2016, ജനുവരി 13, ബുധനാഴ്‌ച

പണ്ട് ജോലി തെണ്ടി നടന്ന അതേ നഗരങ്ങളിലൂടെ, അതിലെ ഊടു വഴികളിലൂടെ, ഫുട്പാത്തുകളിലൂടെ കാഴ്ചകൾ കണ്ട് വെറുതേ അലഞ്ഞു നടക്കുക എന്നത് ഇന്നും എന്റെ ഒരു നേരമ്പോക്കാണു.....എത്ര കിലോമീറ്ററുകളും വേണമെങ്കിൽ വെയിലും കൊണ്ട് നടക്കാൻ ഇന്നും മടിയില്ല...വേണമെങ്കിൽ ഒരു ടാക്സി വിളിക്കാം...ഓട്ടോയിൽ കറങ്ങാം...അതിനുള്ള സാമ്പത്തിക സ്ഥിതിയൊക്കെ ഇന്നുണ്ട്....എങ്കിലും....തിരക്കില്ലാത്ത സന്ദർഭങ്ങളിൽ നടത്തം തന്നെയാണു പ്രധാന ഹോബി....
മുംബൈ, ബാംഗ്ലൂർ, മൈസൂർ, മദ്രാസ്, തിരുവനന്തപുരം, ത്രിശ്ശിവപേരൂർ, ഏറണാകുളം....
പക്ഷേ, അന്നും ഇന്നും എനിക്കേറ്റവും ഇഷ്ടം തലശ്ശേരിയിലെ സായാഹ്നങ്ങൾ തന്നെ...
ഇന്ന്, പതിവു പോലെയുള്ള നടത്തത്തിനിടയ്ക്കാണു എതിർവശത്തെ കൂറ്റൻ കെട്ടിടത്തിനു കീഴിൽ നിന്നും ഒരാൾ വിളിക്കുന്നു....ഒരു വലിയ എൻ ട്രെൻസ് കോച്ചിങ്ങ് സെന്റർ ആണു ആ കെട്ടിടത്തിൽ...
പണ്ട്, എം. എസ്.സി ക്കു ഒപ്പം പഠിച്ച ഒരു ഇഷ്ടൻ...പേരു പറയുന്നില്ല...
സർക്കാർ ജോലിയുണ്ട്, ഇത് സൈഡാണു.....ഇഷ്ടൻ ആകെ തടിച്ച് ചീർത്തിരിക്കുന്നു....
താഴെ, അവന്റെ കാ....ർ പരസ്യത്തിൽ പറഞ്ഞപോലെ തന്നെ എ ബിഗ് കാ...ർ തുറന്നു അതിൽ നിന്നും ലഞ്ച് ബോക്സ് എടുത്ത് എന്നോട് കുശലം പറഞ്ഞ് തിരിച്ചു സ്ഥാപനത്തിലേക്കു തന്നെ കയറി പോയി....
അഞ്ചു ദിവസം സർക്കാർ ജോലി, ഈവനിങ്ങ്, മോർണിങ്ങ് ട്യൂഷൻ, ശനി, ഞായർ എൻ ട്രൻസ് കോച്ചിങ്ങ്.....
ഞാൻ അവന്റെ ഭാര്യയേയും കുട്ടികളേയും കുറിച്ചാണു പെട്ടെന്ന് ഓർത്തു പോയത്......
ഈ പണമൊക്കെ എപ്പോഴാണു അവൻ ചിലവഴിക്കുന്നുണ്ടാവുക......
ഒരു സർക്കാരുദ്യോഗസ്ഥനു മാന്യമായി ജീവിക്കാനുള്ള ശംബളം സർകാർ നല്കുന്നില്ലേ.....എന്റെ ഒരു എളിയ സംശയം മാത്രമാണു......
വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ഞാൻ എന്റെ ഭാര്യയോട് ചോദിച്ചു.....
അല്ലെടോ...മ്മക്കും ഒരു കാറൊക്കെ വാങ്ങേണ്ടേ.....
ഉം കാ.....റു.....മര്യാദക്കൊരു സാരിയില്ല ഉടുക്കാൻ....
പെട്ടെന്ന് അങ്ങനെ പറഞ്ഞെങ്കിലും, എനിക്കറിയാം...
അവൾ ശീലിച്ചിരിക്കുന്നു....കഴിഞ്ഞ ആറേഴു വർഷം കൊണ്ട് ഒരു പ്രാരബ്ദങ്ങളുള്ള ഒരു സർകാരുദ്യോഗസ്ഥന്റെ ഉത്തമ ഭാര്യയായി....ഇല്ലായ്മകളോട് സമരസപ്പെട്ടു ജീവിക്കാൻ.....ബസ്സിലെ തിക്കിലും തിരക്കിലും യാത്ര ചെയ്യാനും ചെറിയ ദൂരങ്ങളിൽ എന്നോടൊപ്പം നടക്കാനും...ജീവിതത്തിന്റെ വലിയ ദൂരങ്ങൾ ഒത്തൊരുമിച്ചു താണ്ടാനും!

അഭിപ്രായങ്ങളൊന്നുമില്ല: