ക്,
വ്യഥിതമായ സ്വപ്നങ്ങളുടെ തിരയിളക്കത്താല്‍ അസ്വസ്ഥമായ മനസ്സുമായി , പ്രിയപ്പെട്ട പെണ്‍‌കുട്ടി, നിനക്കുവേണ്ടി മൗനത്തിന്‍‌റ്റെ നാനാര്‍ത്ഥങ്ങള്‍ തേടുന്ന വാക്കുകള്‍ അടുക്കിവെച്ച് തികച്ചും‌ അപൂര്‍ണ്ണമായ അര്‍ത്ഥതലങ്ങള്‍ തേടുന്ന വരികളാല്‍ ഞാനിതാ ഇത്രയും‌ കുറിക്കുന്നു....
"തന്നതില്ല പരനുള്ളു കാട്ടുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയിതപൂര്‍ണ്ണമിങ്ങഹോ
വന്നു പോം പിഴയുമര്‍ത്ഥശങ്കയാല്‍"
നളിനിയിലെ ഈ വരികള്‍ എന്തിനിവിടെ കുറിച്ചുവെന്നോ?പെട്ടെന്ന്,ഒരു ദിവസം നിന്നോട് യാത്ര പോലും പറയാതെ കാമ്പസ്സിന്‍‌റ്റെ പടിയിറങ്ങിപ്പോന്ന നിന്‍‌റ്റെയീ പ്രിയപ്പെട്ട എഴുത്തുകാരനെ ഒരിക്കലെങ്കിലും നീ മനസ്സാ ശപിച്ചുകാണും.....! ഒരു പക്ഷേ, നീയിപ്പോഴും ഓര്‍ക്കുന്നുണ്ടാവും....കോളെജിനു മുമ്പിലെ ആ ബസ് സ്റ്റോപ്പില്‍ ബസു കാത്തെന്ന വ്യാജേന വെറുതേയിരുന്നു സമയം കളഞഞ ആ സായാഹ്നങ്ങള്‍...റോഡിന്‍‌റ്റെ ഒരു വശത്ത് വടകരയ്ക്കു ബസു കാത്ത് നീയും നിന്‍‌റ്റെ രണ്ടു കൂട്ടുകാരികളും....ഇങ്ങേ ഓരത്ത് ചായക്കടയ്ക്കടുത്തായി ടെലിഫോണ്‍ പോസ്റ്റും ചാരി ഞാനും.... ഒട്ടനവധി ബസ്സുകള്‍ വന്നു നിന്നിട്ടും അതിലൊന്നും കയറാതെ എത്രയോ നേരം നാം വെറുതേ സമയം കളഞ്ഞിരുന്ന ആ സായാഹ്നത്തിന്‍‌റ്റെ ഓര്‍മ്മ...ആ ഓര്‍മ്മകളുണര്‍ത്തുന്ന ഒരു നേര്‍ത്ത വിഷാദം...എത്ര മധുരമുള്ളതായിരുന്നു ആ ദിനങ്ങള്‍...ഇല്ലേ? മാച്ചിനാരികുന്നിനെ ചൂഴ്ന്നു നില്‍ക്കുന്ന ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന അന്നത്തെ നീളമേറിയ പകലുകളില്‍ നാം സം‌വദിച്ചിരുന്നതു മൗനത്തിന്‍‌റ്റെ ഭാഷയിലായിരുന്നെന്നോ?...."മൗനം സവിഷാദ സ്മൃതികളുടെ അയവിറക്കലാണെന്നു" അന്നു നീ ഏതോ കവിതയില്‍ വീമ്പു പറഞ്ഞിരുന്നു...എന്തൊക്കെ മണ്ടന്‍ സാഹിത്യങ്ങളാണ് അന്നു നാം കുത്തികുറിച്ചിരുന്നത്...നിന്‍‌റ്റെ വിരസമായ കവിതകള്‍ക്കു ചെവി തരാതിരിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല...കവിതകളും മണ്ടന്‍സാഹിത്യങ്ങളും നിറഞ്ഞ ആ നല്ല നാളുകള്‍ ...മനസ്സു തുറന്നു ചിരിച്ചിട്ടു എത്ര നാളുകളായിരിക്കുന്നു...ഇല്ലേ? ഏതാണ്ട് നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, "ഐശ്വര്യ" ബസില്‍ യാത്ര ചെയ്യുമ്പോള്‍ വഴിക്കു കൈനാട്ടി ബസ് സ്റ്റോപ്പില്‍ വടകരയ്ക്കുള്ള ബസ്സു കാത്ത് നില്‍ക്കുന്ന നിന്നെ കാണാന്‍ കഴിഞ്ഞത് ഒരു നിമിത്തമാണെന്നു കരുതട്ടെ...പക്ഷേ, ബസിലിരുന്നു ഞാന്‍ കൈ വീശിയെങ്കിലും നീ എന്നെ ശ്രദ്ധിച്ചതേയില്ല..നിന്‍‌റ്റെ ശ്രദ്ധ മറ്റെങ്ങോ ആയിരുന്നു... ഒരു ഭൗതിക ശാസ്ത്ര വിദ്യാര്‍തഥിനിയായിരുന്ന നീ "സംഭാവ്യതകളുടെ ശാസ്ത്രം" (Probability Theory) പഠിക്കാഞ്ഞതുകൊണ്ടായിരിക്കം ആ വഴിയില്‍ ഞാന്‍ യാത്ര ചെയ്യുവാനുള്ള കുറഞ്ഞ സാധ്യത പോലും നീ തള്ളികളഞ്ഞത്...ഇല്ലേ?പിന്നീടെപ്പോഴൊ നീ തെക്കന്‍ കേരളത്തിലെ ഏതോ ഒരു നസ്രാണി കോളേജില്‍ physics ല്‍ ബിരുദാനന്തരബിരുദത്തിനു പഠിക്കുകയാണെന്നു "ആരോ പറഞ്ഞ്" ഞാന്‍ അറിഞ്ഞു.... "ആരോ പറഞ്ഞ്" എന്നു ഞാന്‍ പൂച്ചമാന്തി(Quotation Mark)യിട്ട് എഴുതിയത് നീ ശ്രദ്ധിച്ചു കാണുമല്ലോ.....എല്ലാം ഞാന്‍ ആരോ പറഞ്ഞ് അറിയേണ്ടിയിരിക്കുന്നു ഇല്ലേ? അത്രയ്ക്കും ഞാന്‍ നിനക്ക് അന്യനായെന്നൊ കുട്ടീ...? ഒരു വിധി വിസ്വാസിയായ നിനക്ക് അതിനെ വേണമെങ്കില്‍ വിധി,നിയോഗം......എന്നൊക്കെ പറഞ്ഞ് ആശ്വസിക്കാം.....അന്നൊരിക്കല്‍ നീ പറഞ്ഞത് ഞാനോര്‍ക്കുന്നു......നിനക്ക് മന:ശാസ്ത്രം ഇഷ്ടമായിരുന്നുവെന്ന്....M.A Psychology പഠിക്കാനാഗ്രഹിച്ച നീ M.Sc Physics പഠിക്കുന്നതും Fate.....അല്ലാതെ മറ്റെന്താണ്.... പിന്നീട്, മൂന്നാലു മാസങ്ങള്‍ക്കു മുമ്പ് നീ ഒരു ഫൂട് വേര്‍ ഷോപ്പിലേക്ക് കയറിപ്പോകുന്നത് ഞാന്‍ കണ്ടിരുന്നു.....അന്നു നീ സാരിയൊക്കെയുടുത്ത് വളരെ ഗമയിലായിരുന്നു....ഒരു ടീച്ചറുടെ എല്ലാ ഗൗരവവും നിന്‍‌റ്റെ മുഖത്തുണ്ടായിരുന്നു ....ബിരുദാനന്തരബിരുദവും ടീച്ചിങ് ബിരുദവും കഴിഞ്ഞ് നീയിപ്പോള്‍ ഏതെങ്കിലും ഹയര്‍സെക്കണ്ടറി സ്കൂളില്‍ ടീച്ചറായി ജോയീന്‍ ചെയ്തു കാണും...അന്നു നിന്നെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ടു ഞാന്‍ ഒരു ഹോട്ടലിലേക്കു കയറീയൊളിക്കുകയായിരുന്നു ഞാന്‍ ചെയ്തത്.... കാരണമുണ്ടു, ബുദ്ധിജീവി....ജീനിയസ് എന്നൊക്കെയാണല്ലോ അന്നു നീ എന്നെ വിശേഷിപ്പിച്ചിരുന്നത്...എന്നാല്‍ നിനക്കറിയ്വോ ഞാനിന്ന് എവിടെയുമെത്തിയില്ല...പ്രിയപ്പെട്ട കൂട്ടുകാരി ഞാനിന്നു കവിയോ കലാകാരനോ അല്ല.....എവിടെയൊക്കെയോ പിഴച്ചുപോയി ജീവിതത്തില്‍ ഒന്നുമാകാത്ത ഞാനെങ്ങനെയാണ് കുട്ടി, നിന്നെ അഭിമുഖീകരിക്കേണ്ടത്....?" ഹായ്! ഇപ്പോള്‍ എന്തു ചെയ്യുന്നു?" എന്ന നിന്‍‌റ്റെ ചോദ്യത്തിനു മറുപടിയായി എന്നില്‍ ഒരു ഉത്തരവിമില്ല...... ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു.....ജീവിതത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്‍ധിതനായി എന്നു പറയുന്നതാവും ശരി....പരിചയക്കാരെ കാണുമ്പോള്‍ ഞാന്‍ അപരിചിതത്വം നടിക്കുന്നു...സഹപാഠികളെ കാണുമ്പോള്‍ ഞാന്‍ തിരിഞ്ഞു നടക്കുന്നു.കാരണം അവരുചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ വയ്യാഞ്ഞിട്ടു തന്നെ.....അതുകൊണ്ടു തന്നെ അപരിചിതമായ നാട്ടിലേക്കു കുടിയേറണമെന്നുണ്ടു...അവിടെ തന്നെ അറിയുന്നവര്‍ ആരും തന്നെയുണ്ടാവരുത് ....സൗഹൃദങ്ങള്‍....ബന്ധങ്ങള്‍...പരിചയങ്ങള്‍...എല്ലാം വെറുത്തു തുടങ്ങിയിരിക്കുന്നു.......സഹൃദങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞുപോവുന്നു...പണമില്ല,ജോലിയില്ല,സ്നേഹിക്കാനോ വിശ്വസിക്കാനോ കൊള്ളാത്തവന്‍..അത്തരം ആളുകളുമായി ആരാണ് സൗഹൃദം തുടരുന്നത്? നഷ്ടങ്ങളുടെ ബാക്കിപത്രമായ ഒരു ജീവിതം...........പ്രിയമിത്രമേ നീ എഴുതിയത് എത്ര ശരിയാണ്....എന്തിനോ വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യനും എന്തും അറിയാന്‍ അഭിവാഞ്ചയുള്ള ഒരു സമൂഹവും!

2008, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ചരമദിനം












ചരമദിനം
ഇന്നലെ,
എന്‍റ്റെ ചരമദിനമായിരുന്നു- നാലാം ചരമവാര്‍ഷികം !
ഇന്നലെ ഇതേ ദിവസമായിരുന്നു-
എന്‍റ്റെ 39-താമത്തെ വയസ്സില്‍ ഞാന്‍
‍സ്വയം മരണത്തിലേക്കു നടന്നു മറഞ്ഞത്......
(ഞാന്‍ അവിവാഹിതനായിരുന്നു,കേട്ടോ...)

ഇന്നലെ,
രാവിലെത്തന്നെ ഞാന്‍
‍സെമിത്തേരിയില്‍ ചെന്നു നോക്കിയിരുന്നു;
അവിടെ എന്‍റ്റെ കല്ലറയ്ക്കു മുകളില്‍
‍ആരൊ കുറച്ചു പൂക്കള്‍ കൊണ്ടു വെച്ചിരുന്നു....
ആരായിരിക്കാം ആ പൂക്കള്‍ അവിടെ വെച്ചിട്ടുപോയത്?

അശ്വതി ആയിരിക്കുമോ?
(ഒരു സ്വകാര്യം, അവള്‍ എന്‍റ്റെ പഴയ കാമുകിയായിരുന്നു,
അവളെ കല്യാണം കഴിക്കാന്‍ പറ്റാത്തതിനാലാണല്ലൊ
ഞാന്‍ അവിവാഹിതനായി തുടര്‍ന്നത്...)
അശ്വതിയാവാന്‍ വഴിയില്ല......
അവള്‍ക്കെവിടെയാണ് അതിനു നേരം,
കുട്ടിയെ സ്കൂളില്‍ ചേര്‍ക്കേണ്ട തിരക്കിനിടയില്‍
‍ഇന്നലെ അവള്‍ക്കെവിടെയാണു അതിനു സമയം.

ഇനി ചിലപ്പോള്‍ സുധീഷായിരിക്കുമോ?
എന്‍റ്റെ പഴയ സതീര്‍ത്ഥ്യന്‍,
Never.....അവനിപ്പോള്‍
U. S ല്‍ Post-Doc ചെയ്യുകയാണല്ലോ!

പിന്നെ ആരായിരിക്കാം?
പഴയ സഹപ്രവര്‍ത്തകന്‍ കോശിച്ചായന്‍...
ഹേയ് Never,
അയാളിപ്പോള്‍ പ്രമോഷനായി തലസ്ഥാനത്തെങ്ങാണ്ടാണല്ലോ...

പഴയ നേതാവ് സ:കണാരേട്ടന്‍...ഇപ്പോഴത്തെ -----വകുപ്പു മന്ത്രി.
(അന്ന് ഞാനും ഒരു സജീവ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു,ട്ടോ.
അന്ന് , കേന്ദ്രാവഗണനയ്ക്കെതിരെ
ഞാനും കണാരേട്ടന്‍റ്റെ കൂടെ നിരാഹാരം കിടന്നതാണല്ലൊ......)
ശരിയാണല്ലോ, വ്യെവസായം തുടങ്ങാനെന്ന പേരില്‍
‍നാട്ടിലെ ഭൂമി വിറ്റിട്ടാണെങ്കിലും
ജനങ്ങളെ പട്ടിണിക്കിടാതെ
കേന്ദ്രാവഗണനയെ ചെറുക്കുന്നതിനിടയില്‍
അദ്ദേഹത്തിനെവിടെയാണ് ഇതിനൊക്കെ നേരം.

ഇനിയിപ്പോള്‍,
എന്‍റ്റെ കവിതയൊക്കെ വായിച്ച്
ആരാധന മൂത്ത നിങ്ങളിലാരെങ്കിലുമാണോ
ആ പൂക്കള്‍ അവിടെ വെച്ചിട്ടു പോയത്?

2008, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

കാത്തിരിപ്പ്

കാത്തിരിപ്പ്

ജീവിതത്തില്‍
ഒരഞ്ചു നിമിഷമെങ്കിലും
കാത്തിരിക്കാത്തവരായിട്ടാരുണ്ടാവും?
തന്‍‌റ്റെ കാമുകിയ്ക്കു വേണ്ടി,
സുഹൃത്തിനു വേണ്ടി,

ഭാര്യയ്ക്കു വേണ്ടി,
ശത്രുവിനു വേണ്ടി,

നാട്ടിലേക്കുള്ള ബസ്സിനു വേണ്ടി,
കത്തിനുള്ള
മറുപടിക്കു വേണ്ടി............
മനുഷ്യരുടെ കാത്തിരിപ്പിന്‍‌റ്റെ പട്ടിക നീളുന്നു.

ഈ ജീവിതം തന്നെ ഒരുതരത്തില്‍ കാത്തിരിപ്പല്ലേ?
കാത്തിരിപ്പിന് പല വകഭേദങ്ങളുണ്‌ട്-
ചില സുഹൃത്തുക്കളുണ്ട്,
“ ഒരാളെ കണ്ടിട്ടു-

വരാമെന്നു “ പറഞ്ഞു പോകും...
നാം കാത്തിരിക്കാനുള്ള തയ്യാറെടുപ്പിലാവും.
പക്ഷേ, പോയതു പോലെ
നമ്മുടെ സുഹൃത്ത്
തിരിച്ചു വരും,”
അയാളെ കണ്ടില്ലെന്നും പറഞ്ഞ്...”

ചില നിര്‍ഭാഗ്യവാന്‍‌മാരുടെ
(അതോ ഭാഗ്യവന്‍‌മാരോ)
ജീവിതത്തില്‍
മരണവും അതു പോലെയാണ്........
കാത്തിരിക്കാനിട നല്‍കാതെ ,
വളരെപ്പെട്ടെന്ന്
മരണം അവരെ മാടി വിളിക്കുന്നു.
എന്നാല്‍ ചിലരുടെ കാര്യം നേരെ തിരിച്ചാണ്,
കാത്തിരുന്നു,കാത്തിരുന്നു നാം മുഷിയുന്നു....
ഒടുക്കം, സുഹൃത്തിനെ കാണാതെ വരുമ്പോള്‍

നാം അങ്ങോട്ട് അന്വേഷിച്ചു ചെല്ലുന്നു.
അതുപോലെ ചിലര്‍ മൃത്യുവിനെ തേടി

അങ്ങോട്ടു ചെല്ലുന്നു.....
അതാണ് ഞാന്‍ പറഞ്ഞത്,
ജീവിതം തന്നെ
ഒരുതരം കാത്തിരിപ്പാണെന്ന്...