2015, ജൂൺ 13, ശനിയാഴ്‌ച

മൌനത്തെ കുറിച്ചു പണ്ടു ഞാൻ നിനക്കെഴുതിയിരുന്നു..
നീ, ഓർക്കുന്നുവോ?
മൌനം സവിഷാദ മധുരസ്മൃതികളുടെ അയവിറക്കലാണെന്നും സ്നേഹത്തിന്റെ ഏറ്റവും ശക്തമായ സംവേദനമാർഗ്ഗമാണെന്നൊക്കെ.....
മനുഷ്യൻ സംവേദനമാർഗ്ഗമായി ഭാഷ കണ്ടുപിടിച്ചു...വിവിധ ഭാഷകളിലൂടെ, സംജ്ഞകളിലൂടെ അവൻ തമ്മിൽ സംവദിക്കുന്നു. എന്നാൽ, ഭാഷകളുടെ പരാജയത്തിന്റെ പ്രതീകമാണു മൌനം...അതുകൊണ്ടു കൂടിയാണു “അർത്ഥഗർഭമായ മൌനം” എന്നൊക്കെ എഴുത്തുകാർ എഴുതിവിടുന്നതു...
മൌനം എന്നാൽ നാം ഒന്നും മിണ്ടാതിരിക്കുന്ന അവസ്ഥയെയാണല്ലൊ വിവക്ഷിക്കുന്നതു. ‘ശൂന്യം’ അഥവാ ഒന്നുമില്ല എന്നതിനെ സൂചിപ്പിക്കാൻ ഗണിത ശാസ്ത്രത്തിൽ പൂജ്യം(0) എന്ന ചിഹ്നം ഉപയോഗിക്കുന്നതു പോലെയാണു, ഭാഷയിൽ, ഒന്നും ശബ്ദിക്കാത്ത അവസ്ഥയെ മൌനം എന്ന പദം കൊണ്ടു സൂചിപ്പിക്കുന്നതു.
ഗണിത ശാസ്ത്രത്തിൽ ഒന്നുമില്ല എന്നതിനെ സൂചിപ്പിക്കാൻ പൂജ്യം(0) എന്നെഴുതുമ്പോൾ അവിടെ ഒരു വട്ടം അടയാളം ഇടേണ്ടിവരുന്നു...അതായതു, ഒന്നുമില്ല എന്നു കാണിക്കാനും എന്തെങ്കിലും ചിഹ്നം ഉണ്ട്..എന്നുള്ള ആ അവസ്ഥ: എന്തു വിരോധാഭാസം ഇല്ലേ? അതു പോലെയാണു, ഭാഷകളിൽ മൌനം എന്ന വാക്കും!
ചില എഴുത്തുകാർ തങ്ങളുടെ രചനകളിൽ, നായിക: മൌനം...എന്നെഴുതുന്നതായി കാണാം..മൌനജാഥ സിന്ദാബാദ് എന്നു വിളിക്കുന്നതു പോലെ അരോചകമാണിതു.
ഒരാൾ നിശ്ശബ്ദനായിരിക്കുകയാണെങ്കിൽ, ഒന്നും മിണ്ടാതിരിക്കുകയേ നിവൃത്തിയുള്ളൂ...അല്ലാതെ ഞാൻ മൌനത്തിലാണെന്നു പറയാൻ കഴിയുകയില്ലല്ലോ!
അതു കൊണ്ട്, ഭാഷകളുടെ പരാജയമായി മൌനത്തെ കരുതാം...മൌനം എന്ന വാക്ക് കേൾക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന അർത്ഥബോധത്തേക്കാൾ എത്രയോ വലുതാണു, സംവദിച്ചു കൊണ്ടിരിക്കേ നമ്മുടെ സുഹൃത്തോ മറ്റോ പെട്ടെന്നു മൌനം പാലിക്കുമ്പോൾ നമുക്കനുഭവപ്പെടുന്നതു.
എന്തിനിപ്പോൾ വീണ്ടും ഞാൻ മൌനത്തെ കുറിച്ചെഴുതിയെന്നാവും നീ ചിന്തിക്കുന്നത്...കാരണമുണ്ട്.....
പണ്ടൊരിക്കൽ ഞാൻ ഇതുപോലെ മൌനത്തെ കുറിച്ച് ഉപന്യസിച്ചതു, എന്റെ തുടർച്ചയായ എഴുത്തുകൾക്ക് നീ മറുപടി അയക്കാതിരുന്നപ്പോഴായിരുന്നു..
“എന്റെ നീണ്ട മൌനങ്ങൾക്കും നിങ്ങളുടെ ക്ഷമയെ തോല്പിക്കാൻ കഴിയാത്തതിൽ ദു:ഖിക്കുന്നു” എന്നെഴുതിക്കൊണ്ടായിരുന്നു അന്നു നീ നിന്റെ മൌനം ഭഞ്ജിച്ചതു...
ഇപ്പോൾ, നീ വീണ്ടും പഴയതു പോലെ മൌനവ്രതത്തിലാണെന്നു തോന്നുന്നു..
അർത്ഥപൂർണമായ നിന്റെ മൌനത്തിന്റെ നാനാർത്ഥങ്ങൾ തിരിച്ചറിയാൻ എനിക്കു കഴിയും...നീ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങൾ, വീർപ്പുമുട്ടലുകൾ, നിസ്സഹായത...എല്ലാം ഞാൻ മനസ്സിലാക്കുന്നു...
“ കാറ്റ് പൂക്കളോട് പറഞ്ഞു:
വെറുതേ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാർവട്ടങ്ങളും
സ്നേഹം ചിരിയിലൊതുക്കുന്നു....
ആ പുഞ്ചിരിയിൽ വേദനയാണെന്നോ
................................................
കണ്ണുകൾ കൊണ്ടെന്നെ മുറിപ്പെടുത്താതെ
നിഷേധത്തിനിനി അർത്ഥമില്ല: ഞാൻ
സമ്മതിക്കുന്നു
എനിക്കു തെറ്റു പറ്റി“

അഭിപ്രായങ്ങളൊന്നുമില്ല: