2008, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

ഓണം ഓർമകളിലൂടെ



ഓണം ഓർമകളിലൂടെ......
വിണ്ടും ഒരോണം കൂടെ വരികയാണ്‌......
ഇന്ന് വിശാഖം നാളാണ്...അത്തവും ചിത്തിരയും ചോതിയും കഴിഞ്ഞിരിക്കുന്നു........ഓര്‍മകളില്‍ മാത്രമൊതുങ്ങുന്ന ഓണം . ഇന്ന് ഈ ഓണക്കാലത്തും എന്റെ മനസ്സില്‍ ആ പഴയ ആഗ്രഹം നിറവേറാതെ തന്നെ കിടക്കുന്നു ....
ഈ ഓണനാളിൽ ഞാനാഗ്രഹിക്കുന്ന ഒരേ ഒരു കാര്യം മാത്രമേ ഉള്ളു ...ജിവിതത്തില്‍ ഒരിക്കലെങ്കിലും മാവേലിയുടെ വേഷം കെട്ടണം..ഓലക്കുടയും ചൂടി മണിയും കുലുക്കി കിരിടമെല്ലാം ധരിച്ചു ഊരു ചുറ്റി നടക്കണം അടുത്ത തിരുവോണത്തിലെങ്കിലും എന്റെ ആഗ്രഹം സാധിക്കുമോ ...? ദക്ഷിണ സ്വീകരിക്കാനല്ല വെറുതെ ..നഷ്ട പ്രതാപങ്ങളുടെ വിഷാദ സ്മൃതികളുമായാണല്ലൊ മാവേലിത്തമ്പുരാൻ നമ്മുടെ മുന്നിലെത്തുന്നത്....തന്റെ പ്രിയപ്പെട്ട പ്രജകളെ വിണ്ടും കാണാമെന്ന പ്രതീക്ഷയുമായി മാവേലി തമ്പുരാൻ വീണ്ടും വരുന്നു.....
അതുപോലെ മാവേലി വേഷവും കെട്ടി എനിക്ക് നിന്റെ നാട് കാണണം നീ ജനിച്ചു വളര്‍ന്ന നാട് ,നിന്റെ വിട് ,നിന്റെ അയല്‍ക്കാരുടെ വിടുകള്‍ നിന്റെ കൂട്ടുകാരുടേ വീടുകൾ നിന്റെ ബന്ധുക്കളുടെ വീടുകൾ കയറിയിറങ്ങുക. അങ്ങിനെ വീണ്ടുമൊരിക്കൽ കൂടി എനിക്കു നിന്റെ മുഖം കാണാമല്ലോ...നിന്റെ വീടും വീട്ടുകാരേയും..നിന്റെ കയ്യില്‍ നിന്നും ദക്ഷിണ വാങ്ങി നിന്നെ അനുഗ്രഹിക്കാൻ സാധിക്കുന്നതില്പരം ഈ ഓണത്തിനു വേറെന്തു മധുരമാണ് എനിക്ക് കിട്ടുക .........?

അല്പം പോലും നിയെന്നെ തിരിച്ചറിയാതിരിക്കാന്‍ പരമാവധി വേഷ പ്രച്ഛ്ന്നനാവാൻ ഞാന്‍ ശ്രമിക്കാം ....മാവേലിയായി നിന്റെ മുമ്പില്‍ വന്നു പെടനുള്ള ആഗ്രഹം മാത്രമെ ഈ ഓണക്കാലത്ത് അവശേഷിക്കുന്നുള്ളൂ..
മഹാബലിത്തമ്പ്രാൻ ഒരുകണക്കിനു ഭാഗ്യവാനാണു .....വിണ്ടും വര്‍ഷാവര്‍ഷം അദ്ദേഹത്തിനു തന്റെ പ്രജകളെ കാണാമല്ലോ........മഹാബലിയായി ജനിച്ചിരുന്നെങ്കിൽ !
മഹാബലിയെ ചവുട്ടി താഴ്ത്താന്‍ ഒരു വാമനന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു....
എന്നാല്‍ നമ്മില്‍ പലരെയും ചവുട്ടി താഴ്ത്താന്‍ ഒത്തിരി വാമനന്മാര്‍ അവസരം കാത്തിരിക്കുന്നു...ഒരു വരം പോലും തരാതെ അവര്‍ നമ്മെ എന്നേയ്ക്കുമായി ചവുട്ടി താഴ്ത്തുന്നു .....!


2008, ജൂൺ 18, ബുധനാഴ്‌ച

പ്രിയപ്പെട്ട സന്തോഷ്,


പ്രിയപ്പെട്ട സന്തോഷ്,
ഇന്നു വീണ്ടും ഞാൻ നിന്നെ കുറിച്ചു ഓർത്തുപോയി…………കാരണമുണ്ടു.ആനുകാലികങ്ങളിൽ ഈയടുത്തകാലത്തായി കാമ്പസ് രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ച കണ്ടു. കോടതി ഇടപെട്ടു കാമ്പസ്സിൽ രാഷ്ട്രീയം നിരോധിച്ചിരിക്കുകയാണല്ലോ..
പ്രിയ സ്‌നേഹിതാ, എവിടെയാണു നീ…….”സന്തോഷ് വെള്ളിയോട് ” എന്ന പേരിൽ നിന്റെ കവിതകൾ പ്രസിദ്ധീകരിക്കാൻ ‘സംവാദം’ എഡിറ്റർ എന്ന നിലയിൽ എനിക്കു ഭാഗ്യമുണ്ടായി….അന്നേ നിന്നിൽ ഞാനൊരു പ്രതിഭയെ കണ്ടിരുന്നു…..വളർന്നുവരുന്ന ഒരു കവി…
ഇന്നു ആനുകാലികങ്ങൾ മറിച്ചിടുമ്പോൾ അതിൽ ഞാൻ നിന്റെ പേരു, നിന്റെ കവിതകൾ, സൃഷ്ടികൾ എന്തെങ്കിലുമുണ്ടോയെന്നു തിരയാറുണ്ട്… എവിടെയാണു സ്‌നേഹിതാ…….ഏതു മൌനത്തിന്റെ പുറംതോടിനകത്താണു നീ മറഞ്ഞിരിക്കുന്നതു….ഇന്നും ഞാൻ കാത്തിരിക്കുന്നു…….ഒരുപക്ഷേ , നീണ്ട ഇടവേളകൾക്കു ശേഷം നീ വീണ്ടും എഴുതി തുടങ്ങുമെന്നു…..നിനക്കെന്താണു പറ്റിയതു….?
നീയോർക്കുന്നുവോ അന്നത്തെ ആ ദിവസങ്ങൾ…..വളരെ കുറച്ചെ നാം തമ്മിൽ സംസാരിച്ചുള്ളൂ…എങ്കിലും…!
ഡിഗ്രി പഠനത്തിന്റെ അവസാന നാളുകൾ പഠനത്തിന്റെയും മറ്റെന്ത്ല്ലാമോ ചിന്തകൾ അലട്ടിയിരുന്നത്കൊണ്ടോ എന്തോ സുഹൃത്തേ നിന്നെ കുറിച്ചു അന്വേഷിക്കാൻ കഴിഞ്ഞിരുന്നില്ല…
ഇന്നിപ്പോൾ എന്തൊ വല്ലാത്ത വിഷമം പോലെ ……ഞാൻ മുമ്പൊരെഴുത്തയച്ചതിനു നീ മറുപടിയും അയച്ചില്ല….
സന്ദീപിനെ കാണുമ്പോൾ ഞാൻ നിന്നെ കുറിച്ച് ചോദിക്കാറുണ്ടു…പക്ഷേ , അവനും കൂടുതലൊന്നും അറിയില്ലെന്നാണു പറയാറ്…
ഒത്തിരി പ്രതീക്ഷകളോടെയാണു നാം കാമ്പസ്സിലേക്കു കടന്നു വരുന്നത്…..കാമ്പസ്സ് വിട്ട് ജീവിതത്തിലേക്കു വരുമ്പോൾ ഒരു കുറെ സ്വകാര്യ ദു:ഖങ്ങൾ മാത്രമേ അതു നൽകുന്നുള്ളൂ….പ്രിയംകരങ്ങളായ ഒരു കുറെ ദു:ഖസ്മരണകളാണു കാമ്പസ്സ് അവശേഷിപ്പിക്കുന്നതു…
പ്രിയപ്പെട്ട സന്തോഷ്, നിന്നിലെ പ്രതിഭയെ തിരിച്ചറിയ്യൻ നമ്മുടെ കാമ്പസ്സിനു കഴിയാതെപോയി…എനിക്കു ദു:ഖമുണ്ടു…വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ സ്വാർത്ഥ മോഹങ്ങൾക്കു നിന്നെ ഉൽക്കൊള്ളാൻ കഴിഞ്ഞില്ലല്ലോ….
നിന്നെ ചവുട്ടിതാഴ്ത്തിയ ആ രാഷ്ട്രീയ പ്രതിയോഗികൾ ….അവസരവാദ ഗുണ്ടാരാഷ്ട്രിയത്തിൽ ശോഭിച്ചുനിൽക്കാനിടയുള്ള അവരിന്നു നമുക്കു എത്തിപിടിക്കാവുന്നതിലുമപ്പുറമാണു…..അവർ ചിലപ്പോൾ നാളെ മന്ത്രിമാരാവും…….സാംസ്കാരികമന്ത്രിയുമാവാം…എന്നിട്ടു നാളെ നമ്മെ നോക്കി സ്‌റ്റേജുകളിൽ കയറിനിന്നു വിപ്ലവം ചർദ്ദിക്കും…..
ചിലർ ചാനലുകളിൽ കുടിയേറിയിട്ടുണ്ടു…..പഴയ “സ്റ്റുഡന്റ് എഡിറ്റർ“ കുപ്പായവുമിട്ടു…അവരായിരിക്കും നാളത്തേ മുതിർന്ന പത്രാധിപർ…..
പക്ഷേ, അവരെ അനുസരിക്കാൻ …..അവരെ ബഹുമാനിക്കാൻ , അവർക്കുവേണ്ടി പേനയുന്താൻ എനിക്കു കഴിയില്ല…..
കാരണം……..പ്രതിഭകളെ ചവുട്ടിതാഴ്തിയും…മാഗസിനുകൾ വലിച്ചു കിറിയും രാഷ്ട്രിയ പ്രതിയോഗികളെ പട്ടിക ഉപയോഗിച്ചു അടിച്ചൊതുക്കിയും….വളർന്നുവന്ന ഇവരെങ്ങനെ സംസ്കാരവും സാഹിത്യവും കൈയ്യാളും………
അതുകൊണ്ടു…….പ്രിയ സ്‌നേഹിത, നിന്നിലെ പ്രതിഭയെ ഒട്ടേറെ ബഹുമാനിച്ച ,ആദരവോടെ തിരിച്ചറിഞ്ഞ ഒരു സുഹൃതെന്ന നിലയിൽ എനിക്കു ദു:ഖമുണ്ടു…ഉള്ളിൽ ഒടുങ്ങാത്ത വിദ്വേഷവും….
മൌനത്തിന്റെ പുറം തോടിനകത്തു നിന്നും ഇനിയും നിന്റെ കവിതകൾ പുറത്തു വരുന്നതും കാത്ത് നിന്റെ ഈ സുഹ്രുത്ത് ഇന്നും കാത്തിരിക്കുന്നു……….

2008, ജൂൺ 12, വ്യാഴാഴ്‌ച

പ്രിയപ്പെട്ട അശ്വതിക്ക്,


പ്രിയപ്പെട്ട അശ്വതിക്ക്,
അസ്വസ്ഥമായ മനസ്സുമായി ഞാൻ വീണ്ടും കുറിക്കുന്നു. ഇതു മഴക്കാലമാണ്…….പുറത്ത് മഴ ചാറുന്നുണ്ടെന്നു തോന്നുന്നു……ചറപറാന്നു പറഞ്ഞു പെട്ടെന്നു പെയ്യുന്ന മഴ എന്നിൽ ഭീതി പരത്തുന്നു. പൊടുന്നനെ പെയ്യുന്ന മഴ , മെല്ലെ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണുകൊണ്ടിരിക്കെ , പുറത്തു അതിഭയങ്കരമായ ശബ്ദം കേട്ടു ഞെട്ടിയുണരുന്നതുപോലെയാണു…..അഥവാ ഗാഢമായ ഉരക്കത്തിൽ ഭീകരമായ സ്വപ്നം കണ്ട് ഞെട്ടിയുണരുന്നതുപോലെയാണ്…മഴ ഒരോർമ്മയാണ്.. മെല്ലെ മെല്ലെ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകളെ പെട്ടെന്നുണർത്തുകയാണ് , മഴ ചെയ്യുന്നതു…അതുകൊണ്ടുതന്നെ മഴയെ ഞാൻ വെറുക്കുന്നു…
പുറത്തു മാത്രമല്ല അകത്തും മഴ പെയ്യുകയാണ്….ഭീതിദമായ ഒരു കുറെ ഓർമ്മകളുടെ ചാറ്റൽ മഴ……നഷ്ട ബാല്യത്തിന്റെ സ്മരണകളുണർത്തുന്ന മഴ……..
ജനലഴികൾക്കിടയിലൂടെ മഴയുടെ സംഗീതം കേട്ടുകൊണ്ടു മണിക്കൂറുകളോളം ഞാൻ നിന്നിട്ടുണ്ട്, ചെറുപ്പത്തിൽ ! അന്ന്, മെല്ലെ മെല്ലെ അരിച്ചെത്തുന്ന ശീതക്കാറ്റിനൊപ്പം , ആ നാലു ചുവരുകൾക്കുള്ളിലെ ഏകാന്തതയേയും സ്നേഹിച്ചു തുടങ്ങി……അങ്ങനെ ബാല്യത്തിൽ എന്റെ കളിക്കൂട്ടുകാരിയായത് ഏകാന്തതയായിരുന്നു……അവൾക്കൊപ്പം ഇറയത്തിരുന്നു ഒരുപാട് പ്രതീക്ഷകളോടെ നനുത്ത സ്വപ്നങ്ങളുടെ കടലാസ്സ് തോണികൾ മഴവെള്ളത്തിൽ ഒഴുകാൻ വിടുമായിരുന്നു….ശക്തരായ മഴത്തുല്ലികൾ, അൽപസമയം കുണ്ടുതന്നെ ആ സ്വപ്ന നൌകകൾ ചളിവെള്ളത്തിൽ കുതിർത്തു കളയുമായിരുന്നു….
സത്യത്തിൽ മഴക്കാലമായിരുന്നു എന്നെ ഏകാന്തതയോട് അടുപ്പിച്ചത്…കാരണം , മഴയത്ത് പുറത്തിറങ്ങാൻ കഴിയില്ലല്ലോ…അതുകൊണ്ട് മഴക്കാലങ്ങളിൽ മുറിയിൽ അടച്ചിരുന്നു ജനൽ തുറന്നിട്ടു മഴയുടെ സംഗീതം കേട്ടുകൊണ്ടു വെറുതേയിരിക്കും…ഇടയ്ക്കു ഇടിവെട്ടുമ്പോൾ ആ ജനലും കൊട്ടിയടയ്ക്കും…….അതുപോലെ ഭീതിദമായ ഓർമ്മകളുടെ നേർക്കു കോട്ടിയടയ്ക്കുവാൻ ഒരു ജനലുണ്ടായിരുന്നെങ്കിൽ !.......

2008, ഏപ്രിൽ 1, ചൊവ്വാഴ്ച

ഇന്നത്തെ ചിന്താവിഷയം

ആദര്‍ശം പ്രസംഗിക്കാനുള്ളത്.........
ജീവിതം ആസ്വദിക്കാനും.......!

2008, മാർച്ച് 14, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യം


സ്വാതന്ത്ര്യം
ഗര്‍ഭപാത്രം അവനൊരു തടവറയായിരുന്നു...

അസ്വതന്ത്രതകളുടെ ഇടയിലേക്ക് ജനിച്ചു വീണ

അവന്‍
ശിക്ഷണങ്ങളുടേയും

നിയന്ത്രണങ്ങളുടേയും
നടുവില്‍ കിടന്നു വീര്‍പ്പു മുട്ടി....

സ്വന്തമിഷ്ടപ്രകാരമല്ലല്ലൊ ഓരോരുത്തരും വളരുന്നത്....

ഓരോ മനുഷ്യനും
സ്വയം തീര്‍ക്കുന്ന

തടവറകള്‍ക്കുള്ളിലാണ്


തന്‍‌റ്റെ ജീവിതം ഹോമിച്ചു തീര്‍ക്കുന്നത്.


ചിലര്‍ക്ക് അത് വിശ്വാസങ്ങളുടെ തടവറയാണെങ്കില്‍


മറ്റു ചിലര്‍ക്ക് വൈകാരിക ബന്ധങ്ങളുടേത്....


ചുരുക്കം ചിലര്‍ക്ക് പണത്തിന്‍‌റ്റേയോ പ്രശസ്തിയുടേതോ.....


അങ്ങനെ തനിക്കു ചുറ്റും

അവന്‍ തന്നെ തടവറകള്‍ തീര്‍ക്കുന്നു!

തടവറ ഭേദിച്ചു
പുറത്തുകടക്കാനാവാതെ,

വിധിയുടെ വിധേയത്വമെന്നാശ്വസിച്ച്


അവന്‍ തന്‍‌റ്റെ കാലം കഴിക്കുന്നു.


ഒടുവി
ല്‍ ഒരുനാള്‍,


ആഗ്രഹിക്കാതെ തന്നെ അവനെ തേടിയെത്തുന്നൂ.....


ജീവിതത്തിലെ ആത്യന്തികമായ സ്വാതന്ത്ര്യം!

2008, മാർച്ച് 10, തിങ്കളാഴ്‌ച

അവിശ്വാസം




അവിശ്വാസം
(1)
ആരോ മുമ്പ് പറഞ്ഞതാണ്;
" ജീവിതം ഉത്തരമില്ലാത്ത ചോദ്യവും,
മരണം ചോദ്യമില്ലാത്ത ഉത്തരവും"
ഇത് ഉത്തരങ്ങള്‍
ചോദ്യങ്ങളെ അവിശ്വസിച്ചു തുടങ്ങിയ കാലം!
നീതി തേടി "ചോദ്യങ്ങള്‍" കോടതി കയറുന്നു....
നീതിപീഠമോ അവയ്ക്കു അവിശ്വാസ്യത കല്പിക്കുന്നു.
(2)
നോക്കു സുഹൃത്തേ ,
എന്‍‌റ്റെ വാച്ചിലെ മണിക്കൂര്‍ സൂചി
മിനിറ്റു സൂചിയെ അവിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.....
മിനിറ്റു സൂചി സെക്കന്‍‌റ്റ് സൂചിയേയും.
ഓരോ സൂചിയും തന്നിഷ്ടം കറങ്ങി തുടങ്ങിയിരിക്കുന്നു!
-- അവിശ്വാസ്യതയ്ക്കു പുതിയ മാനങ്ങള്‍.
( ഇതു വായിച്ച ഒരു സുഹൃത്തു പറഞ്ഞത് ആ വാച്ച് ഉടനെ റിപ്പയര്‍ ചെയ്യണമന്നാണ് !)
(3)
നമുക്ക് നാം പിറന്ന നാട് അന്യമായിരിക്കുന്നു.
അതോ നാം നമുക്കു തന്നെ അന്യരായതോ?
(4)
സ്വന്തം അച്ചുതണ്‍ടിനെ
അവിശ്വസിച്ചു തുടങ്ങുമ്പോള്‍
ഭൂമിയില്‍ പ്രളയമുണ്ടാവുന്നു,
പ്രളയത്തിനൊടുവില്‍ സര്‍‌വ്വനാശവും.
(5)
നിന്‍‌റ്റെ കണ്ണീല്‍ ഞാന്‍ ചെയ്തതെല്ലാം തെറ്റും,
നീ ചെയ്തതെല്ലാം ശരിയും.
എന്‍‌റ്റെ കണ്ണീല്‍ നീ ചെയ്തതെല്ലാം തെറ്റും,
ഞാന്‍ ചെയ്തതെല്ലാം ശരിയും.
മറ്റു‌ള്ളവരുടെ കണ്ണില്‍ നാം ചെയ്തതെല്ലാം
തെറ്റോ അതോ ശരിയോ?

2008, ഫെബ്രുവരി 20, ബുധനാഴ്‌ച

ഇന്നത്തെ ചിന്താവിഷയം

ഹൃദയമുള്ളവനല്ലേ ഹൃദ്രോഗം ഉണ്ടാവൂ.....?അതുകൊണ്ട് ഹൃദയമില്ലാത്ത എനിക്കു ഹൃദ്രോഗം ഉണ്ടാവില്ലല്ലോ.......മനസ്സു മരവിച്ചുപോയതിനാല്‍ മനോരോഗം വരാനും സാദ്ധ്യത കാണുന്നില്ല......മസ്തിഷ്കം മരിച്ച ഞാനിന്നു comma യിലാണ്....മരണത്തിനും ജീവിതത്തിനും ഇടയിലെ അനിര്‍‌വ്വചനീയമായ ഒരു സ്ഥിതിവിശേഷത്തിലേക്ക്...ചിലര്‍ " വട്ട് " എന്നും പറയും........ശരിക്കും മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള സവിശേഷമായ ഒരു അവസ്ഥയല്ലേ ഭ്രാന്ത്...........?

2008, ഫെബ്രുവരി 19, ചൊവ്വാഴ്ച

എന്‍‌റ്റെ ജീവിതം‌


എന്‍‌റ്റെ ജീവിതം‌ ഇങ്ങനെയൊക്കെയായിത്തീര്‍ന്നു........കുറ്റബോധമില്ല....കാരണം മുന്‍‌വിധികളോടെ ഞാന്‍ ഒരിക്കലും ജീവിതത്തെ സമീപിച്ചിട്ടില്ല. എങ്ങിനെയാണൊ ഞാന്‍ ജീവിച്ചത്......അതായിരുന്നു എന്‍‌റ്റെ ജീവിതം. ഇനിയുമൊരു ജീവിതമുണ്‍ടെങ്കില്‍ ഇങ്ങനെ തന്നെ ജീവിച്ചു തീര്‍ക്കാനാണ് എനിക്കിഷ്ടം.........ഒന്നുമാവാതെ...ഒന്നും നേടാതെ...ഒരു വിഡ്ഡീയെപ്പോലെ...ജീവിതത്തിലുടനീളം തന്നെ മനസ്സിലാക്കുകയോ സ്നേഹിക്കുകയോ ചെയ്തിട്ടില്ലാത്തവരെ വെറുതേ സ്നേഹിച്ച് ജീവിതത്തിന്‍‌റ്റെ നല്ല ദിനങ്ങള്‍ തള്ളി നീക്കുന്ന ഒരു കോമാളി....വെറും വിഡ്ഡീയായ മനുഷ്യന്‍! മറ്റുള്ളവരെ ചിരിപ്പിച്ച് , ചിന്തിപ്പിച്ച്,സന്തോഷിപ്പിച്ച്....ഇങ്ങനെയങ്ങ് നടന്നുപോവുന്നതല്ലേ നല്ലത്....നമുക്കായിട്ട് നഷ്ട സ്വപ്നങ്ങമാത്രം കൂട്ടിരിക്കട്ടെ ....എപ്പോഴും ഇല്ലേ? നമ്മെ മനസ്സിലാക്കുന്നവരെ നമുക്കു സ്നേഹിക്കാനാവുന്നില്ല...നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്കു നമ്മെ സ്നേഹിക്കാനും......അതാണ് ജീവിതം! അങ്ങനെ പരസ്പരം മന‍സ്സിലാക്കപ്പെടാതെയും സ്നേഹിക്കപ്പെടാതെയും വെറുതേ കുറേ ഒന്നിച്ചു ജീവിച്ച് ഒരിക്കല്‍ തമ്മില്‍ വിട ചൊല്ലിപ്പിരിഞ്ഞകലുന്നതാണ് ജീവിതം...അല്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ദു:ഖത്തിനെവിടെയാണ് വില......? വിരഹത്തിനെവിടെയാണ് സ്ഥാനം.....?

2008, ഫെബ്രുവരി 16, ശനിയാഴ്‌ച

സ്നേഹപൂര്‍വ്വം‌

സ്‌നേഹപൂർവ്വം

പ്രിയപ്പെട്ട അശ്വതിക്ക്,
വ്യഥിതമായ സ്വപ്നങ്ങളുടെ തിരയിളക്കത്താല്‍ അസ്വസ്ഥമായ മനസ്സുമായി , പ്രിയപ്പെട്ട പെണ്‍‌കുട്ടി, നിനക്കുവേണ്ടി മൗനത്തിന്‍‌റ്റെ നാനാര്‍ത്ഥങ്ങള്‍ തേടുന്ന വാക്കുകള്‍ അടുക്കിവെച്ച് തികച്ചും‌ അപൂര്‍ണ്ണമായ അര്‍ത്ഥതലങ്ങള്‍ തേടുന്ന വരികളാല്‍ ഞാനിതാ ഇത്രയും‌ കുറിക്കുന്നു....
"തന്നതില്ല പരനുള്ളു കാട്ടുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയിതപൂര്‍ണ്ണമിങ്ങഹോ
വന്നു പോം പിഴയുമര്‍ത്ഥശങ്കയാല്‍"
നളിനിയിലെ ഈ വരികള്‍ എന്തിനിവിടെ കുറിച്ചുവെന്നോ?പെട്ടെന്ന്,ഒരു ദിവസം നിന്നോട് യാത്ര പോലും പറയാതെ കാമ്പസ്സിന്‍‌റ്റെ പടിയിറങ്ങിപ്പോന്ന നിന്‍‌റ്റെയീ പ്രിയപ്പെട്ട എഴുത്തുകാരനെ ഒരിക്കലെങ്കിലും നീ മനസ്സാ ശപിച്ചുകാണും.....! ഒരു പക്ഷേ, നീയിപ്പോഴും ഓര്‍ക്കുന്നുണ്ടാവും....കോളെജിനു മുമ്പിലെ ആ ബസ് സ്റ്റോപ്പില്‍ ബസു കാത്തെന്ന വ്യാജേന വെറുതേയിരുന്നു സമയം കളഞഞ ആ സായാഹ്നങ്ങള്‍...റോഡിന്‍‌റ്റെ ഒരു വശത്ത് വടകരയ്ക്കു ബസു കാത്ത് നീയും നിന്‍‌റ്റെ രണ്ടു കൂട്ടുകാരികളും....ഇങ്ങേ ഓരത്ത് ചായക്കടയ്ക്കടുത്തായി ടെലിഫോണ്‍ പോസ്റ്റും ചാരി ഞാനും.... ഒട്ടനവധി ബസ്സുകള്‍ വന്നു നിന്നിട്ടും അതിലൊന്നും കയറാതെ എത്രയോ നേരം നാം വെറുതേ സമയം കളഞ്ഞിരുന്ന ആ സായാഹ്നത്തിന്‍‌റ്റെ ഓര്‍മ്മ...ആ ഓര്‍മ്മകളുണര്‍ത്തുന്ന ഒരു നേര്‍ത്ത വിഷാദം...എത്ര മധുരമുള്ളതായിരുന്നു ആ ദിനങ്ങള്‍...ഇല്ലേ? മാച്ചിനാരികുന്നിനെ ചൂഴ്ന്നു നില്‍ക്കുന്ന ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന അന്നത്തെ നീളമേറിയ പകലുകളില്‍ നാം സം‌വദിച്ചിരുന്നതു മൗനത്തിന്‍‌റ്റെ ഭാഷയിലായിരുന്നെന്നോ?...."മൗനം സവിഷാദ സ്മൃതികളുടെ അയവിറക്കലാണെന്നു" അന്നു നീ ഏതോ കവിതയില്‍ വീമ്പു പറഞ്ഞിരുന്നു...എന്തൊക്കെ മണ്ടന്‍ സാഹിത്യങ്ങളാണ് അന്നു നാം കുത്തികുറിച്ചിരുന്നത്...നിന്‍‌റ്റെ വിരസമായ കവിതകള്‍ക്കു ചെവി തരാതിരിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല...കവിതകളും മണ്ടന്‍സാഹിത്യങ്ങളും നിറഞ്ഞ ആ നല്ല നാളുകള്‍ ...മനസ്സു തുറന്നു ചിരിച്ചിട്ടു എത്ര നാളുകളായിരിക്കുന്നു...ഇല്ലേ? ഏതാണ്ട് നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, "ഐശ്വര്യ" ബസില്‍ യാത്ര ചെയ്യുമ്പോള്‍ വഴിക്കു കൈനാട്ടി ബസ് സ്റ്റോപ്പില്‍ വടകരയ്ക്കുള്ള ബസ്സു കാത്ത് നില്‍ക്കുന്ന നിന്നെ കാണാന്‍ കഴിഞ്ഞത് ഒരു നിമിത്തമാണെന്നു കരുതട്ടെ...പക്ഷേ, ബസിലിരുന്നു ഞാന്‍ കൈ വീശിയെങ്കിലും നീ എന്നെ ശ്രദ്ധിച്ചതേയില്ല..നിന്‍‌റ്റെ ശ്രദ്ധ മറ്റെങ്ങോ ആയിരുന്നു... ഒരു ഭൗതിക ശാസ്ത്ര വിദ്യാര്‍തഥിനിയായിരുന്ന നീ "സംഭാവ്യതകളുടെ ശാസ്ത്രം" (Probability Theory) പഠിക്കാഞ്ഞതുകൊണ്ടായിരിക്കം ആ വഴിയില്‍ ഞാന്‍ യാത്ര ചെയ്യുവാനുള്ള കുറഞ്ഞ സാധ്യത പോലും നീ തള്ളികളഞ്ഞത്...ഇല്ലേ?പിന്നീടെപ്പോഴൊ നീ തെക്കന്‍ കേരളത്തിലെ ഏതോ ഒരു നസ്രാണി കോളേജില്‍ physics ല്‍ ബിരുദാനന്തരബിരുദത്തിനു പഠിക്കുകയാണെന്നു "ആരോ പറഞ്ഞ്" ഞാന്‍ അറിഞ്ഞു.... "ആരോ പറഞ്ഞ്" എന്നു ഞാന്‍ പൂച്ചമാന്തി(Quotation Mark)യിട്ട് എഴുതിയത് നീ ശ്രദ്ധിച്ചു കാണുമല്ലോ.....എല്ലാം ഞാന്‍ ആരോ പറഞ്ഞ് അറിയേണ്ടിയിരിക്കുന്നു ഇല്ലേ? അത്രയ്ക്കും ഞാന്‍ നിനക്ക് അന്യനായെന്നൊ കുട്ടീ...? ഒരു വിധി വിസ്വാസിയായ നിനക്ക് അതിനെ വേണമെങ്കില്‍ വിധി,നിയോഗം......എന്നൊക്കെ പറഞ്ഞ് ആശ്വസിക്കാം.....അന്നൊരിക്കല്‍ നീ പറഞ്ഞത് ഞാനോര്‍ക്കുന്നു......നിനക്ക് മന:ശാസ്ത്രം ഇഷ്ടമായിരുന്നുവെന്ന്....M.A Psychology പഠിക്കാനാഗ്രഹിച്ച നീ M.Sc Physics പഠിക്കുന്നതും Fate.....അല്ലാതെ മറ്റെന്താണ്.... പിന്നീട്, മൂന്നാലു മാസങ്ങള്‍ക്കു മുമ്പ് നീ ഒരു ഫൂട് വേര്‍ ഷോപ്പിലേക്ക് കയറിപ്പോകുന്നത് ഞാന്‍ കണ്ടിരുന്നു.....അന്നു നീ സാരിയൊക്കെയുടുത്ത് വളരെ ഗമയിലായിരുന്നു....ഒരു ടീച്ചറുടെ എല്ലാ ഗൗരവവും നിന്‍‌റ്റെ മുഖത്തുണ്ടായിരുന്നു ....ബിരുദാനന്തരബിരുദവും ടീച്ചിങ് ബിരുദവും കഴിഞ്ഞ് നീയിപ്പോള്‍ ഏതെങ്കിലും ഹയര്‍സെക്കണ്ടറി സ്കൂളില്‍ ടീച്ചറായി ജോയീന്‍ ചെയ്തു കാണും...അന്നു നിന്നെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ടു ഞാന്‍ ഒരു ഹോട്ടലിലേക്കു കയറീയൊളിക്കുകയായിരുന്നു ഞാന്‍ ചെയ്തത്.... കാരണമുണ്ടു, ബുദ്ധിജീവി....ജീനിയസ് എന്നൊക്കെയാണല്ലോ അന്നു നീ എന്നെ വിശേഷിപ്പിച്ചിരുന്നത്...എന്നാല്‍ നിനക്കറിയ്വോ ഞാനിന്ന് എവിടെയുമെത്തിയില്ല...പ്രിയപ്പെട്ട കൂട്ടുകാരി ഞാനിന്നു കവിയോ കലാകാരനോ അല്ല.....എവിടെയൊക്കെയോ പിഴച്ചുപോയി ജീവിതത്തില്‍ ഒന്നുമാകാത്ത ഞാനെങ്ങനെയാണ് കുട്ടി, നിന്നെ അഭിമുഖീകരിക്കേണ്ടത്....?" ഹായ്! ഇപ്പോള്‍ എന്തു ചെയ്യുന്നു?" എന്ന നിന്‍‌റ്റെ ചോദ്യത്തിനു മറുപടിയായി എന്നില്‍ ഒരു ഉത്തരവിമില്ല...... ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു.....ജീവിതത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്‍ധിതനായി എന്നു പറയുന്നതാവും ശരി....പരിചയക്കാരെ കാണുമ്പോള്‍ ഞാന്‍ അപരിചിതത്വം നടിക്കുന്നു...സഹപാഠികളെ കാണുമ്പോള്‍ ഞാന്‍ തിരിഞ്ഞു നടക്കുന്നു.കാരണം അവരുചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ വയ്യാഞ്ഞിട്ടു തന്നെ.....അതുകൊണ്ടു തന്നെ അപരിചിതമായ നാട്ടിലേക്കു കുടിയേറണമെന്നുണ്ടു...അവിടെ തന്നെ അറിയുന്നവര്‍ ആരും തന്നെയുണ്ടാവരുത് ....സൗഹൃദങ്ങള്‍....ബന്ധങ്ങള്‍...പരിചയങ്ങള്‍...എല്ലാം വെറുത്തു തുടങ്ങിയിരിക്കുന്നു.......സഹൃദങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞുപോവുന്നു...പണമില്ല,ജോലിയില്ല,സ്നേഹിക്കാനോ വിശ്വസിക്കാനോ കൊള്ളാത്തവന്‍..അത്തരം ആളുകളുമായി ആരാണ് സൗഹൃദം തുടരുന്നത്? നഷ്ടങ്ങളുടെ ബാക്കിപത്രമായ ഒരു ജീവിതം...........പ്രിയമിത്രമേ നീ എഴുതിയത് എത്ര ശരിയാണ്....എന്തിനോ വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യനും എന്തും അറിയാന്‍ അഭിവാഞ്ചയുള്ള ഒരു സമൂഹവും!

2008, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ചരമദിനം












ചരമദിനം
ഇന്നലെ,
എന്‍റ്റെ ചരമദിനമായിരുന്നു- നാലാം ചരമവാര്‍ഷികം !
ഇന്നലെ ഇതേ ദിവസമായിരുന്നു-
എന്‍റ്റെ 39-താമത്തെ വയസ്സില്‍ ഞാന്‍
‍സ്വയം മരണത്തിലേക്കു നടന്നു മറഞ്ഞത്......
(ഞാന്‍ അവിവാഹിതനായിരുന്നു,കേട്ടോ...)

ഇന്നലെ,
രാവിലെത്തന്നെ ഞാന്‍
‍സെമിത്തേരിയില്‍ ചെന്നു നോക്കിയിരുന്നു;
അവിടെ എന്‍റ്റെ കല്ലറയ്ക്കു മുകളില്‍
‍ആരൊ കുറച്ചു പൂക്കള്‍ കൊണ്ടു വെച്ചിരുന്നു....
ആരായിരിക്കാം ആ പൂക്കള്‍ അവിടെ വെച്ചിട്ടുപോയത്?

അശ്വതി ആയിരിക്കുമോ?
(ഒരു സ്വകാര്യം, അവള്‍ എന്‍റ്റെ പഴയ കാമുകിയായിരുന്നു,
അവളെ കല്യാണം കഴിക്കാന്‍ പറ്റാത്തതിനാലാണല്ലൊ
ഞാന്‍ അവിവാഹിതനായി തുടര്‍ന്നത്...)
അശ്വതിയാവാന്‍ വഴിയില്ല......
അവള്‍ക്കെവിടെയാണ് അതിനു നേരം,
കുട്ടിയെ സ്കൂളില്‍ ചേര്‍ക്കേണ്ട തിരക്കിനിടയില്‍
‍ഇന്നലെ അവള്‍ക്കെവിടെയാണു അതിനു സമയം.

ഇനി ചിലപ്പോള്‍ സുധീഷായിരിക്കുമോ?
എന്‍റ്റെ പഴയ സതീര്‍ത്ഥ്യന്‍,
Never.....അവനിപ്പോള്‍
U. S ല്‍ Post-Doc ചെയ്യുകയാണല്ലോ!

പിന്നെ ആരായിരിക്കാം?
പഴയ സഹപ്രവര്‍ത്തകന്‍ കോശിച്ചായന്‍...
ഹേയ് Never,
അയാളിപ്പോള്‍ പ്രമോഷനായി തലസ്ഥാനത്തെങ്ങാണ്ടാണല്ലോ...

പഴയ നേതാവ് സ:കണാരേട്ടന്‍...ഇപ്പോഴത്തെ -----വകുപ്പു മന്ത്രി.
(അന്ന് ഞാനും ഒരു സജീവ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു,ട്ടോ.
അന്ന് , കേന്ദ്രാവഗണനയ്ക്കെതിരെ
ഞാനും കണാരേട്ടന്‍റ്റെ കൂടെ നിരാഹാരം കിടന്നതാണല്ലൊ......)
ശരിയാണല്ലോ, വ്യെവസായം തുടങ്ങാനെന്ന പേരില്‍
‍നാട്ടിലെ ഭൂമി വിറ്റിട്ടാണെങ്കിലും
ജനങ്ങളെ പട്ടിണിക്കിടാതെ
കേന്ദ്രാവഗണനയെ ചെറുക്കുന്നതിനിടയില്‍
അദ്ദേഹത്തിനെവിടെയാണ് ഇതിനൊക്കെ നേരം.

ഇനിയിപ്പോള്‍,
എന്‍റ്റെ കവിതയൊക്കെ വായിച്ച്
ആരാധന മൂത്ത നിങ്ങളിലാരെങ്കിലുമാണോ
ആ പൂക്കള്‍ അവിടെ വെച്ചിട്ടു പോയത്?

2008, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

കാത്തിരിപ്പ്

കാത്തിരിപ്പ്

ജീവിതത്തില്‍
ഒരഞ്ചു നിമിഷമെങ്കിലും
കാത്തിരിക്കാത്തവരായിട്ടാരുണ്ടാവും?
തന്‍‌റ്റെ കാമുകിയ്ക്കു വേണ്ടി,
സുഹൃത്തിനു വേണ്ടി,

ഭാര്യയ്ക്കു വേണ്ടി,
ശത്രുവിനു വേണ്ടി,

നാട്ടിലേക്കുള്ള ബസ്സിനു വേണ്ടി,
കത്തിനുള്ള
മറുപടിക്കു വേണ്ടി............
മനുഷ്യരുടെ കാത്തിരിപ്പിന്‍‌റ്റെ പട്ടിക നീളുന്നു.

ഈ ജീവിതം തന്നെ ഒരുതരത്തില്‍ കാത്തിരിപ്പല്ലേ?
കാത്തിരിപ്പിന് പല വകഭേദങ്ങളുണ്‌ട്-
ചില സുഹൃത്തുക്കളുണ്ട്,
“ ഒരാളെ കണ്ടിട്ടു-

വരാമെന്നു “ പറഞ്ഞു പോകും...
നാം കാത്തിരിക്കാനുള്ള തയ്യാറെടുപ്പിലാവും.
പക്ഷേ, പോയതു പോലെ
നമ്മുടെ സുഹൃത്ത്
തിരിച്ചു വരും,”
അയാളെ കണ്ടില്ലെന്നും പറഞ്ഞ്...”

ചില നിര്‍ഭാഗ്യവാന്‍‌മാരുടെ
(അതോ ഭാഗ്യവന്‍‌മാരോ)
ജീവിതത്തില്‍
മരണവും അതു പോലെയാണ്........
കാത്തിരിക്കാനിട നല്‍കാതെ ,
വളരെപ്പെട്ടെന്ന്
മരണം അവരെ മാടി വിളിക്കുന്നു.
എന്നാല്‍ ചിലരുടെ കാര്യം നേരെ തിരിച്ചാണ്,
കാത്തിരുന്നു,കാത്തിരുന്നു നാം മുഷിയുന്നു....
ഒടുക്കം, സുഹൃത്തിനെ കാണാതെ വരുമ്പോള്‍

നാം അങ്ങോട്ട് അന്വേഷിച്ചു ചെല്ലുന്നു.
അതുപോലെ ചിലര്‍ മൃത്യുവിനെ തേടി

അങ്ങോട്ടു ചെല്ലുന്നു.....
അതാണ് ഞാന്‍ പറഞ്ഞത്,
ജീവിതം തന്നെ
ഒരുതരം കാത്തിരിപ്പാണെന്ന്...

2008, ജനുവരി 30, ബുധനാഴ്‌ച

മാധ്യമ സംസ്കാരം


മാധ്യമ സംസ്കാരം

കഴിഞ്ഞ കുറേ ദിവസങ്ങളായി എന്തെങ്കിലുമൊക്കെ ഗൌരവമായി ത്തന്നെ എഴുതാന്‍ ശ്രമിക്കുന്നു……..പക്ഷേ എന്തോ ഒരു നിസംഗത എന്‍റ്റെ മനസ്സിനെ പിടികൂടിയിരിക്കുന്നു. എന്തിനെഴുതണം? ആര്‍ക്കുവേണ്ടി എഴുതുന്നു.?നാം എഴുതുന്നതു പ്രസിദ്ധീകരിക്കാന്‍ തയ്യാറുള്ള മാധ്യമങ്ങള്‍ ഇന്നില്ലല്ലോ… നോക്കൂ ഇന്ന് നമ്മു
ടെ നാട്ടിലെ പത്ര മാധ്യമങ്ങളുടെയൊക്കെ ചുക്കാന്‍ പിടിക്കുന്നത് ഒന്നുകില്‍ രാഷ്ട്രീയ കോമരങ്ങള്‍….അതുമല്ലെങ്കില്‍ വ്യവസായ ഭീമന്‍മാര്‍……( ക്ഷമിക്കണം ,”വ്യവസായ കീചകന്‍മാര്‍” എന്നതാണു ശരി…….കാരണം, ഭീമന്‍ ഒരു നല്ല കഥാപാത്രമാണെന്നാണല്ലൊ നമ്മുടെ എം. ടി തന്‍റ്റെ “രണ്ടാമൂഴ” ത്തില്‍ പറഞ്ഞു വെച്ചിരിക്കുന്നത്)ചില പത്രമുടമകളായ രാഷ്ട്രിയക്കാര്‍ തങ്ങളുടെ പടങ്ങള്‍,കൂലിക്കാളെ വെച്ചു എഴുതിക്കുന്ന തങ്ങളുടെ ലേഖനങ്ങള്‍, തങ്ങള്‍ക്കു ലഭിക്കുന്ന അവാര്‍ഡുദാനങ്ങളുടെ പടങ്ങള്‍ എന്നിവ കുത്തി നിറക്കാന്‍ വേണ്ടി പത്രം നടത്തുന്നു………അവയില്‍ ഒന്നാം പേജില്‍ അടിച്ചു വരുന്നതോ “തുലാഭാര” കഥകളും!മറ്റുചിലരുണ്ട്, അവര്‍ തങ്ങളുടെ മക്കളെയാണു പത്രങ്ങളിലും ചാനലുകളിലും തിരുകിക്കയറ്റുന്നത്….അതില്‍ രാഷ്ട്രിയക്കാരും ചില പ്രമുഖരായ സാംസ്കാരിക നായകന്‍മാരും കാണും……( അതോ സാംസ്കാരിക വില്ലന്മാരോ എന്നു വായനക്കാര്‍ തീരുമാനിക്കുക) കൂട്ടത്തില്‍ സാഹിത്യകാരന്മാരും പുറകിലല്ല. വ്യവസായികള്‍,അവരുടെ ബന്ധുക്കള്‍,മന്ത്രിമക്കള്‍,സാംസ്കാരിക വില്ലന്മാര്‍…..അവരുടെ ചര്‍ച്ച,സംവാദങ്ങള്‍,……..അന്യോന്യമുള്ള വാക്പയറ്റുകള്‍….ഹോ! നമ്മുടെ ഒരു മാധ്യമ സംസ്കാരം……. ഇവിടെ , അരപട്ടിണിക്കാരന്‍റ്റെ വിലാപങ്ങളൂം , തല ചായ്ക്കാനിടമില്ലാത്തവന്റ്റെ രോഷ പ്രകടനങ്ങളും പ്രതിഷേധങ്ങളും അവര്‍ തങ്ങളുടെ ചാനലുകളുടേയും പത്രങ്ങളൂടേയും വിപണനത്തിനു വേണ്ടി പരസ്യങ്ങളുടെ ഭാഗമാക്കിതീര്‍ക്കുന്നു……കാരണം ആ വാര്‍ത്തകള്‍ക്കുമുണ്ട് ഏതെങ്കിലും ബഹുരാഷ്ട്ര കുത്തകള്‍ പ്രയോക്താക്കളായി……. ഇവിടെ , സാധാരണക്കാരന്റ്റെ പ്രശ്നങ്ങളും, അവന്‍ അനുഭവിക്കുന്ന പ്രതിസന്ധികളും തുറന്നു കാണിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ പരാജയപ്പെടുന്നു. തംബോലകളോ, സമ്മാന മഴയോ, ഇന്‍ഷുറന്‍സോ ബിസിനസ്സോ ഒന്നുമല്ല അവനു വേണ്ടത്…….അടുത്ത വീട്ടിലെ അര്‍ദ്ധപട്ടിണിക്കാരന്റ്റെ ദു:ഖവും, തൊഴിലില്ലാതെ അലയുന്ന അഭ്യസ്ത വിദ്യന്റ്റെ പ്രയാസവും തിരിച്ചറിയാന്‍ കഴിയാത്ത മലയാളിയിന്ന് സീരിയലുകളിലെ നായകന്റ്റേയും നായികയുടേയും അന്ത്:സംഘര്‍ഷങ്ങളില്‍ വീര്‍പ്പുമുട്ടുന്നു……… പത്രം വാങ്ങുന്നത് സമ്മാനമോ മറ്റെന്തെങ്കിലും ആനുകൂല്യമോ ലഭിക്കാന് ‍വേണ്ടി മാത്രമാകുന്നു…..ഇവിടെ എഴുത്തുകാരന്‍ എന്തിനേ കുറിച്ചെഴുതേണ്ടിയിരിക്കുന്നു…അധികാര വര്‍ഗ്ഗത്തിനോ അവരെ താങ്ങി നിര്‍ത്തുന്ന ബഹുജനങ്ങള്‍ക്കോ വേദനിക്കുന്നവരുടേയും ദുരിതബാധിതരുടേയും പ്രശ്നങ്ങള്‍ കേള്‍ക്കാനോ അവയെ കുറിച്ച് വായിച്ചറിയാനോ നേരമില്ല.മാധ്യമങ്ങള്‍ ഇന്നു നിലനില്ക്കുന്നതു പരസ്യങ്ങലിലൂടെ മാത്രമാണ്……ബഹുരാഷ്ട്ര കുത്തകളുടെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനമാണ് അവരുടെ നിലനില്പ്…… അവരുടെ പരസ്യങ്ങള്‍ക്കു പ്രയോജനപ്പെടാന്‍ വേണ്ടി മാത്രമാണ് ഇന്നു ചാനലുകളില്‍ പരിപാടികള്‍ നിര്‍മ്മിക്കപെടുന്നത്… കിടപ്പാടത്തിനു വേണ്ടി കുടി വെള്ളത്തിനു വേണ്ടീ ഒരു നേരത്തെ ആഹാരത്തിനു വേണ്ടീ സമരം ചെയ്യുമ്പോള്‍ അവ “ലൈവായി” സം‌പ്രേക്ഷണം ചെയ്യുമ്പോള്‍ അവയ്ക്കിടയില്‍ അവരുടേ കിടപ്പാടം നഷ്ടപ്പെടുതിയ കൈയ്യേറ്റക്കാരുടേയും, കുടിവെള്ളം വറ്റിച്ച ബഹുരാഷ്ട്ര ഭീമന്മാരുടെയും അത്യാകര്‍ഷകങ്ങളായ പരസ്യങ്ങള്‍ തിരുകി ചേര്‍ക്കുന്ന മാധ്യമ സമ്സ്കാരം പ്രകീര്‍ത്തിക്കപ്പെടേണ്ടതു തന്നെയാണ്……… ഞാന്‍ ഈ എഴുതുന്നതൊന്നും നമ്മുടെ മാധ്യമങ്ങള്‍ പ്രസിദ്ധികരിക്കില്ലെന്നറിയാം……..എങ്കിലും എഴുതാതിരിക്കാന്‍ ആവുന്നില്ല…….കാരണമുണ്ട്….എന്റ്റെ മനസ്സില്‍ ഇന്നും മായാത്ത ഒരു മുഖമുണ്ട്..തന്റ്റെ മകനെ രാഷ്ട്രിയ കോമരങ്ങളുടെ ഒത്താശയോടെ കാക്കിയുടുപ്പണീഞ്ഞ ചില കിരാതന്മാര്‍ ഉരുട്ടിയും ചവുട്ടിയും കൊന്ന് ഒടുവില്‍ മൃതദേഹം പോലും അവശേഷിപ്പിക്കാതെ എവിടെയോ വലിച്ചെറിഞ്ഞപ്പോഴും ദു:ഖം മുഴുവനും കടിച്ചമര്‍ത്തി വളരെ നിസംഗമമായ മുഖഭാവത്തോടെ നില്ക്കുന്ന ഒരു പിതാവിന്റ്റെ ദയനീയ ചിത്രം കണ്ടിരുന്നു പത്രത്താളുകളില്‍… മറക്കാനാവില്ല ആ മുഖം.....ഒരിക്കലും……… ആ പിതാവിനു‍ തനിക്കു നഷ്ടപ്പെട്ട മകനെ തിരിച്ചു നല്കാന്‍ ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങള്‍ക്കോ , നിയമ വ്യവസ്ഥയ്ക്കോ അവരുടെയൊക്കെ കോപ്രായങ്ങള്‍ എഴുതി നിറയ്ക്കുന്ന പത്ര മാധ്യമങ്ങള്‍ക്കോ കഴിയില്ല………….പക്ഷേ , ഇവിടെ ഇന്ന് അവശേഷിക്കുന്ന സ്വതന്ത്രമായും നേര്‍വഴിക്കും ചിന്തിക്കുന്ന യുവജനങ്ങള്‍ക്ക് കഴിയും ആ പിതാവിനെ സാന്ത്വനപെടുത്തുവാന്‍………പിതാവേ, അങ്ങയുടെ മകന്‍ ഇതാ ഞങ്ങളിലൂടെ പുനര്‍ജ്ജനിക്കുന്നു…….. “ അധികാര കേന്ദ്രങ്ങളുടെയും തുരുമ്പെടുത്തു നശിച്ച നീതിനിറ്വ്വഹണത്തിന്റ്റെ ഉരുക്കുചട്ടകളുടേയും ചിതളെടുത്ത നിയമ സംഹിതകളുടേയും അനീതികള്ക്കെതിരെ ശബ്ദിക്കുന്ന ഈ യുവതലമുറയിലൂടെ ഇതാ അങ്ങയുടെ മകന്‍ ജീവിക്കുന്നു………“

2008, ജനുവരി 29, ചൊവ്വാഴ്ച

ഗീതാഞ്ജലി


ശ്ലോകം 64 (സ്വതന്ത്ര പരിഭാഷ)
പുല്‍മേടുകള്‍ക്കിടയിലൂടെ ഒഴുകി വരുന്ന വിജനമായ നദിയുടെ തീരത്തിരുന്നു ഞാന്‍ അവളോടു ചോദിച്ചു: “ കുട്ടീ, കൈയ്യില്‍ മറച്ചു പിടിച്ച ദീപനാളവുമായി നീ എങ്ങോട്ടു പോവുന്നു?....... ഏകാകിയായ ഈയുള്ളവന്‍റ്റെ ഗൃഹം ഇരുളില്‍ മൂടിയിരിക്കുന്നു…നിന്‍റ്റെ കൈയ്യിലുള്ള ദീപം എനിക്കു തരൂ……..”
ഒരുനിമിഷം തന്‍റ്റെ കരിമിഴികള്‍ എനിക്കു നേരെ ഉയര്‍ത്തി അവള്‍ മൊഴിഞ്ഞു: “ ദൂരെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ കത്തിയമരുകയാണ്….ഞാന്‍ എന്‍റ്റെ കൈയ്യിലെ ഈ മണ്‍ചെരാത് നദിയിലേക്കൊഴുക്കുവാനാണ് ഇവിടെ വന്നിരിക്കുന്നതു.”
പുല്‍ മേടുകള്‍ക്കിടയില്‍ നിന്നും ഞന്‍ ദര്‍ശിച്ചു……നദിയിലെ ഓളങ്ങള്‍ക്കിടയില്‍ പെട്ടു ആ ദിപനാളം അകന്നകന്നു പോവുന്നത്……..
രജനിയുടെ നിശ്ശബ്ദതയില്‍ ഞാന്‍ അവളൊടു ചോദിച്ചു: കുട്ടീ, നിന്‍റ്റെ ഗൃഹം പ്രകാശപൂരിതമായിരിക്കുന്നു………എന്നിട്ടും , കൈയ്യില്‍ മണ്‍ ചെരാതുമായി നീ എങ്ങോട്ടു പോവുന്നു….നോക്കൂ.. ഈ ഏകാകിയുടെ ഗൃഹം ഇരുളില്‍ മൂടിയിരിക്കുന്നു……ആ ദീപം എനിക്കു തരൂ..”
ഒരുനിമിഷം തന്‍റ്റെ കരിമിഴികള്‍ സംശയത്തോടെ എനിക്കു നേരെ ഉയര്‍ത്തി അവള്‍ മൊഴിഞ്ഞു: “ ഈ ദീപം ഞാന്‍ വിശാലമായ ഗഗനത്തിനു സമര്‍പ്പിക്കുന്നു…..”
അവളുടെ ആ കൊച്ചു മണ്‍ചെരാത് ശൂന്യതയില്‍ വിലയം പ്രാപിക്കുന്നതും നോക്കി ഞന്‍ അവിടെ ത്തന്നെ നിന്നു.
നിലാവസ്തമിച്ച ആ ഇരുണ്ട പാതിരാത്രിയില്‍ ഞാന്‍ അവളോടു ചോദിച്ചു:- “ കുട്ടീ , ജ്വലിക്കുന്ന ദീപം സ്വന്തം ഹൃദയത്തോടു ചേര്‍ത്തു വച്ച നിന്‍റ്റെ ചേതോവികാരമെന്ത്?...നോക്കൂ എന്‍റ്റെ ഭവനം ഇപ്പോഴും ഇരുട്ടിലാണ്, ആ ദീപം എനിക്കു തരൂ…”
ഒരു നിമിഷം ആലോചിച്ച് അവള്‍ എന്റ്റെ നേര്‍ക്കു നോക്കി കൊണ്ടു ഇങ്ങനെ മൊഴിഞ്ഞു..:-“ഞാന്‍ ഈ ദീപം കൊണ്ടുപോവുന്നത് ദീപങ്ങളുടെ ഉത്സവത്തില്‍ കൂട്ടു ചേരാനാണ്……” മറ്റനേകം ദീപങ്ങളുടെ ഇടയില്‍ അവളുടെ ആ കൊച്ചു മണ്‍ ചെരാത് പ്രഭയറ്റു പോവുന്നതും നോക്കി ഞാന്‍ അവിടെ തന്നെ നിന്നു……….

2008, ജനുവരി 27, ഞായറാഴ്‌ച

കവികളുടെ ജീവിതം

നമ്മുടെ കവികളെല്ലാം ഭീരുക്കളാണ്,
ആമയെപ്പോലെ!
സമൂഹത്തിലെ അനീതികള്‍ക്കെതിരെ
പോരാടുവാനുള്ള ചങ്കൂറ്റമില്ല;
സ്വകാര്യതകളുടെ പുറം തോടിനകത്തേക്ക്
അവര്‍ തങ്ങളുടെ തലകള്‍ പിന്‍‌വലിക്കുന്നു....
ഇടയ്ക്കു,തന്‍‌റ്റെ ശത്രുക്കള്‍
പിന്തിരിഞ്ഞെന്നുറപ്പുവരുത്തിയതിനു-
ശേഷം മാത്രം......
മെല്ലെ തല പുറത്തേക്കു നീട്ടുന്നു.
തന്‍‌റ്റെ പ്രതിഷേധങ്ങള്‍ മുഴുവന്‍
കവിതയില്‍ നിറയ്ക്കുന്നു.
എന്നിട്ട്, കവിയരങ്ങുകളിലേക്ക് ഇഴഞ്ഞു-
ചെന്ന് തന്‍‌റ്റെ കവിത
തൊണ്ട പൊട്ടുമാറ് വിളിച്ചു കൂവുന്നു.......
അതു കേട്ട് , കൈയ്യടിക്കുന്ന
വിഡ്ഡിയായ സഹൃദയന്‍!

2008, ജനുവരി 26, ശനിയാഴ്‌ച

പ്രിയപ്പെട്ട അശ്വതിക്ക്

പ്രിയപ്പെട്ട അശ്വതിക്ക്,
ഇന്നലെ ഞാന്‍ ചാലിയാര്‍ പുഴ കടന്നു നിന്‍‌റ്റെ നാട്ടില്‍ വന്നിരുന്നു.......ഒലിപ്രം കടവില്‍ നിന്നു തോണിയില്‍ കയറിപുഴയിലൂടെ യാത്ര ചെയ്ത് ഞാന്‍ നിന്‍‌റ്റെ ജന്മനാട്ടിലെത്തി.വാഴകള്‍ വളര്‍ന്നു കാടായി മാറിയ നാട് ........നിന്‍‌റ്റെ വാഴക്കാട്........പണ്ടു നീ വര്‍ണിച്ച ആ വയലേലകള്‍ക്കു നടുവിലൂടെ ഞന്‍ ഏറെ ദൂരം നടന്നു.....വെറുതെ....
ദൂരെയെങ്ങോനിന്നും അലയടിച്ചെത്തിയ
ആ ഇളം കാറ്റില്‍ ഞന്‍ നിന്‍‌റ്റെ സ്‌നേഹമറിയുന്നു......ഉവ്വ് ഞാന്‍ പെട്ടെന്നു തനിച്ചായതു പോലെ.........നീയില്ലല്ലോ ഇപ്പൊള്‍ അവിടെ....നിന്‍‌റ്റെ ഓ‌ര്‍മ്മകള്‍ പോലും മരിച്ചു തുടങ്ങിയിരിക്കുന്നു........
നീ പറഞ്ഞ കുന്നും പുഴയും മലകളും നിറഞ്ഞ നിന്‍‌റ്റെ നാട്......പുന്നെല്ല് വിളഞ്ഞു നില്‍ക്കുന്ന പാടത്തിനരികിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ആ പഴയ ചെമ്മണ്‍ പാത ഇന്നു താര്‍ ചെയ്തിട്ടുണ്ട്.....നീയറിയുമോ?
ആ റോഡരികിലെ ഏതോ ഒരു വീട്ടില്‍ നീ ഉണ്ടായിരുന്നു.....ഇന്നലെ വെറുതെ നടന്നു നീങ്ങുമ്പോഴും ഞാന്‍ ഓരോ വീടിനുനേരെയും മുഖമുയര്‍ത്തിയിരുന്നു.........പാതിതുറന്നിട്ട ജനല്‍‌പാളികള്‍ക്കിടയില്‍ നിന്‍‌റ്റെ മുഖം തെളിയുമെന്ന പ്രതീക്ഷയിലാവാം........എല്ലം വെറുതെയാണല്ലൊ.....!
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം
എങ്കിലും-
നനുത്ത വിരലുകള്‍ കൊണ്ടു
നി എന്‍‌റ്റെ ഉള്ളു തൊട്ടുണര്‍ത്തുമ്പോള്‍
നിന്‍‌റ്റെ അദൃശ്യമായ സാമീപ്യം ഞാനറിയുന്നു......
ഡയറികളില്‍ നീ കുറിച്ച ഏതാനും കവിതകളിലൂടെ ലോകം നിന്നെയറിയുന്നു.......പക്ഷേ,സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത് പൂപ്പാത്രമൊരുക്കി , മഴ തോര്‍ന്ന ആകാശത്ത് വെറുതെ മഴവില്ലും സ്വപ്നം കണ്ടുറങ്ങിയ വിളര്‍ത്ത പൌറ്‌ണ്ണമിയുടെ കണ്ണുകളുള്ള പെണ്‍കുട്ടി........നിന്‍‌റ്റെ ആത്മാവിന്‍‌റ്റെ മുറിവുകള്‍ അവരറിയുന്നില്ലല്ലോ.........നിന്‍‌റ്റെ നെടുവീര്‍പ്പുകള്‍, അന്ത:സംഘര്‍ഷങ്ങള്‍ , നിശ്ശബ്ദമായ കരച്ചില്‍ , ഏകാന്തതയുടെ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആ മനസ്സ്....ഇവയൊന്നും അവരറിയുന്നില്ലല്ലൊ......
എന്നിട്ടും നിന്നെ അറിഞ്ഞ , നിന്നെ ഒത്തിരി മനസ്സിലാക്കിയ നിന്‍‌റ്റെയീ പ്രിയപ്പെട്ട ചിത്രകാരനില്‍ അവര്‍ കാണുന്നത്......ഒട്ടും സ്‌നേഹമില്ലാതെ നിന്നെ ഉപേക്ഷിച്ചു പോയ ഒരു ക്രൂരനായാണ്.......എവിടെയാണ് നമുക്ക് തെറ്റു പറ്റിയത്.....പറയൂ പ്രിയേ....ഇന്നു നം തമ്മില്‍ ഇത്രയും അകന്നു പോവാന്‍ മാത്രം എന്‍‌റ്റെ ഭാഗത്തുനിന്നുണ്ടായ പിഴവെന്തായിരുന്നു........നീ ആലോചിച്ചിരുന്നുവോ എന്നെങ്കിലും..........

2008, ജനുവരി 25, വെള്ളിയാഴ്‌ച

കത്ത്

പ്രിയപ്പെട്ട സഖാവേ.................
ഓര്‍മ്മയുണ്ടോ മാച്ചിനാരിയിലെ ആ പഴയ സായാഹ്നങ്ങള്‍....................ബ്രദേര്‍സ് ഹോട്ടലില്‍ നിന്നും പരിപ്പുവടയും കട്ടന്‍ കാപ്പിയും കുടിച്ചിറങ്ങി........ബസ്സ് കാത്തെന്ന വ്യാജേന റോഡരികില്‍ നിന്നു....ആഗോള വത്കരണ നയങ്ങളെകുറിച്ചും ഗാട്ടുകരാറിനെ കുറിചും ചര്‍ച്ച ചെയ്ത ആ സായാഹ്നങ്ങള്‍..........നമ്മുടെ ആ പരിപ്പു വടയേയും........കട്ടന്‍ കാപ്പിയെയും..........നമുക്കു അത്ര പെട്ടെന്നു മറക്കാനാവുമോ..........സഖാവേ...........
ഇന്നലെ ട്രെയിനില്‍ വെച്ചു യാദൃശ്ചികമായി നിന്നെ കണ്ടുമുട്ടുമ്പോള്‍ ..........നീ അണിഞ്ഞതു...നമ്മുടെ ഫിനാന്‍സ് മിനിസ്റ്റര്‍ ധരിച്ച മാതിരിയുള്ള വില കൂടിയ ഖദര്‍ ജുബ്ബയായിരുന്നു..........പുറവങ്കര ബില്‍ഡേര്‍സിന്‍‌റ്റെ സ്പോണ്‍സര്‍ഷിപ്പോടെ “ശബരിമല മകര സംക്രാന്തി” ലൈവായി കാണിച്ച “വിപ്ലവ ചാനലി“ ല്‍ ജോലി ചെയ്യുന്ന നിന്നില്‍ പ്രസ്തുത ചാനലിന്‍‌റ്റെ ദുര്‍‍മേദസ്സുകൂടിയുണ്ടായിരുന്നോ?..............
പ്രത്യയശാസ്ത്രത്തെ പറ്റി പറയാന്‍ നീ കാണിച്ച മടിയില്‍ നിന്നും എനിക്കു മനസ്സിലായി...........നിന്‍‌റ്റെ നാവും അവര്‍ വിലക്കെടുതു കഴിഞ്ഞു..............
നിനക്കെന്‍‌റ്റെ വിപ്ലവാശംസകള്‍..........
മൌനം സവിഷാദ മധുര സ്മൃതികളുടെ അയവിറക്കലാണ്. ഏകാന്തത ജീവിതതിന്‍‌റ്റെ അനന്യദമെന്നപോലെ, മൌനം നിശ്ശബ്ദതയുടെ പ്രതിരൂപമാവുന്നു............സ് നേഹത്തിന്‍‌റ്റെ ഏറ്റവും ശക്തമായ സംവേദനമാര്‍ഗമായ മൌനം, വിജയത്തിന്‍‌റ്റെ പ്രതീകം കൂടിയാണ്......അതുകൊണ്ടുതന്നെ നിശ്ശബ്ദത, അനേകം സംഗീതധാരകളുടെ അനുയോജ്യമായ സമന്വയമാണെങ്കില്‍.........മൌനം ആ സംഗീതധാരകളില്‍ ഒന്നു മാത്രമായ സവിഷാദ മധുര സ്മൃതികളിലൂടെയുള്ള അവാച്യമായ, ശ്രവ്യമല്ലാത്ത ഒരു തരം ശ്രുതിമീട്ടലാകുന്നു.

2008, ജനുവരി 23, ബുധനാഴ്‌ച

വികിരണം

വികിരണം

റേഡിയോ ആക്ടീവായ - മൂലകം കണക്കെയാണ് ഞാനിന്ന്!
എന്‍‌റ്റെ അ
ര്‍ദ്ധായുസ്സ് അടുത്തു കഴിഞ്ഞു……………
പകയുടേയും വിദ്വേഷത്തിന്റേയും

വികിരണ രശ്മികള്‍‌
എന്നില്‍ നിന്നും
പുറത്തേക്കു വമിക്കുന്നു………
ക്രമേണ അത് കുറഞ്ഞു കുറഞ്ഞ് ……….
തീരെയില്ലാതാവുന്നു……

അപ്പോള്‍ എന്നില്‍ ശേഷിക്കുന്നത്
സ് നേഹമതൊന്നുമാത്രം.

ഇന്നു ഞാന്‍ തിരിച്ചറിയുന്നു .........നിന്നെ കണ്ടുമുട്ടാനിടയായ ആ ധന്യ നിമിഷം എന്‍‌റ്റെ ജീവിതത്തിലെ ഏതോ പൂര്‍വ്വജന്‍മ സുകൃതമാണെന്ന്...................പറയാതെ തന്നെ ഞാനറിയുന്നു.....നിന്‍‌റ്റെ സ്നേഹം....ഏകാന്ത സുന്ദരമായ സായാഹ്നങ്ങളില്‍ കടലോരത്തെ സിമന്‍‌റ്റു ബഞ്ചില്‍ ഇരിക്കുമ്പോള്‍........അറിയാതെയെന്നെ തഴുകിയകലുന്ന ഇളം തെന്നലില്‍ ഞാന്‍ നിന്‍‌റ്റെ സ്നേഹമറിയുന്നു.......വിജനമായ നാട്ടുവഴികളിലൂടെ ഒറ്റയ്ക്കു നടക്കുമ്പോള്‍ ദൂരെ എവിടെ നിന്നോ എന്‍‌റ്റെ ചെവിയിലലച്ചെത്തുന്ന സംഗീതത്തിന്‍‌റ്റെ അലകളില്‍ ഞാന്‍ നിന്‍‌റ്റെ സ്നേഹം കേള്‍ക്കുന്നു..........



വിരസമായ ചൈത്രമാസത്തിലെ മനം മടുപ്പിക്കുന്ന രാത്രികളില്‍ ജനലഴികല്‍ക്കിടയിലൂടെ അരിച്ചെത്തുന്ന നേര്‍ത്ത നിലാവിലൂടെ ഞാന്‍ നിന്‍‌റ്റെ സ്നേഹമറിയുന്നൂ..................
ഡിസംബറിലെ തണുത്ത വെളുപ്പാന്‍കാലത്തു നടപ്പാതകളിലൂടെ മെല്ലെ നടന്നു പോകുമ്പോള്‍ നെറുകയില്‍ ഇറ്റു വീണ മഞ്ഞുതുള്ളിയ്ക്കു നിന്‍‌റ്റെ സ്നേഹത്തിന്‍‌റ്റെ തണുപ്പുണ്ടായിരുന്നു.............
പാതി കത്തിതീര്‍ന്ന
ദിനേശ് ബീഡി പോലെ
എന്‍‌റ്റെ ആത്മാവ്
എരിഞ്ഞുകൊണ്ടിരിക്കുന്നു......................
എടവപ്പാതിയുടെ പകലറുതിയില്‍
പെയ്തിറങ്ങുന്ന പെരുമഴ കണക്കെ
ഹൃദയത്തില്‍ സ്മൃതികളുടെ കണ്ണീര്‍ പെയ്ത്തു...............
നിന്റ്റെ അന്തരംഗത്തിലെ
ദു:ഖ നീലിമയില്‍ എന്റ്റെ വേദനകള്‍ അലിഞ്ഞില്ലാതാവുമ്പോള്‍
ഞാനറിയുന്നു.........
“സ്‌നേഹം വ്യർത്ഥമല്ല, വ്യഥയാണെന്ന്....”
ന്ന്.......!"

കോടതി

കോടതി

ഒരു ന്യായാധിപയുടെ അധികാര ഗര്‍വ്വോടെ ,
തലയെടുപ്പോടെ നീ എന്‍‌ടെ മുന്‍പില്‍ വന്നു നിന്നു.
കുറ്റവാളിയല്ലോ,
നിന്നെ അഭിമുഖീകരിക്കാനാവാതെ
നമ്ര മുഖനായ് നിന്നു ഞാന്‍……….

വിചാരണയ്ക്കു കാത്തു നില്‍ക്കാതെ…….
എന്‍‌ടെ വാദമുഖങ്ങള്‍ക്കു ചെവി കൊടുക്കാതെ ………
നീ എന്‍‌ടെ പേരില്‍ കുറ്റപത്രം നല്‍കി.

നീതിയുടെ കരുണയ്ക്കായുള്ള
എന്‍‌ടെ നിശ്ശബ്ദമായ കരച്ചിലുകള്‍ നീ കേട്ടില്ല.
വന്യ ലോകത്തകപ്പെട്ടു പോയ
ഇ‌ ഏകാകിയുടെ
മൌന നൊമ്പരങ്ങള്‍ നീയറിഞ്ഞില്ല.

ഒടുവില്‍……….ഒന്നുമാരായാതെ ,
ഒന്നുമുരിയാടാതെ ………
എന്നെ ഒരക്ഷരം പറയാനനുവദിക്കാതെ
ഏകപക്ഷീയമായ നിന്‍‌ടെ വിധി.

ശരിയല്ലോ……….കുറ്റവാളി ശിക്ഷിക്കപ്പെടുകതന്നെ വേണം
സ്വീകരിപ്പൂ ഞാന്‍ ഒരേ മനസ്സാല്‍
നീ നല്‍കുമീ ശിക്ഷ , കഠിനമെങ്കിലും.


2008, ജനുവരി 22, ചൊവ്വാഴ്ച

ഇന്നത്തെ ചിന്താവിഷയം

മനുഷ്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു നിറം മാറുന്നു……………….ഓന്ത് പാശ്ചാത്തലത്തിനനുസരിച്ചും.

ജീവന്റ്റെ വില കുത്തനെ ഇടിയുന്നു.


കഥ കേള്‍ക്കാന്‍ ആരുമില്ലായിരുന്നു………കാഥികന്‍ കഥ നിര്‍ത്തേണ്ടി വന്നു. കവിത കേട്ടു രസിക്കാനും ആളില്ല……..കവി എഴുത്തു നിര്‍ത്തി……….. വരയ്ക്കാന്‍ സ്വപ്നങ്ങളുടെ വര്‍ണ്ണരാജികള്‍ നഷ്ടമായതിനാല്‍ ഭാവനയുടെ തിരശ്ശീലയില്‍ ചിത്രങ്ങളുമില്ല. സ്വ ജീവിതം വില്‍ക്കാന്‍ അയാള്‍ വഴിയോരത്തേക്കു ചെന്നു……………….. വളരെ വില കുറഞ്ഞ ഒരുപാടു ജീവിതങ്ങള്‍ ആ തെരുവില്‍ വിലപേശപ്പെടുന്നുണ്ടായിരുന്നു. അതു കൊണ്ടു ഭേദപ്പെട്ട വില കിട്ടാഞ്ഞതിനാല്‍ അയാള്‍ നിരാശയോടെ തിരിച്ചു പോന്നു. ഒരു ഗ്ലോബല്‍ മാര്‍ക്കറ്റില്‍ എഴുത്തുകാരന്റ്റെ ജീവന്റ്റെ വില കുറഞ്ഞോ , കൂട്യൊ ഇരിക്ക്വാ? ഒരു പക്ഷെ……………..ഒരു കഴുതയുടെ ജീവന്റ്റെ വില പോലുമുണ്ടാവില്ല അല്ലേ?

പുതു വത്സരം

എന്നെന്‍റ്റെ വിണ്ണില്‍ പുതുതാരമുണരും.
എന്നെന്‍റ്റെ ആറ്റില്‍ തെളിനീരുറയും
എന്നു ഞാനെന്‍ മണ്ണില്‍ ഞാനായുറങ്ങും
വര്‍ഷാന്ത്യമായ് , ഒരു പുതു വര്‍ഷാരംഭമി-
വിടെ പ്രതീക്ഷയിലെന്‍ മനം നിറയുന്നു.
We were neighbors for long, but I received more than I could give. Now the day has dawned and the lamp that lit my dark corner is out. A summon has come and I am ready for my journey.
Here I give back the keys of my door- and I give up all claims of my house. I only ask for last kind words from you.


My mirror has gone mad.
It throws weird images at me
In the past
It was sensible
Once an angel
Once a witch
But always
One image at a time
…………………….
…………………….
I throw my mad mirror
Out through the window
Down to the streets
I killed it

Another grim day
The morning glories
Have not opened their eyes
My mild day digs up your wrath
Not that blame you my lover
But the open doors tells me
Of something
I wish……….was left unsaid.

സ്മൃതിപഥം

അനന്തതയുടെ ആകാശനീലിമയില്‍
സ്വപ്നങ്ങള്‍ക്കു
ചിറകു നഷ്ടപ്പെടുന്നു
ഭാവനയ്ക്കു നിറങ്ങളും


ചന്ദനമുട്ടികള്‍ക്കിടയില്‍
കത്തിയെരിയുന്ന ഒരു കൂട്ടം സ്വപ്നങ്ങളുടെ ചിത
ഓര്‍മ്മകളായ്‌ ശേഷിക്കുന്ന
ബലിച്ചോറുരുളകള്‍
കൊത്തിയെടുത്തു ദൂരേയ്ക്കു
പറന്നു പോയ ഇന്നലെയുടെ ആത്മാക്കള്‍!
നാമിന്നു,
നെടുകെ കീറിയെറിഞ്ഞ -
നാക്കില പോലെ രണ്ടു ജന്മങ്ങള്‍

ഏതോ ഒരു ഇടത്താവളത്തില്‍ വെച്ചു നാം കണ്ടുമുട്ടി.പരിചയപെട്ടു.ഒരുപാടു വിശേഷങ്ങള്‍ പങ്കു വെച്ചു…….വളരെ കുറഞ്ഞ ദിവസങ്ങള്‍‍ കൊണ്ടു നാം വളരെ അടുത്തുപോയി. വീണ്ടും യാത്ര തുടരേണ്ടതാണെന്നു ഒരു നിമിഷമെങ്കിലും നാം മറന്നു പോയി…..”നാളെയവട്ടെ..നാളെയാവട്ടെ.” എന്നു പറഞ്ഞു നാം യാത്ര നീട്ടി വെച്ചു.വെറുതെ ഓരോന്നു പറഞ്ഞു നാം നമ്മുടെ യാത്രകള്‍ വെറുതെ വൈകിച്ചു………
ഒടുവില്‍ അനിവാര്യമായ യാത്ര പറച്ചിലിനു കാത്തിരിക്കാതെ ……..ഔപചാരികതകള്‍ക്കു കാത്തിരിക്കാതെ നീ നിന്റ്റെ യാത്ര തുടര്‍ന്നു………………………..എന്നെ ഈ എകാന്തതയുടെ തുരുത്തില്‍ ഒറ്റയ്ക്കാക്കി കൊണ്ടു നീ നടന്നു മറഞ്ഞു…..ദു:ഖമില്ല ഒട്ടും…….കാരണം, എന്നെങ്കിലും നം പിരിയേണ്ടതാണു……
നാം രണ്ടൂ പേരും തിരഞ്ഞെടുത്ത പാതകള്‍ വ്യത്യസ്തമാണു….ലക്‌ഷ്യം ഒന്നാണെങ്കിലും.
കുറെ ദൂരം ഒന്നിച്ചു നടന്നു ഒടുവില്‍ ഒരു തിരിവില്‍ പാതകള്‍ രണ്ടായി പിരിയുന്നിടതു അല്പനേരം നിന്നു “എനിക്കു ഇതിലേ ആണു പോവെണ്ടതു……..” എന്നു പറഞ്ഞു പിരിയുന്ന സഹ യാത്രികരെ പൊലെയാണ് നാം ….ഇല്ലേ?