2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച



പ്രിയ സ്നേഹിതാ,
ഇന്നു ഞാൻ ഏറെ സന്തോഷവാനാണു.....
കാരണം, ഇരുപതു വർഷം കടന്നുപോയിരിക്കുന്നു.....
എന്നിട്ടും അന്നു, നാം ഒരുമിച്ചു മടപ്പള്ളി കോളേജിൽ പഠിച്ചിരുന്ന കാലത്തെന്ന പോലെ തന്നെ വടകര പുതിയ ബസ് സ്റ്റാന്റിൽ പോലീസ് എയ്ഡ്സ് പോസ്റ്റിനടുത്തു മുൻ നിശ്ചയ പ്രകാരം എന്നെ കാത്തു നില്ക്കുകയും ഏറെ നേരം പഴയ അതേ സുധീഷിനോട് അന്നത്തെ ശ്രീജിത്തിനെ പോലെ തന്നെ സംസാരിക്കാനും സ്റ്റാന്റിലും റയിൽ വെ സ്റ്റേഷനിലെ തിണ്ണയിൽ ഇരുന്നു സംവദിക്കാൻ കഴിയുക.....അതു വളരെ ചുരുക്കം ചില സൌഹൃദങ്ങൾക്കു മാത്രമെ കഴിയു......
അന്നു, പക്ഷേ ഇന്നത്തെ പോലെ വാട്സ് അപ്പിലെ മെസേജു പോലെ അല്ലായിരുന്നു, 15 പൈസയുടെ പോസ്റ്റ് കാർഡിൽ അന്നു പ്രദർശിപ്പിച്ചിരുന്ന ഏതെങ്കിലും സിനിമയുടെ പോസ്റ്റർ ഇന്ത്യൻ ഇങ്കും മാർകറുപയോഗിച്ചു വരച്ച് പുറകിൽ ഒരു സന്ദേശം അടുത്ത ഞായറാഴ്ച മുനിസിപൽ പാർകിൽ 2 മണിക്കു കാണാംഎന്നു കുറിക്കും....നാം ഒത്തു കൂടും...രാഷ്ട്രീയം മുതൽ ഫിലോസഫി, റേഡിയോ നാടകവാരത്തിലെ നാടകങ്ങളുടെ വിലയിരുത്തൽ......അങ്ങനെ പോവുന്നു.....അവധികാലങ്ങളിൽ 75 പൈസയുടെ ഇൻലൻഡ് ലെറ്റർ......അതിൽ എല്ലാമുണ്ട്, സ്വകാര്യ ദു:ഖങ്ങൾ, പ്രണയം, ഒരിക്കലും സഫലമല്ലാത്ത എന്നർത്ഥത്തിൽ താൻ പ്ലൂട്ടോണിക് എന്നും ഞാൻ പ്ലാറ്റോണിക്കെന്നും വിളിച്ച ആ അനശ്വര പ്രണയങ്ങൾ.....അയച്ചവയിലേറെയും അയക്കാതെ സൂക്ഷിച്ചവയാണെന്നും പോസ്റ്റ് കാർഡുകളും എഴുത്തുകളും  നീയും(ഞാനും) ഇപ്പോഴും സൂക്ഷിച്ചു വെക്കുന്നുവെന്നും ഇടയ്ക്കു എടുത്തു വായിക്കാറുണ്ടെന്നും.......
നാം രണ്ടുപേരും ബി.എസ്.സി കണക്കു പഠിക്കാനായിരുന്നു ചേർന്നിരുന്നതു, ഇടയ്ക്കു താൻ ഭൌതിക ശാസ്ത്രം തെരഞ്ഞെടുത്തു അതിലേക്കു ചേക്കേറിയെങ്കിലും നമുക്കിടയിൽ കണക്കോ വലുതു ഫിസിക്സോ വലുതു എന്ന ചോദ്യം ഇടയ്ക്കു കടന്നു വന്നിരുന്നു...
ഇന്നിപ്പോൾ കണക്കു പഠിച്ച എന്റെ, ജീവിതത്തിലെ ചില കണക്കു കൂട്ടലുകൾ പിഴച്ചെങ്കിലും.... ഭൌതിക ശാസ്ത്രം പഠിച്ച തന്റെ ഭൌതിക സാഹചര്യങ്ങൾ അത്ര കണ്ട് മെച്ചപെട്ടില്ലെങ്കിലും ഇന്നും ആ പഴയ ആദർശങ്ങളിൽ ഉറച്ചു നില്കാനും അന്നത്തെ അതേ വീറും വാശിയുമോടെ ജീവിതത്തിന്റെ ഓരോ സന്നിഗ്ദ്ധ നിമിഷങ്ങളിൽ പതറാതെ നില്കാനും അതെ സൌഹൃദം നിലനിർത്താനും വേറിട്ട വഴികളെ കുറിച്ചു......അതെ, സുഹൃത്തെ സ്റ്റേഷനിൽ നിന്നും പിരിയുമ്പോഴും നാം എത്തിച്ചേർന്ന ആ തീരുമാനം, ഒരു തിരുത്തലിനു സമയമായിരിക്കുന്നു........കേരളത്തിലെ രാഷ്ട്രീയ സ്ഥിതിവിശേഷം....അധികാരം സ്ഥാപിക്കാനോ, എം.എൽ.എ യോ മന്ത്രിയോ ആവാനല്ല, പക്ഷേ, അഴിമതികൾക്കെതിരെ, സ്വജന പക്ഷപാതത്തിനെതിരേ, അധികാരത്തിന്റെ എറ്റവും ദുഷിച്ച അവസ്ഥയിൽ നിന്നും ഒരു മോചനം......അതേ, നാം ഓരോരുത്തരും തന്നോടുതന്നെ ചോദിക്കുക....
നാം, തെരഞ്ഞെടുത്തവർ, നമ്മുടെ നികുതിപ്പണം തിന്നു കൊഴുക്കുന്നവർ കാട്ടികൂട്ടിയ വിക്രിയകൾ...ഡെൽ ഹിയിൽ ഒരു പെൺകുട്ടി മാനഭംഗത്തിനിരയായപ്പോൾ, അവിടെയുള്ള യുവാക്കൾ, സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തയ്യറായി...ഇവിടെ, ജനാധിപത്യം, സഭയ്ക്കകത്ത് ബലാൽസംഘം ചെയ്യപ്പെട്ടിട്ടും നമുക്കു തെരുവിലിറങ്ങി പ്രതിഷേധിക്കാൻ കഴിയാത്തത്രയും രാഷ്ട്രീയ അന്ധതയുള്ളവരാണോ നാം, മലയാളികൾ?

അഭിപ്രായങ്ങളൊന്നുമില്ല: