2008, ഫെബ്രുവരി 16, ശനിയാഴ്‌ച

സ്നേഹപൂര്‍വ്വം‌

സ്‌നേഹപൂർവ്വം

പ്രിയപ്പെട്ട അശ്വതിക്ക്,
വ്യഥിതമായ സ്വപ്നങ്ങളുടെ തിരയിളക്കത്താല്‍ അസ്വസ്ഥമായ മനസ്സുമായി , പ്രിയപ്പെട്ട പെണ്‍‌കുട്ടി, നിനക്കുവേണ്ടി മൗനത്തിന്‍‌റ്റെ നാനാര്‍ത്ഥങ്ങള്‍ തേടുന്ന വാക്കുകള്‍ അടുക്കിവെച്ച് തികച്ചും‌ അപൂര്‍ണ്ണമായ അര്‍ത്ഥതലങ്ങള്‍ തേടുന്ന വരികളാല്‍ ഞാനിതാ ഇത്രയും‌ കുറിക്കുന്നു....
"തന്നതില്ല പരനുള്ളു കാട്ടുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയിതപൂര്‍ണ്ണമിങ്ങഹോ
വന്നു പോം പിഴയുമര്‍ത്ഥശങ്കയാല്‍"
നളിനിയിലെ ഈ വരികള്‍ എന്തിനിവിടെ കുറിച്ചുവെന്നോ?പെട്ടെന്ന്,ഒരു ദിവസം നിന്നോട് യാത്ര പോലും പറയാതെ കാമ്പസ്സിന്‍‌റ്റെ പടിയിറങ്ങിപ്പോന്ന നിന്‍‌റ്റെയീ പ്രിയപ്പെട്ട എഴുത്തുകാരനെ ഒരിക്കലെങ്കിലും നീ മനസ്സാ ശപിച്ചുകാണും.....! ഒരു പക്ഷേ, നീയിപ്പോഴും ഓര്‍ക്കുന്നുണ്ടാവും....കോളെജിനു മുമ്പിലെ ആ ബസ് സ്റ്റോപ്പില്‍ ബസു കാത്തെന്ന വ്യാജേന വെറുതേയിരുന്നു സമയം കളഞഞ ആ സായാഹ്നങ്ങള്‍...റോഡിന്‍‌റ്റെ ഒരു വശത്ത് വടകരയ്ക്കു ബസു കാത്ത് നീയും നിന്‍‌റ്റെ രണ്ടു കൂട്ടുകാരികളും....ഇങ്ങേ ഓരത്ത് ചായക്കടയ്ക്കടുത്തായി ടെലിഫോണ്‍ പോസ്റ്റും ചാരി ഞാനും.... ഒട്ടനവധി ബസ്സുകള്‍ വന്നു നിന്നിട്ടും അതിലൊന്നും കയറാതെ എത്രയോ നേരം നാം വെറുതേ സമയം കളഞ്ഞിരുന്ന ആ സായാഹ്നത്തിന്‍‌റ്റെ ഓര്‍മ്മ...ആ ഓര്‍മ്മകളുണര്‍ത്തുന്ന ഒരു നേര്‍ത്ത വിഷാദം...എത്ര മധുരമുള്ളതായിരുന്നു ആ ദിനങ്ങള്‍...ഇല്ലേ? മാച്ചിനാരികുന്നിനെ ചൂഴ്ന്നു നില്‍ക്കുന്ന ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന അന്നത്തെ നീളമേറിയ പകലുകളില്‍ നാം സം‌വദിച്ചിരുന്നതു മൗനത്തിന്‍‌റ്റെ ഭാഷയിലായിരുന്നെന്നോ?...."മൗനം സവിഷാദ സ്മൃതികളുടെ അയവിറക്കലാണെന്നു" അന്നു നീ ഏതോ കവിതയില്‍ വീമ്പു പറഞ്ഞിരുന്നു...എന്തൊക്കെ മണ്ടന്‍ സാഹിത്യങ്ങളാണ് അന്നു നാം കുത്തികുറിച്ചിരുന്നത്...നിന്‍‌റ്റെ വിരസമായ കവിതകള്‍ക്കു ചെവി തരാതിരിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല...കവിതകളും മണ്ടന്‍സാഹിത്യങ്ങളും നിറഞ്ഞ ആ നല്ല നാളുകള്‍ ...മനസ്സു തുറന്നു ചിരിച്ചിട്ടു എത്ര നാളുകളായിരിക്കുന്നു...ഇല്ലേ? ഏതാണ്ട് നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, "ഐശ്വര്യ" ബസില്‍ യാത്ര ചെയ്യുമ്പോള്‍ വഴിക്കു കൈനാട്ടി ബസ് സ്റ്റോപ്പില്‍ വടകരയ്ക്കുള്ള ബസ്സു കാത്ത് നില്‍ക്കുന്ന നിന്നെ കാണാന്‍ കഴിഞ്ഞത് ഒരു നിമിത്തമാണെന്നു കരുതട്ടെ...പക്ഷേ, ബസിലിരുന്നു ഞാന്‍ കൈ വീശിയെങ്കിലും നീ എന്നെ ശ്രദ്ധിച്ചതേയില്ല..നിന്‍‌റ്റെ ശ്രദ്ധ മറ്റെങ്ങോ ആയിരുന്നു... ഒരു ഭൗതിക ശാസ്ത്ര വിദ്യാര്‍തഥിനിയായിരുന്ന നീ "സംഭാവ്യതകളുടെ ശാസ്ത്രം" (Probability Theory) പഠിക്കാഞ്ഞതുകൊണ്ടായിരിക്കം ആ വഴിയില്‍ ഞാന്‍ യാത്ര ചെയ്യുവാനുള്ള കുറഞ്ഞ സാധ്യത പോലും നീ തള്ളികളഞ്ഞത്...ഇല്ലേ?പിന്നീടെപ്പോഴൊ നീ തെക്കന്‍ കേരളത്തിലെ ഏതോ ഒരു നസ്രാണി കോളേജില്‍ physics ല്‍ ബിരുദാനന്തരബിരുദത്തിനു പഠിക്കുകയാണെന്നു "ആരോ പറഞ്ഞ്" ഞാന്‍ അറിഞ്ഞു.... "ആരോ പറഞ്ഞ്" എന്നു ഞാന്‍ പൂച്ചമാന്തി(Quotation Mark)യിട്ട് എഴുതിയത് നീ ശ്രദ്ധിച്ചു കാണുമല്ലോ.....എല്ലാം ഞാന്‍ ആരോ പറഞ്ഞ് അറിയേണ്ടിയിരിക്കുന്നു ഇല്ലേ? അത്രയ്ക്കും ഞാന്‍ നിനക്ക് അന്യനായെന്നൊ കുട്ടീ...? ഒരു വിധി വിസ്വാസിയായ നിനക്ക് അതിനെ വേണമെങ്കില്‍ വിധി,നിയോഗം......എന്നൊക്കെ പറഞ്ഞ് ആശ്വസിക്കാം.....അന്നൊരിക്കല്‍ നീ പറഞ്ഞത് ഞാനോര്‍ക്കുന്നു......നിനക്ക് മന:ശാസ്ത്രം ഇഷ്ടമായിരുന്നുവെന്ന്....M.A Psychology പഠിക്കാനാഗ്രഹിച്ച നീ M.Sc Physics പഠിക്കുന്നതും Fate.....അല്ലാതെ മറ്റെന്താണ്.... പിന്നീട്, മൂന്നാലു മാസങ്ങള്‍ക്കു മുമ്പ് നീ ഒരു ഫൂട് വേര്‍ ഷോപ്പിലേക്ക് കയറിപ്പോകുന്നത് ഞാന്‍ കണ്ടിരുന്നു.....അന്നു നീ സാരിയൊക്കെയുടുത്ത് വളരെ ഗമയിലായിരുന്നു....ഒരു ടീച്ചറുടെ എല്ലാ ഗൗരവവും നിന്‍‌റ്റെ മുഖത്തുണ്ടായിരുന്നു ....ബിരുദാനന്തരബിരുദവും ടീച്ചിങ് ബിരുദവും കഴിഞ്ഞ് നീയിപ്പോള്‍ ഏതെങ്കിലും ഹയര്‍സെക്കണ്ടറി സ്കൂളില്‍ ടീച്ചറായി ജോയീന്‍ ചെയ്തു കാണും...അന്നു നിന്നെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ടു ഞാന്‍ ഒരു ഹോട്ടലിലേക്കു കയറീയൊളിക്കുകയായിരുന്നു ഞാന്‍ ചെയ്തത്.... കാരണമുണ്ടു, ബുദ്ധിജീവി....ജീനിയസ് എന്നൊക്കെയാണല്ലോ അന്നു നീ എന്നെ വിശേഷിപ്പിച്ചിരുന്നത്...എന്നാല്‍ നിനക്കറിയ്വോ ഞാനിന്ന് എവിടെയുമെത്തിയില്ല...പ്രിയപ്പെട്ട കൂട്ടുകാരി ഞാനിന്നു കവിയോ കലാകാരനോ അല്ല.....എവിടെയൊക്കെയോ പിഴച്ചുപോയി ജീവിതത്തില്‍ ഒന്നുമാകാത്ത ഞാനെങ്ങനെയാണ് കുട്ടി, നിന്നെ അഭിമുഖീകരിക്കേണ്ടത്....?" ഹായ്! ഇപ്പോള്‍ എന്തു ചെയ്യുന്നു?" എന്ന നിന്‍‌റ്റെ ചോദ്യത്തിനു മറുപടിയായി എന്നില്‍ ഒരു ഉത്തരവിമില്ല...... ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു.....ജീവിതത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്‍ധിതനായി എന്നു പറയുന്നതാവും ശരി....പരിചയക്കാരെ കാണുമ്പോള്‍ ഞാന്‍ അപരിചിതത്വം നടിക്കുന്നു...സഹപാഠികളെ കാണുമ്പോള്‍ ഞാന്‍ തിരിഞ്ഞു നടക്കുന്നു.കാരണം അവരുചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ വയ്യാഞ്ഞിട്ടു തന്നെ.....അതുകൊണ്ടു തന്നെ അപരിചിതമായ നാട്ടിലേക്കു കുടിയേറണമെന്നുണ്ടു...അവിടെ തന്നെ അറിയുന്നവര്‍ ആരും തന്നെയുണ്ടാവരുത് ....സൗഹൃദങ്ങള്‍....ബന്ധങ്ങള്‍...പരിചയങ്ങള്‍...എല്ലാം വെറുത്തു തുടങ്ങിയിരിക്കുന്നു.......സഹൃദങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞുപോവുന്നു...പണമില്ല,ജോലിയില്ല,സ്നേഹിക്കാനോ വിശ്വസിക്കാനോ കൊള്ളാത്തവന്‍..അത്തരം ആളുകളുമായി ആരാണ് സൗഹൃദം തുടരുന്നത്? നഷ്ടങ്ങളുടെ ബാക്കിപത്രമായ ഒരു ജീവിതം...........പ്രിയമിത്രമേ നീ എഴുതിയത് എത്ര ശരിയാണ്....എന്തിനോ വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യനും എന്തും അറിയാന്‍ അഭിവാഞ്ചയുള്ള ഒരു സമൂഹവും!

2 അഭിപ്രായങ്ങൾ:

akberbooks പറഞ്ഞു...

ജീവിതം...........പ്രിയമിത്രമേ നീ എഴുതിയത് എത്ര ശരിയാണ്....എന്തിനോ വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യനും എന്തും അറിയാന്‍ അഭിവാഞ്ചയുള്ള ഒരു സമൂഹവും!
ഇതുതന്നെ ധാരാളം

akberbooks പറഞ്ഞു...

ജീവിതം...........പ്രിയമിത്രമേ നീ എഴുതിയത് എത്ര ശരിയാണ്....എന്തിനോ വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യനും എന്തും അറിയാന്‍ അഭിവാഞ്ചയുള്ള ഒരു സമൂഹവും!
ഇതുതന്നെ ധാരാളം