2008, ജനുവരി 30, ബുധനാഴ്‌ച

മാധ്യമ സംസ്കാരം


മാധ്യമ സംസ്കാരം

കഴിഞ്ഞ കുറേ ദിവസങ്ങളായി എന്തെങ്കിലുമൊക്കെ ഗൌരവമായി ത്തന്നെ എഴുതാന്‍ ശ്രമിക്കുന്നു……..പക്ഷേ എന്തോ ഒരു നിസംഗത എന്‍റ്റെ മനസ്സിനെ പിടികൂടിയിരിക്കുന്നു. എന്തിനെഴുതണം? ആര്‍ക്കുവേണ്ടി എഴുതുന്നു.?നാം എഴുതുന്നതു പ്രസിദ്ധീകരിക്കാന്‍ തയ്യാറുള്ള മാധ്യമങ്ങള്‍ ഇന്നില്ലല്ലോ… നോക്കൂ ഇന്ന് നമ്മു
ടെ നാട്ടിലെ പത്ര മാധ്യമങ്ങളുടെയൊക്കെ ചുക്കാന്‍ പിടിക്കുന്നത് ഒന്നുകില്‍ രാഷ്ട്രീയ കോമരങ്ങള്‍….അതുമല്ലെങ്കില്‍ വ്യവസായ ഭീമന്‍മാര്‍……( ക്ഷമിക്കണം ,”വ്യവസായ കീചകന്‍മാര്‍” എന്നതാണു ശരി…….കാരണം, ഭീമന്‍ ഒരു നല്ല കഥാപാത്രമാണെന്നാണല്ലൊ നമ്മുടെ എം. ടി തന്‍റ്റെ “രണ്ടാമൂഴ” ത്തില്‍ പറഞ്ഞു വെച്ചിരിക്കുന്നത്)ചില പത്രമുടമകളായ രാഷ്ട്രിയക്കാര്‍ തങ്ങളുടെ പടങ്ങള്‍,കൂലിക്കാളെ വെച്ചു എഴുതിക്കുന്ന തങ്ങളുടെ ലേഖനങ്ങള്‍, തങ്ങള്‍ക്കു ലഭിക്കുന്ന അവാര്‍ഡുദാനങ്ങളുടെ പടങ്ങള്‍ എന്നിവ കുത്തി നിറക്കാന്‍ വേണ്ടി പത്രം നടത്തുന്നു………അവയില്‍ ഒന്നാം പേജില്‍ അടിച്ചു വരുന്നതോ “തുലാഭാര” കഥകളും!മറ്റുചിലരുണ്ട്, അവര്‍ തങ്ങളുടെ മക്കളെയാണു പത്രങ്ങളിലും ചാനലുകളിലും തിരുകിക്കയറ്റുന്നത്….അതില്‍ രാഷ്ട്രിയക്കാരും ചില പ്രമുഖരായ സാംസ്കാരിക നായകന്‍മാരും കാണും……( അതോ സാംസ്കാരിക വില്ലന്മാരോ എന്നു വായനക്കാര്‍ തീരുമാനിക്കുക) കൂട്ടത്തില്‍ സാഹിത്യകാരന്മാരും പുറകിലല്ല. വ്യവസായികള്‍,അവരുടെ ബന്ധുക്കള്‍,മന്ത്രിമക്കള്‍,സാംസ്കാരിക വില്ലന്മാര്‍…..അവരുടെ ചര്‍ച്ച,സംവാദങ്ങള്‍,……..അന്യോന്യമുള്ള വാക്പയറ്റുകള്‍….ഹോ! നമ്മുടെ ഒരു മാധ്യമ സംസ്കാരം……. ഇവിടെ , അരപട്ടിണിക്കാരന്‍റ്റെ വിലാപങ്ങളൂം , തല ചായ്ക്കാനിടമില്ലാത്തവന്റ്റെ രോഷ പ്രകടനങ്ങളും പ്രതിഷേധങ്ങളും അവര്‍ തങ്ങളുടെ ചാനലുകളുടേയും പത്രങ്ങളൂടേയും വിപണനത്തിനു വേണ്ടി പരസ്യങ്ങളുടെ ഭാഗമാക്കിതീര്‍ക്കുന്നു……കാരണം ആ വാര്‍ത്തകള്‍ക്കുമുണ്ട് ഏതെങ്കിലും ബഹുരാഷ്ട്ര കുത്തകള്‍ പ്രയോക്താക്കളായി……. ഇവിടെ , സാധാരണക്കാരന്റ്റെ പ്രശ്നങ്ങളും, അവന്‍ അനുഭവിക്കുന്ന പ്രതിസന്ധികളും തുറന്നു കാണിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ പരാജയപ്പെടുന്നു. തംബോലകളോ, സമ്മാന മഴയോ, ഇന്‍ഷുറന്‍സോ ബിസിനസ്സോ ഒന്നുമല്ല അവനു വേണ്ടത്…….അടുത്ത വീട്ടിലെ അര്‍ദ്ധപട്ടിണിക്കാരന്റ്റെ ദു:ഖവും, തൊഴിലില്ലാതെ അലയുന്ന അഭ്യസ്ത വിദ്യന്റ്റെ പ്രയാസവും തിരിച്ചറിയാന്‍ കഴിയാത്ത മലയാളിയിന്ന് സീരിയലുകളിലെ നായകന്റ്റേയും നായികയുടേയും അന്ത്:സംഘര്‍ഷങ്ങളില്‍ വീര്‍പ്പുമുട്ടുന്നു……… പത്രം വാങ്ങുന്നത് സമ്മാനമോ മറ്റെന്തെങ്കിലും ആനുകൂല്യമോ ലഭിക്കാന് ‍വേണ്ടി മാത്രമാകുന്നു…..ഇവിടെ എഴുത്തുകാരന്‍ എന്തിനേ കുറിച്ചെഴുതേണ്ടിയിരിക്കുന്നു…അധികാര വര്‍ഗ്ഗത്തിനോ അവരെ താങ്ങി നിര്‍ത്തുന്ന ബഹുജനങ്ങള്‍ക്കോ വേദനിക്കുന്നവരുടേയും ദുരിതബാധിതരുടേയും പ്രശ്നങ്ങള്‍ കേള്‍ക്കാനോ അവയെ കുറിച്ച് വായിച്ചറിയാനോ നേരമില്ല.മാധ്യമങ്ങള്‍ ഇന്നു നിലനില്ക്കുന്നതു പരസ്യങ്ങലിലൂടെ മാത്രമാണ്……ബഹുരാഷ്ട്ര കുത്തകളുടെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനമാണ് അവരുടെ നിലനില്പ്…… അവരുടെ പരസ്യങ്ങള്‍ക്കു പ്രയോജനപ്പെടാന്‍ വേണ്ടി മാത്രമാണ് ഇന്നു ചാനലുകളില്‍ പരിപാടികള്‍ നിര്‍മ്മിക്കപെടുന്നത്… കിടപ്പാടത്തിനു വേണ്ടി കുടി വെള്ളത്തിനു വേണ്ടീ ഒരു നേരത്തെ ആഹാരത്തിനു വേണ്ടീ സമരം ചെയ്യുമ്പോള്‍ അവ “ലൈവായി” സം‌പ്രേക്ഷണം ചെയ്യുമ്പോള്‍ അവയ്ക്കിടയില്‍ അവരുടേ കിടപ്പാടം നഷ്ടപ്പെടുതിയ കൈയ്യേറ്റക്കാരുടേയും, കുടിവെള്ളം വറ്റിച്ച ബഹുരാഷ്ട്ര ഭീമന്മാരുടെയും അത്യാകര്‍ഷകങ്ങളായ പരസ്യങ്ങള്‍ തിരുകി ചേര്‍ക്കുന്ന മാധ്യമ സമ്സ്കാരം പ്രകീര്‍ത്തിക്കപ്പെടേണ്ടതു തന്നെയാണ്……… ഞാന്‍ ഈ എഴുതുന്നതൊന്നും നമ്മുടെ മാധ്യമങ്ങള്‍ പ്രസിദ്ധികരിക്കില്ലെന്നറിയാം……..എങ്കിലും എഴുതാതിരിക്കാന്‍ ആവുന്നില്ല…….കാരണമുണ്ട്….എന്റ്റെ മനസ്സില്‍ ഇന്നും മായാത്ത ഒരു മുഖമുണ്ട്..തന്റ്റെ മകനെ രാഷ്ട്രിയ കോമരങ്ങളുടെ ഒത്താശയോടെ കാക്കിയുടുപ്പണീഞ്ഞ ചില കിരാതന്മാര്‍ ഉരുട്ടിയും ചവുട്ടിയും കൊന്ന് ഒടുവില്‍ മൃതദേഹം പോലും അവശേഷിപ്പിക്കാതെ എവിടെയോ വലിച്ചെറിഞ്ഞപ്പോഴും ദു:ഖം മുഴുവനും കടിച്ചമര്‍ത്തി വളരെ നിസംഗമമായ മുഖഭാവത്തോടെ നില്ക്കുന്ന ഒരു പിതാവിന്റ്റെ ദയനീയ ചിത്രം കണ്ടിരുന്നു പത്രത്താളുകളില്‍… മറക്കാനാവില്ല ആ മുഖം.....ഒരിക്കലും……… ആ പിതാവിനു‍ തനിക്കു നഷ്ടപ്പെട്ട മകനെ തിരിച്ചു നല്കാന്‍ ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങള്‍ക്കോ , നിയമ വ്യവസ്ഥയ്ക്കോ അവരുടെയൊക്കെ കോപ്രായങ്ങള്‍ എഴുതി നിറയ്ക്കുന്ന പത്ര മാധ്യമങ്ങള്‍ക്കോ കഴിയില്ല………….പക്ഷേ , ഇവിടെ ഇന്ന് അവശേഷിക്കുന്ന സ്വതന്ത്രമായും നേര്‍വഴിക്കും ചിന്തിക്കുന്ന യുവജനങ്ങള്‍ക്ക് കഴിയും ആ പിതാവിനെ സാന്ത്വനപെടുത്തുവാന്‍………പിതാവേ, അങ്ങയുടെ മകന്‍ ഇതാ ഞങ്ങളിലൂടെ പുനര്‍ജ്ജനിക്കുന്നു…….. “ അധികാര കേന്ദ്രങ്ങളുടെയും തുരുമ്പെടുത്തു നശിച്ച നീതിനിറ്വ്വഹണത്തിന്റ്റെ ഉരുക്കുചട്ടകളുടേയും ചിതളെടുത്ത നിയമ സംഹിതകളുടേയും അനീതികള്ക്കെതിരെ ശബ്ദിക്കുന്ന ഈ യുവതലമുറയിലൂടെ ഇതാ അങ്ങയുടെ മകന്‍ ജീവിക്കുന്നു………“

2 അഭിപ്രായങ്ങൾ:

ഗീത പറഞ്ഞു...

“ എന്തിനെഴുതണം? ആര്‍ക്കുവേണ്ടി എഴുതുന്നു.?നാം എഴുതുന്നതു പ്രസിദ്ധീകരിക്കാന്‍ തയ്യാറുള്ള മാധ്യമങ്ങള്‍ ഇന്നില്ലല്ലോ…“

ഇനിയീ നിരാശയ്ക്ക് പ്രസക്തിയില്ല. കാരണം ബൂലോകമില്ലേ? ബൂലോകരില്ലേ ?

പ്രസിദ്ധീകരിക്കാനായി, വായിക്കാനായി?

അതിനാല്‍ നിസ്സംഗതയുടെ തോടു പൊളിച്ച് പുറത്തുവരൂ....
മനസ്സിലുള്ളതെല്ലാം എഴുതൂ.....

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

അതേ ചേച്ചി, ബൂലോകവുമില്ലെങ്കില്‍ ഞാന്‍ പണ്ടെ ഈ എഴുത്തു നിര്‍ത്തി വല്ല ആധാരമെഴുത്തിനെങ്കിലും പോയേനെ......