2014, ജൂൺ 24, ചൊവ്വാഴ്ച


പ്രിയപ്പെട്ട അശ്വതിക്ക്,
നീ മരണത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?.....ഉണ്ടാവും, ജീവിതത്തിൽ മരണത്തെ കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലാത്തവരായി ആരുണ്ട്?
എനിക്കിപ്പോൾ മരണത്തെ കുറിച്ച് ചിന്തിക്കാൻ അതിനെ പറ്റി എഴുതാൻ യാതൊരു പേടിയും ഇല്ല....കാരണമെന്തെന്നോ...
മരണം എന്നു പറഞ്ഞാൽ എങ്ങനെയായിരിക്കുമെന്നു എനിക്കിപ്പോൾ നല്ല നിശ്ചയമുണ്ട്..ഒരിക്കലും ഉണരാത്ത ഉറക്കം..
ഇന്നിപ്പോൾ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ചിന്തിക്കും...നാളെ രാവിലെ 6 മണിക്കു ഉണരണം, നാളെ ഫോൺ ബില്ല് അടക്കണം, ബാങ്കിൽ പോവണം...ഒരു നൂറു കൂട്ടം പ്രതീക്ഷകളോടേ നം ഉറങ്ങുന്നു. രാവിലെ ഉണരുകയും ചെയ്യുന്നു....
എന്നാൽ, മരണം എന്നു പറഞ്ഞാൽ നാളെയെകുറിച്ചുള്ള പ്രതീക്ഷകളോ കണക്കു കൂട്ടലുകളോ ഒന്നുമില്ലാതെയുള്ള ഉറങ്ങാൻ കിടക്കലാണു...ഒരിക്കലും ഉണരാൻ വേണ്ടിയല്ലാതെയുള്ള ആ കിടത്തത്തിൽ നാളെയേകുറിച്ചുള്ള പ്രതീക്ഷകൾക്ക് സ്ഥാനമില്ല..
എന്നാൽ, ചിലർ പുനർ ജന്മം എന്ന ചില സങ്കല്പങ്ങളൊക്കെ വെച്ചു പുലർത്തുന്നുണ്ട്...അടുത്ത ജന്മത്തിലെങ്കിലും എനിക്കു അങ്ങനെയാവണം ഇങ്ങനെയാവണം എന്നൊക്കെയുള്ള പ്രത്യാശകൾ..
അശ്വതിക്ക് അങ്ങനെ വല്ല ആഗ്രഹങ്ങളുമുണ്ടോ?
ഉണ്ടെങ്കിൽ, അടുത്ത ജന്മത്തിൽ ആരാവണമെന്നാണാഗ്രഹം?
ഇപ്പോൾ എന്റെ പ്രധാന വിനോദം ഉറക്കമാണു, പകൽ സമയങ്ങളിൽ മണിക്കൂറുകളോളം ഉറങ്ങും...ഇടയ്ക്കു, അപ്രതീക്ഷിതമായി ഫോൺ ബെല്ല് മുഴങ്ങുമ്പോൾ ഞെട്ടിയുണരും..
ഏകാന്തതയെ വിട്ട് ഞാനിപ്പോൾ ഉറക്കവുമായി പ്രണയത്തിലായിരിക്കുന്നു....
രാത്രികളിൽ ഉറങ്ങാതെയിരിക്കാനാണു എനിക്കിഷ്ടം...എന്നിട്ട് പകൽ സമയങ്ങളിൽ ഉറങ്ങുക..പണ്ടുള്ളവർ പരയും, പകൽ സമയങ്ങളിലാണു ഉറങ്ങുമ്പോൾ വേണ്ടാത്ത സ്വപ്നങ്ങൾ കാണുകയെന്നു..എന്നാൽ എനിക്കു നേരെ തിരിച്ചാണു, പകൽ സമയങ്ങളിൽ യാതൊരു പേടിയുമില്ലാതെ മനോഹരമായ സ്വപ്നങ്ങൾ കണ്ട് എത്ര വേണമെങ്കിലും ഉറങ്ങാൻ കഴിയും.
എന്നാൽ രാത്രിയാണെങ്കിൽ ഉറങ്ങുമ്പോൾ പേടിയാണു..കള്ളൻ കയറൂമോ, ഭൂകമ്പമുണ്ടാകുമോ....എല്ലാം രാത്രിയാണല്ലൊ അധികവും സംഭവിക്കുന്നതു..മാത്രവുമല്ല, രാത്രി ഉറങ്ങുമ്പോൾ ഭീകരമായ സ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുന്നു...അതുകൊണ്ടൊക്കെത്തന്നെ രാത്രികാലങ്ങളിൽ അധികസമയവും ഉറക്കമിളച്ച് കിടക്കാനാണു ഞാനിഷ്ടപെടുന്നതു..എന്നിട്ട് ആ ഉറക്കം കൂടി പകൽ സമയങ്ങളിൽ ഉറങ്ങിത്തീർക്കുക...
ഉറക്കത്തെ ഞാൻ മെല്ലെ മെല്ലെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു..ഉറക്കത്തിൽ നാം ഒന്നും ഓർക്കുന്നില്ല.. എല്ലാം മറക്കാൻ, എല്ലാ ടെൻഷനുകളീൽ നിന്നും വിടുതൽ നേടാൻ ഉറങ്ങുക.. ആ ഉറക്കത്തിൽ സുന്ദരമായ സ്വപ്നങ്ങൾ എനിക്കു കൂട്ടിനു വരുന്നു...പക്ഷേ, ഇടയ്ക്കു അപ്രതീക്ഷിതമായി കടന്നു വരുന്ന വിളികൾ, ഫോൺ ബെല്ലുകൾ, പോസ്റ്റ് മേൻ.....ഇവരൊക്കെ ആ ഉറക്കത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ സ്വപനങ്ങളെ ശിഥിലമാക്കികളയുന്നു..
ഉറക്കം ഇഷ്ടപ്പെടുന്ന എനിക്കു മരണത്തെ, ഒരിക്കലും ഉണരാത്ത ഉറക്കത്തെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല...ചിലപ്പോഴെങ്കിലും ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ ആഗ്രഹിച്ചുപോയിട്ടുണ്ട്, ഇനിയൊരിക്കലും ഉണരാതിരുന്നെങ്കിലെന്നു!
അതു കൊണ്ടുതന്നെ, മരണത്തെ എനിക്കു യാതൊരു പേടിയുമില്ല..നല്ല നല്ല സ്വപ്നങ്ങൾ....ഒരിക്കലും അവസാനിക്കാത്ത സ്വപ്നങ്ങൾ...ആ സ്വപ്നങ്ങളിൽ നീയും ഞാനും, നാം ഇഷ്ടപ്പെടുന്ന നമ്മെ ഇഷ്ടപ്പെടുന്ന നമ്മുടെ ചുരുക്കം ചില കൂട്ടുകാർ, പരിചയക്കാർ...ആ സ്വപ്ന ലോകത്ത് വിലക്കുകളില്ല, സമൂഹമില്ല...ബന്ധനങ്ങളില്ല...ഒരിക്കലും അവസാനിക്കാത്ത ഒരു സിനിമ പോലെയുള്ള ആ സ്വപ്നങ്ങളിൽ നീയെനിക്കു കൂട്ടിനുണ്ടെങ്കിൽ മരണത്തെ, ഒരിക്കലും ഉണരാത്ത ഉറക്കത്തെ ഞാനെന്തിനു ഭയക്കണം, ഇല്ലെ അശ്വതി?

അഭിപ്രായങ്ങളൊന്നുമില്ല: