2015, ജൂൺ 14, ഞായറാഴ്‌ച

അശ്വതിക്ക്,
ഞാൻ നിന്നെ കുറിച്ച് ഓർക്കുന്നതു പോലെ ഒരു പക്ഷേ, നീയും എന്നെ കുറിച്ച് ഓർക്കാറുണ്ടായിരിക്കണം....എപ്പോഴുമില്ലെങ്കിലും, വല്ലപ്പോഴും...വല്ല ആനുകാലികങ്ങളും മറിച്ചിടുമ്പോൾ, അതിൽ എന്റെ വല്ല കവിതയോ, കഥയോ ഉണ്ടോ എന്ന് നീ ധൃതിയിൽ മറിച്ചിട്ടു നോക്കാറുണ്ടോ? ഞാൻ നോക്കാറുണ്ട്, അവയിൽ നിന്റെ വല്ല കവിതയോ കഥയോ ഉണ്ടോ എന്ന്... അതു കൊണ്ട് ചോദിച്ചതാണു....
അഥവാ, അങ്ങനെ നോക്കുമ്പോൾ അവയിൽ എന്റെ പേരു കാണാതെ വരുമ്പോൾ, ഒരു പക്ഷേ, നീ നിന്നോട് തന്നെ ചോദിച്ചു കാണും?
ഈ മനുഷ്യനു എന്തു പറ്റി? ഇപ്പോൾ ഒന്നും എഴുതാറില്ലേ?
സത്യമാണു, എന്നെ അറിയുന്ന ചിലരെങ്കിലും ആ ചോദ്യം ചോദിക്കാറുണ്ട്....ഇതാ, ഇപ്പോൾ ഈയടുത്ത കാലത്തായി ഞാൻ തന്നെ എന്നോട് ചോദിച്ചു തുടങ്ങിയിരിക്കുന്നു....എനിക്കെന്താണു പറ്റിയതു? എന്തു കൊണ്ടാണു ഞാൻ ഗൌരവമായി ഒന്നും ചെയ്യാത്തതു?
കാരണമുണ്ട്, ഇന്ന് എന്റെ മനസ്സ് ഒരു ചില്ലു പാത്രം പോലെയാണു..ഉള്ളിലുള്ളത് മുഴുവൻ പുറത്ത് കാണാം..ആ ചില്ലു പാത്രം നിറയെ വൈവിധ്യമാർന്ന പലതും കാണാം..അതിൽ കവിതകളുണ്ട്, കഥകളുണ്ട്, മുത്തുകൾ പോലെ ചിതറിക്കിടക്കുന്ന ഓർമ്മകളുണ്ട്, ദു:ഖങ്ങളുണ്ട്, സ്വകാര്യമായ ചില നൊമ്പരങ്ങളുണ്ട്....കുറേ നഷ്ട സ്വപ്നങ്ങളും വിഫലമായ മോഹങ്ങളും...പിന്നേയും പലതുമുണ്ട്....
ആ ചില്ലു പാത്രം വളരെ മുമ്പു ഞാൻ തന്നെ ഭദ്രമായി അടച്ചു വെച്ചതാണു....അതു കൊണ്ടു തന്നെ, ഒന്നും പുറത്തെടുക്കാൻ പറ്റില്ല......
ആ ചില്ലു പാത്രത്തിന്റെ അടപ്പു തുറക്കാൻ ആരെങ്കിലും വരുമെന്ന നേരിയൊരു പ്രതീക്ഷ മാത്രം....കാത്തിരിക്കുന്നു...
ഒരു പക്ഷേ, ആരും വന്നില്ലെന്നും വരാം...കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ചിലപ്പോൾ ആ ചില്ലു പാത്രംതകർന്നു പോയെന്നും വരാം...അങ്ങനെയാവുമ്പോൾ അതിലെ കഥകളും കവിതകളും നിലത്തു വീണു പിടഞ്ഞു ചാവും..ശേഷിക്കുന്നത്, നിർജ്ജീവങ്ങളായ കുറേ ഓർമ്മകളൂം മൌന നൊമ്പരങ്ങളും മാത്രം.......
"If thou speakest not, I will fill my heart with thy silence and endure it. I will keep still and wait like the night with starry vigil and its head bent low with patience.
The morning will sure come, the darkness will vanish, and, thy voice pour down in golden streams breaking through the sky"
- Gitanjali

അഭിപ്രായങ്ങളൊന്നുമില്ല: